September 29, 2022 Thursday

സംഭാഷണം, ആവശ്യവും അനാവശ്യവും

അജിത് കൊളാടി
വാക്ക്
June 19, 2021 5:57 am

മനുഷ്യനുള്ള അമൂല്യ സിദ്ധിയാണ് ഭാഷ ഉപയോഗിച്ചുള്ള ആശയ വിനിമയം. മറ്റു ജീവികൾക്കും അവരുടെതായ ഭാഷകളും ആശയ പ്രകടനത്തിനുള്ള കേവലോപാധികളും ഉണ്ട്. ഉറുമ്പുകൾ വരിവരിയായി നീങ്ങുമ്പോൾ വഴിയിൽ തടസം നേരിട്ടാൽ മുന്നേ പോകുന്ന ഉറുമ്പു നൽകുന്ന സൂചന അനുസരിച്ച് പിന്നെ വരുന്നവർ പിന്തിരിയുന്നത് കണ്ടിട്ടില്ലെ? അതാണ് ആശയ വിനിമയം. ഇങ്ങനെ എല്ലാ ജീവികൾക്കുമുണ്ട്. ലിഖിത ഭാഷ ഉപയോഗിച്ച് വിനിമയം നടത്തുന്നത് മനുഷ്യൻ മാത്രമാണ്. ഏതൊരു ബന്ധവും ആരംഭിക്കുന്നത് സംഭാഷണത്തിലൂടെയായിരിക്കും. സംഭാഷണം ഹൃദ്യമാകണം. സംഭാഷണത്തിന്റെ ഉയർന്ന കലാരൂപമാണ് പ്രഭാഷണം. വാക്കിന്റെ കലയാണ് പ്രഭാഷണം. സംസാരിക്കുന്നതിൽ പിഴവ് വന്നേക്കുമെന്നുവച്ച് സംസാരിക്കുന്നതേ ശരിയല്ലെന്നു വാദിക്കുന്നതിലും എത്രയോ നല്ലത്, യുക്തിപൂർവം, ബുദ്ധിപൂർവം സംസാരിക്കണമെന്ന് വാദിക്കുന്നതാണ്.

ജീവിതം അർത്ഥപൂർണമാകുന്നത്, ഈടുറ്റ ബന്ധങ്ങൾ സൃഷ്ടിക്കുന്നതിലും നിലനിർത്തുന്നതിലുമാണ്. ഈ പ്രക്രിയയിൽ ആശയ വിനിമയത്തിന് വലിയ പങ്കുണ്ട്. നമ്മുടെ ആശയങ്ങളും ചിന്തകളും മറ്റുള്ളവർക്ക് മനസിലാക്കുവാൻ സ്പഷ്ടമായ ആശയ വിനിമയം ആവശ്യമാണ്. അങ്ങനെ സാധിച്ചാൽ വലിയ നേട്ടമാണ്. നേതൃത്വത്തിലുള്ളവർക്ക് ഈ കഴിവ് ഒഴിച്ചുകൂടാൻ വയ്യാത്തത് ആണ്, ഇന്ന് പലർക്കും ആ കഴിവില്ലെങ്കിലും. വാക്കുകൾ ധാരാളമായും അർത്ഥശൂന്യമായും വാരിവിതറാനുള്ളതല്ല എന്നറിയണം. ഇന്ന് പലയിടത്തും നടക്കുന്നത്, അമിതഭാഷണം, വ്യർത്ഥഭാഷണം, പരദൂഷണം, അസഭ്യഭാഷണം, അസത്യഭാഷണം, തുടങ്ങിയവയാണ്. നവ മാധ്യമങ്ങളിലടക്കം ഇത്തരം ഭാഷണങ്ങൾ ആണ് അധികവും.

വാക്കുകൾക്ക് പിറകിലുള്ള അർത്ഥങ്ങളെ മനസിലാക്കണം. ആശയ വിനിമയത്തിലെ പ്രധാനപ്പെട്ട കാര്യം, പറയാത്ത കാര്യങ്ങൾ കേൾക്കുക എന്നതാണ്. ഏറ്റവും നന്നായി സംഭാഷണം നടത്തുന്ന ആൾ എപ്പോഴും ഏറ്റവും നന്നായി മറ്റുള്ളവരെ കേൾക്കുന്നവനായിരിക്കും. നമ്മൾക്ക് ക്രിയാത്മകമായി ഒന്നും സംസാരിക്കാനില്ലെങ്കിൽ, സംസാരിക്കാതിരിക്കുന്നതായിരിക്കും നല്ലത്.

