സ്വന്തം ലേഖകൻ

December 15, 2019, 10:43 pm

മോഡീ ജയം സംശയനിഴലില്‍; 347 ലോക്‌സഭാ മണ്ഡലങ്ങളിൽ പോൾ ചെയ്ത വോട്ടുകളിലും എണ്ണിയ വോട്ടുകളിലും പൊരുത്തക്കേട്

Janayugom Online

ന്യൂൂഡൽഹി: പോൾ ചെയ്ത വോട്ടുകളിലും എണ്ണിയതിലും കണ്ടെത്തിയ പൊരുത്തക്കേടിൽ തെരഞ്ഞെടുപ്പ് കമ്മിഷനോട് വിശദീകരണം തേടി സുപ്രീം കോടതി. 2019ലെ പൊതുതെരഞ്ഞെടുപ്പിൽ 347 മണ്ഡലങ്ങളിൽ പോൾ ചെയ്ത വോട്ടുകളുടെ എണ്ണത്തിലും എണ്ണി തിട്ടപ്പെടുത്തിയ വോട്ടുകളും തമ്മിൽ പൊരുത്തക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി രണ്ട് സന്നദ്ധ സംഘടനകൾ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് തെരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് അയച്ചത്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റീഫോംസ്, കോമൺ കോസ് എന്നീ സംഘടനകളാണ് കോടതിയെ സമീപിച്ചത്.

പോൾ ചെയ്ത വോട്ടുകൾ, എണ്ണിയ വോട്ടുകൾ എന്നിവയിലെ വ്യത്യാസം ചൂണ്ടിക്കാണിച്ചപ്പോൾതന്നെ ഇത് സംബന്ധിച്ച വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിൽ നിന്നും ഒഴിവാക്കിയതായി പരാതിയിൽ പറയുന്നു. ഇത് ഗുരുതരമായ ക്രമക്കേടാണ് ചൂണ്ടിക്കാണിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ് സൈറ്റിലെ എണ്ണവും മൈ വോട്ടേഴ്സ് ടേൺഔട്ട് ആപ്പിലെ എണ്ണവും തമ്മിലും വ്യത്യാസം കണ്ടെത്തിയിരുന്നു. ഒരു വോട്ട് മുതൽ 1,01,323 വോട്ടുകളുടെ വ്യത്യാസമാണ് കണ്ടെത്തിയത്. ആറ് ലോക്‌സഭാ മണ്ഡലങ്ങളിൽ ഭൂൂരിപക്ഷത്തേക്കാൾ കൂടുതൽ വോട്ടുകളുടെ വ്യത്യാസമുണ്ട്. മൊത്തം 7,39,104 വോട്ടുകളുടെ ക്രമക്കേടാണ് കണ്ടെത്തിയത്. പോൾ ചെയ്ത വോട്ടുകളുടെ എണ്ണത്തിലും എണ്ണിയ വോട്ടുകളും തമ്മിൽ വ്യക്തമായ വിലയിരുത്തൽ നടത്തിയ ശേഷമാകണം അന്തിമ ഫലം പ്രഖ്യാപിക്കേണ്ടതെന്നാണ് സുപ്രീം കോടതി നിർദ്ദേശം.

you may also like this video;

രാജ്യത്ത് നടക്കുന്ന തെരഞ്ഞെടുപ്പ് സംബന്ധിച്ച വ്യക്തമായ വിവരങ്ങളും കണക്കുകളും നൽകാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ ബാധ്യസ്ഥമാണ്. എണ്ണത്തിലെ വ്യത്യാസം സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ വളരെ അവ്യക്തമായ വിശദീകരണമാണ് നൽകിയത്. പലപ്പോഴും വോട്ടെണ്ണലിനിടെ ഗുരുതരമായ വീഴ്ച്ചകൾ കമ്മിഷന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതായും നേരത്തെ വിലയിരുത്തിയിരുന്നു. പൊരുത്തക്കേടുകൾ അവ്യക്തമാണെന്നായിരുന്നു ജൂൺ ഒന്നിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ വിശദീകരണം.

കൃത്യമായ കണക്കുകൾ പൊതുസമക്ഷം നൽകാനും കമ്മിഷന് കഴിഞ്ഞില്ല. ഫലം വേഗതയിൽ പ്രസിദ്ധീകരിക്കുന്നത് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ കൃത്യതയ്ക്കും ധാർമ്മികതയ്ക്കും മുകളിലല്ലെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഫലം പ്രഖ്യാപിക്കാനുള്ള തിടുക്കത്തിൽ എണ്ണുന്ന വേളയിലുൾപ്പെടെ ഗുരുതരമായ പല കുറവുകളും ശ്രദ്ധിക്കപ്പെടാതെ പോകുന്നതായും ഹർജിയിൽ പറയുന്നു.