മാസ്‍ക് ധരിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ ഇരിക്കട്ടെ ‘നടുവിരൽ’; വിവാദമായി ജർമ്മനിയുടെ മുന്നറിയിപ്പ്

Web Desk
Posted on October 17, 2020, 10:17 am

കോവിഡ് ദിവസേന വർധിക്കുന്ന സാഹചര്യത്തിൽ മാസ്ക് ധരിക്കാൻ തയ്യാറാകാത്തവരെ പരിഹസിച്ച് ജർമ്മൻ ടൂറിസം അതോറിറ്റി തയ്യാറാക്കിയ കാമ്പെയ്ൻ വിവാദത്തിൽ. മാസ്ക് ധരിക്കാത്തവരെ പരിഹസിച്ച് ‘നടുവിരൽ’ ഉയർത്തിക്കാട്ടുന്ന ഒരു സ്ത്രീയുടെ ചിത്രമാണ് കാമ്പെയ്ൻ്റെ ഭാഗമായി ബെർലിൻ ടൂറിസം വകുപ്പ് അധികൃതർ പുറത്തുവിട്ടത്.

മാസ്ക് ധരിക്കാത്തവരെ ലക്ഷ്യംവെച്ചുള്ള കാബെയ്ൻ ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായതോടെ വിവാദങ്ങളും തലപൊക്കി. മാസ്ക് ധരിച്ച പ്രായമായ സ്ത്രീയാണ് ചിത്രത്തിലുള്ളത്. എന്നാൽ സ്ത്രീയുടെ പരസ്യത്തെ ആളുകൾ തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് ടൂറിസം വകുപ്പ് വ്യക്തമാക്കി.

പരസ്യത്തിനെതിരെ വിമർശനം ശക്തമായതോടെ പൊലീസിൽ പരാതി നൽകിയെന്ന് ബെർലിൻ സെനറ്റ് അംഗം മാർസെൽ ലൂഥെ വ്യക്തമാക്കി. “ടൂറിസം വകുപ്പിൻ്റെ പരസ്യത്തെക്കുറിച്ച് താൻ പോലീസിന് പരാതി നൽകിയിട്ടുണ്ട്. മാസ്ക് ധരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന കൊച്ചു കുട്ടികൾ, മറ്റ് ആരോഗ്യ പ്രശ്നങ്ങളുള്ളവർ എന്നിവരെ പരിഹസിക്കുന്നതിന് തുല്യമാണ് ഈ ചിത്രം” — എന്ന് അവർ പറഞ്ഞു.

കൊറോണ വൈറസ് വ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെയുള്ള കാമ്പെയ്ൻ്റെ ഭാഗമായിട്ടാണ് സ്ത്രീയുടെ ചിത്രം പുറത്തുവിട്ടതെന്ന് അധികൃതർ പറഞ്ഞു. പ്രായമായവരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും, കോവിഡ് നിയന്ത്രണങ്ങളും നിർദേശങ്ങളും ജനങ്ങൾ പാലിക്കണമെന്ന അവബോധം വളർത്തുന്നതിനുമാണ് ഇത്തരമൊരു കാമ്പെയ്ൻ നടത്തിയതെന്നും ടൂറിസം വകുപ്പ് പറഞ്ഞു.

Eng­lish summary;Controversial Ger­man warn­ing

You may also like this video;