പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നടപടിയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയതിന് നിയമ വിദ്യാർത്ഥിനിയെ കൊൽക്കത്ത പൊലീസ് അറസ്റ്റ് ചെയ്തു. പൂനെയിൽ നിന്നുള്ള നിയമ വിദ്യാർത്ഥിനി ഷർമിഷ്ഠ പനോലിയെയാണ്(22) ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്ന് കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒരു പ്രത്യേക മതസമൂഹത്തെ ലക്ഷ്യമിട്ട് അവഹേളനപരവും അനാദരവുള്ളതുമായ പരാമർശങ്ങൾ അടങ്ങിയ വീഡിയോ യുവതി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ഈ വീഡിയോ പെട്ടെന്ന് വൈറലാവുകയും വലിയ തോതിലുള്ള പ്രതിഷേധങ്ങൾക്ക് വഴിവെക്കുകയും ചെയ്തു. തുടര്‍ന്ന് ശത്രുത വളർത്തൽ, മതവികാരം വ്രണപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരം ഷർമിഷ്ഠ പനോലിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയുമായിരുന്നു.
ഷർമിഷ്ഠ പനോലിക്ക് വക്കീൽ നോട്ടീസ് നൽകാൻ നിരവധി ശ്രമങ്ങൾ നടന്നെങ്കിലും അവരെയും കുടുംബത്തെയും കണ്ടെത്താനായില്ല. ഈ ശ്രമങ്ങൾ പരാജയപ്പെട്ടതിനെത്തുടർന്ന് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. തുടർന്ന് പോലീസ് ഗുരുഗ്രാമിൽ നിന്ന് ശർമിഷ്ടയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം, പ്രതിഷേധത്തെ തുടർന്ന് ഷർമിഷ്ഠ പനോലി സോഷ്യൽ മീഡിയ വഴി പരസ്യമായി ക്ഷമാപണം നടത്തിയിരുന്നു. “പറഞ്ഞത് തന്റെ വ്യക്തിപരമായ വികാരങ്ങളാണെന്നും ആരെയും വേദനിപ്പിക്കാൻ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലെന്നും ആർക്കെങ്കിലും വേദനയുണ്ടായിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു” എന്നും ഷർമിഷ്ഠ എക്സിൽ കുറിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.