ഒരിക്കൽ സോക്രട്ടീസിനോട് ഒരു ശിഷ്യൻ വന്നു പറഞ്ഞു, ഗുരോ, ഒരു കാര്യം പറയാനുണ്ട്, അങ്ങയുടെ മറ്റൊരു ശിഷ്യനെ കുറിച്ച്. ഗുരു പറഞ്ഞു, ആ കാര്യം നീ പറഞ്ഞാൽ കേൾക്കുന്ന എനിക്ക് ഗുണം ഉണ്ടാകുമോ, അല്ലെങ്കിൽ പറയുന്ന നിനക്ക് ഗുണമുണ്ടോ, അതും അല്ലെങ്കിൽ ആരെ പറ്റി പറയുന്നുവോ, അയാൾക്ക് ഗുണമുണ്ടാകുമോ. ഇതു മൂന്നുമില്ലെങ്കിൽ സംസാരിക്കണ്ട എന്നു ശിഷ്യനോട് പറഞ്ഞു. സംഭാഷണവും പ്രഭാഷണവും വാക്കുകളിലൂടെ അറിവിന്റെ ചക്രവാളത്തിലേക്കുള്ള വാതായനങ്ങൾ തുറന്നുകൊടുക്കുകയും ഹർഷവും അമർഷവും സഹാനുഭൂതിയും അനുഭവിപ്പിക്കും. വാക്പ്രവാഹം അഗ്നി സ്ഫുലിംഗങ്ങളാകണം, അമൃതകണികകൾ ആകണം. നർമ്മ മർമ്മരമായും പ്രതിഷേധ കൊടുങ്കാറ്റായും അത് മാറണം. വാക്കുകൾ മനസിലേക്ക് വെളിച്ചം വീശണം. നമ്മൾ മറ്റുള്ളവരോട് സംസാരിക്കുന്ന രീതിയും നമ്മൾ നമ്മളോട് തന്നെ സംസാരിക്കുന്ന രീതിയും ആണ് നമ്മുടെ ജീവിതത്തിന്റെ ഗുണം ഒരു പരിധി വരെ നിർണയിക്കുന്നത്.

ഇന്ന് ഇരുട്ടിൽ സന്തോഷിക്കുകയും സ്വകാര്യ മേഖലയിലെ പാപാന്ധകാരം സമ്പൂർണമായി ഇവിടെ വന്നു ചേരണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന ഇരുട്ടിന്റെ സന്തതികൾ അധികാരം കയ്യാളുന്നു. ഭരിക്കുന്നു. ജനം ഭരിക്കപ്പെടാൻ നിന്നു കൊടുക്കുന്നു. പ്രതികരണരാഹിത്യത്തിന്റെ ശ്മശാനമായിരിക്കുന്നു രാജ്യം. ആശയ വിനിമയം നടക്കുന്നില്ല. അഭിപ്രായങ്ങൾ പറയാൻ സ്വാതന്ത്ര്യമില്ല. അർത്ഥവത്തായ സംഭാഷണങ്ങൾ തീരെ ചുരുങ്ങുന്നു. ഭരണാധികാരികളുടെ, നേതൃത്വത്തിന്റെ സാന്നിധ്യത്തിൽ, സ്വാഗത പ്രാസംഗികരുടെ വാക്കുകൾ കേട്ടാൽ മതി നമ്മുടെ പ്രതികരണ ശേഷി അറിയാൻ. പലയിടത്തും നിരർത്ഥകമായ വാക്കുകളും സ്തുതി വചനങ്ങളും പ്രയോഗിക്കപ്പെടുന്നു.

