പിഎം കെയേഴ്സിലേക്ക് സംഭാവനകൾ കുറയുന്നു

പ്രത്യേക ലേഖകൻ

ന്യൂഡൽഹി

Posted on May 28, 2020, 9:55 pm

കൊറോണ പ്രതിസന്ധി മറികടക്കുന്നതിന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ സംവിധാനത്തെ നോക്കുകുത്തിയാക്കി മോഡി സർക്കാർ ആരംഭിച്ച പിഎം കെയേഴ്സ് പദ്ധതിയിലേക്കുള്ള സംഭാവനകൾ ഗണ്യമായി കുറയുന്നു. പിഎം കെയേഴ്സ് ഫണ്ട് ആരംഭിച്ച മാർച്ച് 28 ന് തുടങ്ങിയ ഒരാഴ്ച്ചക്കിടെ 6,500 കോടി രൂപയാണ് സംഭാവനയായി എത്തിയത്. മെയ് മൂന്നാമത്തെ ആഴ്ച്ചയിലെ കണക്കുകൾ പ്രകാരം മൊത്തം സംഭാവന 10,000 കോടി രൂപയാണ്. കോർപ്പറേറ്റുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കേന്ദ്ര മന്ത്രാലയങ്ങൾ, വിവിധ വകുപ്പുകൾ എന്നിവിടങ്ങളിൽ നിന്നാണ് വൻതുക സംഭാവനയായി എത്തിയത്.

ഊർജ്ജ മന്ത്രാലയം ഏപ്രിൽ മൂന്നിന് 925 കോടി രൂപയാണ് സംഭാവന ചെയ്തത്. ഒഎൻജിസി, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം എന്നീ സ്ഥാപനങ്ങൾ ആയിരത്തിലധികം കോടി രൂപ സംഭാവന ചെയ്തു. രാസവള മന്ത്രാലയത്തിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ ഏപ്രിൽ ഒന്നിന് 32 കോടി രൂപ സംഭാവന ചെയ്തു. തുറമുഖങ്ങൾ, ഷിപ്പിങ് മന്ത്രാലയത്തിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ ഏപ്രിൽ ആറിന് 52 കോടി രൂപ നൽകി. പൊതുമേഖലാ ബാങ്കുകൾ, എൽഐസി എന്നിവ സംയുക്തമായി 430 കോടി രൂപ നൽകി. എന്നാൽ ഇപ്പോൾ പിഎം കെയേഴ്സ് ഫണ്ടിലേക്കുള്ള സംഭാവനകളുടെ തോത് കുറയുന്നതായി ദി പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നു.

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ ഒഴിവാക്കി കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള നടപടികൾക്കായാണ് പ്രധാനമന്ത്രി ചെയർമാനായി പിഎം കെയേഴ്സ് ഫണ്ട് രൂപീകരിച്ചത്. അപ്പോൾ മുതൽ ഫണ്ടിന്റെ സുതാര്യത സംബന്ധിച്ച നിരവധി ആക്ഷേപങ്ങളാണ് ഇടതുപാർട്ടികൾ ഉൾപ്പെടെയുള്ള പ്രതിപക്ഷവും പൊതുസമൂഹവും ഉന്നയിച്ചിരുന്നത്. എന്നാൽ ഇതിന് വ്യക്തമായ വിശദീകരണം നൽകാൻ അധികൃതർ തയ്യാറായില്ല. സിഎജി ഓഡിറ്റിൽ നിന്നും പിഎം കെയേഴ്സ് ഫണ്ടിനെ ഒഴിവാക്കിയതും സംശയം വർധിപ്പിച്ചു.
മെയ് 13 ന് കുടിയേറ്റ തൊഴിലാളികൾക്കായുള്ള പദ്ധതികൾക്കും വെന്റിലേറ്ററുകൾ വാങ്ങുന്നതിനും വാക്സിൻ വികസിപ്പിക്കുന്ന പ്രവർത്തനങ്ങൾക്കുമായി 3100 കോടി രൂപ അനുവദിച്ചു. 2,000 കോടി രൂപ വെന്റിലേറ്ററുകൾ വാങ്ങുന്നതിനാണ് അനുവദിച്ചത്. ആയിരം കോടി രൂപ കുടിയേറ്റ തൊഴിലാളികളെ നാട്ടിൽ എത്തിക്കുന്നതിനായി അനുവദിച്ചു. 100 കോടി രൂപ പ്രതിരോധ കുത്തിവയ്പ്പ് വികസിപ്പിക്കുന്നതിനായി അനുവദിച്ചു. എന്നാൽ ഇതിന്റെ തുടർനടപടികളും തൽസ്ഥിതിയും സംബന്ധിച്ച കാര്യങ്ങളോട് പ്രതികരിക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറായില്ല.

Eng­lish sum­ma­ry; Con­tri­bu­tions to PM care are declin­ing

you may also like this video;