മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ മറ്റന്നാള്‍ വിരമിക്കുന്നത് വിവാദം ബാക്കിയാക്കി.
തെരഞ്ഞെടുപ്പ് ക്രമക്കേട് സംബന്ധിച്ചുള്ള പരാതികളിലും, ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിലും നടപടി സ്വീകരിക്കാന്‍ മടിച്ചുവെന്ന ആരോപണമാണ് മുഖ്യമായും രാജീവ് കുമാറിനെതിരെയുള്ളത്.
ലോക്‌സഭാ — നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പോളിങ് ശതമാനത്തിലെ അന്തരം, ഇലക്ട്രോണിക്സ് വോട്ടിങ് മെഷീനിലെ അട്ടിമറി സാധ്യത എന്നിവയിലും രാജീവ് കുമാര്‍ മൗനം പാലിച്ചു. 1984ലെ ബിഹാര്‍ കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന രാജീവ് കുമാര്‍ ആറുവര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയാണ് വിരമിക്കാനൊരുങ്ങുന്നത്. ഇദ്ദേഹം ചുമതലയേറ്റതിനു ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും കൃത്രിമം നടന്നുവെന്ന പ്രതിപക്ഷ ആരോപണത്തിന് തക്കതായ വിശദീകരണം നല്‍കുന്നതിലും കമ്മിഷന്‍ പരാജയപ്പെട്ടു.
ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലടക്കം വോട്ടര്‍മാരെ പൊലീസ് ഭീഷണിപ്പെടുത്തി തിരിച്ചയച്ച സംഭവത്തിലും കമ്മിഷന്‍ അനങ്ങിയില്ല. നരേന്ദ്ര മോഡി അടക്കമുള്ള ഉന്നത ബിജെപി നേതാക്കളുടെ പെരുമാറ്റച്ചട്ട ലംഘനം കണ്ടില്ലെന്ന് നടിച്ച കമ്മിഷന്‍, പ്രതിപക്ഷ നേതാക്കള്‍ക്ക് സമന്‍സ് അയയ്ക്കുന്നതില്‍ ജാഗ്രത കാട്ടി. മോഡിയുടെ വിദ്വേഷ പ്രസംഗത്തിലും നടപടി സ്വീകരിക്കാന്‍ മുതിര്‍ന്നില്ല. ഇവിഎം സംവിധാനം അട്ടിമറിക്കാന്‍ സാധിക്കുമെന്ന വാദം സുപ്രീം കോടതിയില്‍ കമ്മിഷന്‍ നിരാകരിച്ചു. പേപ്പര്‍ ബാലറ്റ് സംവിധാനം തിരികെ കൊണ്ടുവരണമെന്ന പ്രതിപക്ഷ ആവശ്യവും ചെവിക്കൊള്ളാന്‍ മടിച്ചു.
മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണറെ തെരഞ്ഞെടുക്കുന്ന സമിതിയില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി നിയമം ഭേദഗതി ചെയ്തത് പരമോന്നത കോടതിയില്‍ ചോദ്യംചെയ്യപ്പെട്ടിരിക്കുകയാണ്. ഹര്‍ജിയില്‍ അന്തിമ വിധി വരും മുമ്പ് ഇഷ്ടക്കാരനെ പ്രതിഷ്ഠിക്കാനുള്ള വ്യഗ്രതയിലാണ് കേന്ദ്ര സര്‍ക്കാര്‍. നിലവിലെ കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെ മുഖ്യ കമ്മിഷണറായി ഉയര്‍ത്തുമെന്നാണ് വിവരം. 2029 ജനുവരി 26 വരെയാണ് ഗ്യാനേഷ് കുമാറിന്റെ കാലാവധി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.