ആദ്യ ദിനം ആഘോഷമാക്കി കര്‍ണാടക- ലക്ഷം രൂപയ്ക്ക് വരെ മദ്യം വാങ്ങി പുലിവാല് പിടിച്ച് മദ്യപര്‍, പിന്നാലെ വിവാദവും കേസും

Web Desk
Posted on May 05, 2020, 1:16 pm

ലോക്ക് ഡൗണ്‍ കാലയളവില്‍ മദ്യംകിട്ടാതെ വലഞ്ഞ കുറേയധികമാളുകള്‍ക്ക് ആശ്വാസം പകരുന്ന നടപടിയായിരുന്നു ഏട്ട് സംസ്ഥാനങ്ങള്‍ മദ്യശാലകള്‍ തുറക്കാന്‍ തീരുമാനിച്ചത്. വ്യാജമദ്യത്തിന്റെയും വാറ്റിന്റെയും നിര്‍മ്മാണം വ്യപകമാവുകയും എക്സൈസിനും പൊലീസിനും തലവേദനയാവുകയും ചെയ്തിരുന്നു. എന്നാല്‍ മൂന്നാംഘട്ടത്തിലേക്ക് ലോക്ക് ഡൗണ്‍ കടന്നതോടെ മദ്യവില്‍പ്പനശാലകള്‍ തുറക്കാമെന്ന കേന്ദ്ര ഇളവ് ആഘോഷമാക്കിമാറ്റുകയായിരുന്നു ആളുകള്‍. 1500 മദ്യഷോപ്പുകള്‍ തുറന്ന കര്‍ണാടകയില്‍ ആദ്യദിനം വിറ്റത് 12.4 ലക്ഷം ലിറ്റര്‍ മദ്യമാണ് ഏകദേശം 45 കോടി രൂപയുടെ മദ്യം. രാവിലെ മുതല്‍ ഉച്ചവരെ ആയപ്പോഴേക്കും 16,000 ലിറ്റര്‍ മദ്യം വിറ്റതായാണ് കണക്കുകള്‍.

ഒടുവില്‍ മദ്യശാലകള്‍ തുറന്നത് ആഘോഷമാക്കിമാറ്റിയതോടെ ചട്ടലംഘനത്തില്‍ പെട്ടിരിക്കുകയാണ് പരിതിയില്‍ കൂടുതല്‍ മദ്യം വാങ്ങിയ ആളും ചട്ടം ലംഘിച്ച് പരിതിയിലധികം മദ്യം നല്‍കിയ വില്‍പ്പനശാല‍യും. തിങ്കളാഴ്ചയോട്കൂടിയാണ് വന്‍തുകയ്ക്ക് മദ്യം വാങ്ങിയ ബില്‍ വാട്സ്ആപ്പില്‍ പ്രചരിക്കുന്നത്. 52,841 രൂപയുടെയും 95,357 രൂപയുടെയുമെല്ലാം ബില്ലാണ് ഉയര്‍ന്ന തുകയായി പ്രചരിക്കുന്ന ബില്ലുകള്‍. ചില്ലറവില്‍പ്പനശാലകളില്‍ ഒരു ദിവസം ഒരു ഉപഭോക്താവിന് 2.6 ലിറ്റര്‍ കൂടുതല്‍ വിദേശ മദ്യമോ 18 ലിറ്ററില്‍കൂടുതല്‍ ബീയറോ വില്‍പ്പന നടത്തരുതെന്ന ചട്ടം ലംഘിച്ചതിനാണ് കേസ്. ബംഗളുരും സൗത്തിലെ താവരെക്കേരെയിലെ വനില സ്പിരിറ്റ് സോണ്‍ എന്ന മദ്യവില്‍പ്പനശാലയില്‍ 13.5 ലിറ്റര്‍ വിദേശമദ്യവും 35 ലിറ്റര്‍ ബിയറും നല്‍കിയതായാണ് വ്യക്തമാകുന്നത്.

ഒറ്റബില്ലാണെങ്കിലും എട്ടുപേരുടെ സംഘമാണ് മദ്യം വാങ്ങിയതെന്നും ബാങ്കിന്റെ ഒറ്റകാര്‍ഡിലൂടെയാണ് ബില്ല് അടച്ചത് എന്നതിനാലാണ് ഒരു ബില്ലില്‍ തന്നെ ഇത്രയും വലിയ തുകവരാന്‍ കാരണമെന്നുമാണ് മദ്യശാല ഉടമയുടെ വാദം. എന്നാല്‍ കാര്യങ്ങള്‍ വിശദമായി പരിശോധിച്ച ശേഷം നടപടികള്‍ ശക്തമാക്കുമെന്ന് എക്സൈസ് ഉന്നത വൃത്തങ്ങള്‍ അറിയിച്ചു. ലോക്ക് ഡൗണ്‍നാളില്‍ മദ്യം കിട്ടാത്തതിന്റെ എല്ലാ വിഷമവും തീര്‍ക്കുന്ന തരത്തിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ ആളുകള്‍ മദ്യവില്‍പ്പനശാലകള്‍ക്ക് മുന്നിലെത്തിയത്. സാമൂഹിക അകലം പാലിക്കണമെന്ന നിയമവും തെറ്റിച്ച് തിങ്ങിനിറങ്ങ നിര കിലോമീറ്ററുകളഓളമാണ് നീണ്ടത്.

Eng­lish Sum­ma­ry: con­tro­ver­sy on liquor sale

You may also like this video