നമ്മളോട് ബന്ധപ്പെട്ട എല്ലാവരുടെയും ജീവിതം സുഗമമാവണമെങ്കിൽ നാം വാക്കു പിഴയ്ക്കാതെ ഉപയോഗിക്കണം. “മിതം ച സാരം ച വചോഹി വാഗ്മിത”, മിതവും സാരവത്തുമായി സംസാരിക്കുന്നവനാണ് നല്ല വാഗ്മി. അമിതഭാഷണം അവിവേകത്തിന്റെയും അനൗചിത്യത്തിന്റെയും തെളിവാണ്. അമിതഭാഷണം അനർത്ഥം വരുത്തും. ഉദ്ദേശിച്ച വസ്തുത കേൾക്കേണ്ട ആൾ ഉൾക്കൊണ്ടിട്ടില്ലെങ്കിൽ വർത്തമാനം പറയുന്നതിന് എന്തർത്ഥം? അതുകൊണ്ടു തന്നെ സംഭാഷണം നടത്തുന്ന ആൾ താൻ പറയുന്ന വസ്തുതയുടെ അകക്കാമ്പ് പ്രകടമാകുന്ന രീതിയിൽ വാക്കുകൾ തിരഞ്ഞെടുക്കണം.

മാനവികതയെ ഏറ്റവും ഉയർത്തിപ്പിടിക്കേണ്ട കാലഘട്ടമാണിത്. അസ്വസ്ഥതകൾ പെരുകിയ സമൂഹവും ഭൂമിയുമാണിത്. താളക്കേടുകളും അപകട സൂചനകളും രാജ്യത്ത് ദൈനംദിനം കാണുന്നു. മനുഷ്യ ജീവിതം ദുരിതപൂർണമാണ്, പലയിടങ്ങളിലും. എന്നിട്ടും നാമെന്താണ് കേൾക്കുന്നതും കാണുന്നതും. അർത്ഥശൂന്യമായ പ്രസ്താവനകൾ, പഴകി ദ്രവിച്ച മുദ്രാവാക്യങ്ങൾ, തന്റെ കക്ഷിയുടെ ഓരം ചേർന്നു നിൽക്കാൻ ബുദ്ധിയുടെ വാതിൽ കൊട്ടിയടച്ച് നടത്തുന്ന അഭ്യാസപ്രകടനങ്ങൾ, പരസ്പരമുള്ള കുറ്റാരോപണങ്ങൾ, നുണകളുടെ പ്രവാഹങ്ങൾ, അനീതിക്കും അസമത്വത്തിനും സർവ പിന്തുണയും നൽകുന്ന പ്രവർത്തനങ്ങൾ, ഇതെല്ലാം കേൾക്കുന്നു, കാണുന്നു.

ഭാഷണത്തിൽ നാം പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമുണ്ട്. ചില വൻ പ്രശ്നങ്ങൾ ഒഴിവായി പോകാൻ മുഖശ്രീയുള്ള ഒരു വാക്കു മതി. അതുപോലെ തന്നെ മുഖം കറുപ്പിച്ച ഒറ്റ പദം മതി ഒരു യുദ്ധമുണ്ടാകാനും. അനാവശ്യ കാര്യങ്ങൾ പറയരുത്. എന്നാൽ പറയാനുള്ളത് യഥാസമയം പറയുകയും വേണം. ചില കാര്യങ്ങൾ താൻ തന്നെയാണ് പറയേണ്ടതെന്നിരിക്കെ അത് പറയാതിരിക്കുന്നത് വിപരീത ഫലം ചെയ്യും. അതു കൊണ്ട് വിവേക പൂർണമായ ഭാഷണം ആണ് വേണ്ടത്. എല്ലാത്തിനും വില നൽകുന്നതും ഒന്നിനും വിലയില്ലാതാക്കുന്നതും വാക്കാണ്. അതു കൊണ്ട് പലരും ചെയ്യുന്നതു പോലെ വെറുതെ വിളമ്പാനുള്ളതല്ല വാക്കുകൾ. വാക്കിന് ഒരു ചോദ്യത്തെ ഒതുക്കാം. ഒരു ചിന്തയെയും ഒതുക്കാം. നിഗ്രാഹാനുഗ്രഹശക്തിയുള്ളതാണ്‌ വാക്ക്. നല്ല വാക്കിന് വ്യാഖ്യാനം വേണ്ട. അത്ര തെളിമയാണത്. ഇന്ന് തെളിമയുള്ള വാക്കുകൾ പല മേഖലകളിലും ഇല്ല. ഭാഷണം ചെയ്യുന്നവന്റെ ഹൃദയം കണ്ണാടി പോലെ, തെളിമയുള്ള വാക്കുകളിൽ കാണാം. കാരണം അതു സത്യമായും മനസിന്റെ വ്യാഖ്യാനമാണ്. “സത്യമേവ വചതേ” എന്നു പറയുന്നത് മറിച്ചൊന്നുമല്ല.

