29 March 2024, Friday

Related news

March 27, 2024
February 23, 2024
February 20, 2024
February 13, 2024
February 1, 2024
January 31, 2024
January 24, 2024
December 31, 2023
December 28, 2023
December 24, 2023

ആലുവയിലെ വിവാദ സിഐ സ്ഥിരം പ്രശ്നക്കാരന്‍

ബേബി ആലുവ
കൊച്ചി
November 25, 2021 10:28 pm

ആലുവയിൽ നിയമ വിദ്യാർത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥനെതിരെ പുറത്തു വരുന്നത് പൊതുവെ പ്രശ്നക്കാരനെന്ന റിപ്പോർട്ടുകൾ. സിഐക്കെതിരെ പരാതിയുമായി ആലുവയിൽത്തന്നെ മറ്റൊരു യുവതി കൂടി രംഗത്തെത്തി. പണത്തിനു വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്തയാൾ എന്നാണ്, ആലുവ സിഐ സി എൽ സുധീറിനെതിരെ പുതുതായി രംഗത്തെത്തിയ ഭർതൃമതിയായ യുവതിയുടെ കുറ്റപ്പെടുത്തൽ. ഭർത്താവിന്റെ പീഡനത്തിന്റെ ഫലമായി കയ്യും കാലും ഒടിഞ്ഞ്, ദേഹമാസകലം സിഗററ്റുകൊണ്ടുള്ള പൊള്ളലേറ്റ് ഒരാഴ്ച ആശുപത്രിയിൽ കഴിഞ്ഞ ശേഷം പരാതിയുമായി സ്റ്റേഷനിൽ ചെന്നപ്പോൾ, പരാതി രേഖപ്പെടുത്താൻ പോലും തയാറാകാതെ അവഹേളിക്കുകയും മാനസിക രോഗിയായി ചിത്രീകരിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. മോശപ്പെട്ട വാക്കുകളുപയോഗിച്ച് തന്നെ സംബോധന ചെയ്തെന്ന ഗുരുതരമായ ആക്ഷേപവും യുവതി നിരത്തുന്നുണ്ട്.

സിഐയും ഭർത്താവും ചേർന്ന് കേസ് തേച്ചുമാച്ചുകളഞ്ഞു. ഇന്ന് മൊഫിയയുടെ പേരാണ് കേൾക്കുന്നതെങ്കിൽ നാളെ തന്റെ പേരും കേൾക്കേണ്ടതായി വരുമെന്നും ഒരു പ്രാദേശിക ചാനലിനോട് യുവതി പറഞ്ഞു. കോളിളക്കം സൃഷ്ടിച്ച കൊല്ലം ഉത്ര വധക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സുധീർ ഗുരുതരമായ വീഴ്ച വരുത്തിയതിന്റെ പേരിലാണ് സ്ഥലം മാറ്റപ്പെട്ട് ആലുവയില്‍ എത്തിയത്. അഞ്ചൽ സിഐയായിരിക്കെ 2020 ജൂണിൽ അഞ്ചൽ ഇടമുളയ്ക്കലിൽ ദമ്പതികളുടെ മരണവുമായി ബന്ധപ്പെട്ടും ഇയാളുടെ പേരില്‍ ആരോപണങ്ങള്‍ വന്നിരുന്നു. ഇൻക്വസ്റ്റ് റിപ്പോർട്ടിൽ ഒപ്പിടാൻ മൃതദേഹങ്ങൾ സ്റ്റേഷനിൽ നിന്നു കിലോമീറ്ററുകൾ അകലെയുള്ള തന്റെ വീട്ടിലെത്തിക്കണമെന്നു നിർബന്ധം പിടിച്ചെന്നായിരുന്നു ആരോപണം. കീഴുദ്യോഗസ്ഥരും മരിച്ചവരുടെ ബന്ധുക്കളും അപ്രകാരം ചെയ്തതിനു ശേഷമായിരുന്നു ഇൻക്വസ്റ്റ് റിപ്പോർട്ടിൽ സിഐ ഒപ്പിട്ടത്.

അഞ്ചൽ സ്റ്റേഷനിൽ പരാതിയുമായി ചെന്ന മറുനാടൻ തൊഴിലാളിയെക്കൊണ്ട് വീട്ടുജോലി ചെയ്യിച്ചെന്ന ആക്ഷേപവും ഇയാ ൾക്കെതിരെ ഉയർന്നിരുന്നു. ആദ്യ രണ്ടു സംഭവങ്ങളിൽ സുധീറിനെതിരെ വകുപ്പുതല അന്വേഷണം നടക്കുകയും വീഴ്ച തെളിയുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് ആദ്യം മറ്റൊരിടത്തേക്കും പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പായി എറണാകുളം റൂറലിലേക്കും സ്ഥലം മാറ്റമായത്. ഗുരുതരമായ കൃത്യവിലോപം തെളിഞ്ഞ രണ്ടു സംഭവങ്ങളിലും സ്ഥലം മാറ്റമല്ലാതെ തക്കതായ വകുപ്പുതല നടപടികളുണ്ടാകാതിരുന്നതാണ് അത്തരം പ്രവൃത്തികൾ ആവർത്തിക്കാൻ ഈ ഉദ്യോഗസ്ഥനു സഹായകമാവുന്നതെന്നാണ് സഹപ്രവർത്തകർക്കിടയിലെ സംസാരം. ആലുവ സംഭവത്തിലും ഇയാൾക്കെതിരെ വന്ന നടപടി പൊലീസ് ആസ്ഥാനത്തേക്കുള്ള സ്ഥലം മാറ്റമാണ്. ഇതിനിടെ, മകളുടെ ആത്മഹത്യയ്ക്കു പിന്നാലെ, താനും മകൾക്കു കൂട്ടു പോവുകയാണെന്ന മൊഫിയയുടെ പിതാവ് ദില്‍ഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ് വീട്ടുകാരെയും ബന്ധുക്കളെയും സംഭ്രാന്തരാക്കിയിട്ടുണ്ട്. മറ്റൊരു ആഘാതം കൂടി താങ്ങാൻ കഴിയാത്ത സ്ഥിതിയിലാണ് മൊഫിയയുടെ കുടുംബം.

eng­lish sum­ma­ry; Con­tro­ver­sial CI in Alu­va is a con­stant troublemaker

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.