24 April 2024, Wednesday

തരൂരിന്റെ സന്ദർശനത്തെ ചൊല്ലി തർക്കം: എൻഎസ്എസ് രജിസ്ട്രാർ രാജിവച്ചു

Janayugom Webdesk
കോട്ടയം
January 8, 2023 11:46 pm

ശശി തരൂരിന്റെ പെരുന്ന സന്ദർശനത്തെ ചൊല്ലി എൻഎസ്എസിൽ തർക്കം രൂക്ഷമാവുന്നു. ഇതിന് പിന്നാലെ രജിസ്ട്രാർ പി എൻ സുരേഷ് രാജിവച്ചു. എൻഎസ്എസ് ഡയറക്ടർ ബോർഡ് യോഗത്തിൽ സുരേഷിനെതിരെ വിമർശനം ഉയർന്നതിന് പിന്നാലെയാണ് രാജി.
സുരേഷിനെ പിൻഗാമിയാക്കാൻ ജനറൽ സെക്രട്ടറി സുകുമാരൻ നായർ ശ്രമിക്കുന്നുവെന്ന ആക്ഷേപം കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ എതിർചേരി ഉന്നയിച്ചിരുന്നു. ശശി തരൂർ പങ്കെടുത്ത യോഗത്തിൽ സുരേഷിന് അമിത പ്രാധാന്യം ലഭിച്ചതും ചർച്ചയായിരുന്നു. സുരേഷിന് സംഘ്പരിവാർ ബന്ധമുണ്ടെന്നും ആരോപണം ഉണ്ടായിരുന്നു. തരൂരിന്റെ സന്ദർശനത്തിനും ചുക്കാൻ പിടിച്ചത് സുരേഷാണെന്ന രീതിയിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. 

തരൂരും സുകുമാരൻ നായരും സുരേഷും മന്നം ജയന്തിയോടനുബന്ധിച്ച ചടങ്ങിൽ നിൽക്കുന്ന ദൃശ്യങ്ങൾ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും പ്രചരിച്ചിരുന്നു. വിമർശനങ്ങളെ നേരിടാൻ സുകുമാരൻ നായർ തന്നെ രാജിയാവശ്യപ്പെട്ടെന്നാണ് സൂചന. രജിസ്ട്രാറുടെ ചുമതല ജനറൽ സെക്രട്ടറി തന്നെ വഹിക്കും. 

അതിനിടെ യുഡിഎഫ് നേതൃത്വത്തിനെതിരെ കടന്നാക്രമണം നടത്തിയും ശശി തരൂരിനെ പ്രശംസയാൽ മൂടിയും ജി സുകുമാരൻ നായര്‍ രംഗത്തെത്തി. കേരളത്തിൽ പ്രതിപക്ഷം ഉണ്ടോ എന്ന് സുകുമാരൻ നായർ ചോദിച്ചു. യുഡിഎഫിന് കഴിഞ്ഞ തവണ ഭരണം നഷ്ടമായത് രമേശ് ചെന്നിത്തലയെ ഉയർത്തിക്കാണിച്ചതുകൊണ്ടാണ്. ഉമ്മൻചാണ്ടി ആയിരുന്നെങ്കിൽ അത്രയും തോൽവി വരില്ലായിരുന്നു. ശശി തരൂരിന് പ്രധാനമന്ത്രിയാകാൻ വരെ യോഗ്യതയുണ്ടെന്നും ഒരു ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സുകുമാരൻ നായർ പറഞ്ഞു.

Eng­lish Sum­ma­ry: Con­tro­ver­sy over Tha­roor’s vis­it: NSS reg­is­trar resigns

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.