ഇന്നാകട്ടെ, അസുരഗണം വർധിച്ചപ്പോൾ, കാപട്യം നിത്യ സ്വഭാവമായപ്പോൾ, സത്യസന്ധത തീരെ കുറഞ്ഞപ്പോൾ, വാക്കുകളും ഭാഷണങ്ങളും മലിനമായി. ഇന്ന് പലരും വാക്ക് ഉപയോഗിക്കുന്നത്, മറ്റുള്ളവരെ നിശബ്ദരാക്കാൻ, ഭയപ്പെടുത്താൻ, തൻ പ്രമാണിത്തം കാണിക്കാൻ. ഭയത്തിന്റെ അന്തരീക്ഷം അതിലൂടെ സംജാതമാകുന്നു. ഇന്ന് വാക്കുകളും ഭാഷണങ്ങളും അർത്ഥശൂന്യങ്ങളാകുന്നു. അപ്പോൾ ചെകിടടപ്പിക്കുന്ന കോലാഹലങ്ങളായി അവ. പല തരത്തിലുള്ള കോലാഹലങ്ങൾ. അധികാരത്തിന്റെ വാക്കുകൾ, അബദ്ധങ്ങളുടെ ഭാഷണങ്ങൾ, വിദ്വേഷത്തിന്റെ വാക്കുകൾ, സ്വർഗ പാതയിലേക്ക് വരാനുള്ള ജല്പനങ്ങൾ, പുച്ഛത്തോടെയുള്ള മൂളലുകൾ, നുണകളുടെ കുത്തൊഴുക്കുകൾ, ഇവയൊക്കെ അസഹനീയ ശബ്ദമാകുന്നു. പക്ഷെ ഇവയൊക്കെ നന്നായി രസിക്കുന്നവരും ആസ്വദിക്കുന്നവരുമാണ് ബഹു ഭൂരിഭാഗവും. ഇന്ന് നുണകൾ സത്യമാകുന്നു.

എന്നാൽ ഇത്തരത്തിലുള്ള വികൃതസ്വരങ്ങളുടെ ഇടയിൽ നമ്മൾ വർത്തിക്കുമ്പോൾ, ചില സ്വരങ്ങൾ നാം കേൾക്കുന്നു, അപൂർവമായെങ്കിലും. അത് മാനവ ബോധത്തെ അന്വേഷിക്കുന്ന തെളിമയുള്ള വാക്കുകൾ ആണ്. ആ വാക്കുകൾ ചോദ്യങ്ങളായി രൂപം കൊള്ളുന്നു. അവ സമൂഹത്തോടും കാലഘട്ടത്തോടും നിയതിയോടും തന്നോടു തന്നെയും ചോദിക്കുന്ന ചോദ്യങ്ങൾ. എന്നാൽ, ഇന്ന്, കൃത്യമായ ഒരു ചോദ്യത്തിനും മറുപടി കിട്ടുകയില്ല എന്നറിയണം. എങ്കിലും ചോദിച്ചു കൊണ്ടിരിക്കുക എന്നത് തന്റെ കർമ്മവും ധർമ്മവുമാണെന്ന് അറിയണം. അവർ വാക്കുകൾ പ്രവഹിപ്പിക്കും. അവർക്കറിയാം സത്യത്തിന്റെ ശബ്ദം ഒറ്റപ്പെട്ടതാണ്. ചിലപ്പോൾ അവ ക്ഷീണിതമാകാം. എന്നാലും അതു കേൾപ്പിക്കണം എന്നവർക്കറിയാം. കൂടെ ഏറ്റുപറയാൻ ആളുണ്ടാവില്ല. ആരും കൂടെ ഇല്ലെങ്കിലും ചിന്തകൾ കൊണ്ട്, വാക്കുകൾ കൊണ്ട്, പ്രവൃത്തികൾ കൊണ്ട്, മനുഷ്യരാശിക്കും വേണ്ടി നിലപാടുകൾ സ്വീകരിക്കുന്നവർ ആണ് അവർ.

മറ്റു ചിലരാകട്ടെ ആത്മപ്രശംസയുടെ പര്യായങ്ങളാണ്. ആത്മഹത്യയും അത്മപ്രശംസയും ഒരു പോലെ എന്നാണ് മഹാന്മാർ പറഞ്ഞിട്ടുള്ളത്. പക്ഷെ ഇന്ന് ആത്മപ്രശംസ ചെയ്യുന്നവർ മഹാത്മാരായി. തനിക്കില്ലാത്ത ഒരു ഗുണം, തനിക്കുണ്ടെന്ന് മറ്റുള്ളവരെ ധരിപ്പിക്കുവാൻ ചെയ്യുന്ന അധര വ്യായാമം അപകടകരമായ അവസ്ഥ ക്രമേണ വരുത്തി വയ്ക്കും. എല്ലാ നന്മയും താൻ മൂലം സംഭവിക്കുന്നു എന്ന് അവർ ഭാഷണത്തിലൂടെ പ്രകടിപ്പിക്കും. യഥാർത്ഥത്തിൽ അപകർഷതാബോധത്തിൽ നിന്നാണ് ആത്മപ്രശംസ ഉണ്ടാകുന്നത് എന്നവർ അറിയുന്നില്ല. ആത്മപ്രശംസ നടത്തുന്നവരും അഹങ്കാരിയും അധപതിക്കുന്നത് അവരുടെ നാവുകൊണ്ടുതന്നെയാണ്. ഇന്ന് പലരും സമയം ചിലവഴിക്കുന്നത് ആത്മപ്രശംസക്കും പരദൂഷണത്തിനും വേണ്ടിയാണ്. ഇതെല്ലാം കപടതയുടെ ആധിക്യം തന്നെ. കാപട്യം എന്നത് ഇവിടെ ഒരു വ്യവസ്ഥയും ബാധ്യതയുമായി മാറുന്നു. മനുഷ്യർ എതിർപ്പുകൂടാതെ കാപട്യത്തെ എടുത്തണിയുന്നു. ഇവിടെ കാപട്യം മാന്യമായി അംഗീകാരം നേടുകയും സത്യസന്ധത ഭീമമായ വഷളത്തമായി വിലയിരുത്തപ്പെടുകയും ചെയ്യുന്ന വൈരുധ്യമാണുള്ളത്.

വാക്കുകൾ വികൃതമാകുന്നതും പദങ്ങളുടെ അർത്ഥം നശിക്കുന്നതും സംസ്കാരം നശിക്കുന്നതിന്റെ മുന്നോടിയാണ്. വാക്കുകൾക്ക് മഹനീയമായ പ്രഭ സൃഷ്ടിക്കാനും അന്ധകാരം പടർത്താനും സാധിക്കും. വല്ലതും സംസാരിക്കുന്നതിനൊരുങ്ങുമ്പോൾ വാക്ക് സത്യത്തിന് അനുഗുണമാകുമോ എന്ന് സുദൃഢം ചിന്തിച്ചു നോക്കണം. സത്യം കൊണ്ടും ആത്മാർത്ഥ സൗഹൃദം കൊണ്ടും പവിത്രീകരിക്കപ്പെടാതെ തോന്നിയ വിധം സംസാരിക്കുന്ന മനുഷ്യർ, മനുഷ്യത്വത്തെ അപമാനിക്കുന്നു. വാക്കുകൾക്ക് വലിയ ശക്തിയാണ്. സംഭാഷണത്തിലൂടെ. ആത്മവിശ്വാസവും വിനയവും പ്രകടിപ്പിക്കണം. കേൾക്കുന്നവന്റെ ഹൃദയത്തെ പ്രചോദിപ്പിക്കണം.

വിഖ്യാത കവി റോബർട്ട് ഫ്രോസ്റ്റിന്റെ വരികൾ ”ലോകത്തിലെ പകുതി ജനങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ട്, പക്ഷെ സാധിക്കുന്നില്ല; മറ്റേ പകുതി ജനങ്ങൾക്ക് ഒന്നും പറയാനില്ല, പക്ഷെ അവർ പറഞ്ഞു കൊണ്ടെയിരിക്കുന്നു”. അതാണ് ഇന്നത്തെയും ദുരന്തം.

ഇന്നത്തെ ലോകത്ത് തെളിമയുള്ള വാക്കുകൾ അനിവാര്യം. അനീതിക്കും അസമത്വത്തിനും അസഹിഷ്ണുതക്കും എതിരെ പൊരുതാൻ, സ്വാതന്ത്ര്യത്തിനു വേണ്ടി, വാക്കുകളും സംഭാഷണങ്ങളും ഉയരണം. ആശയ വിനിമയം സൃഷ്ടിപരമാകണം. ഗഹനമാകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.