Web Desk

ഇൻഡോർ:

January 28, 2021, 9:13 pm

മതപരിവർത്തനം: യുവതിയുടെ പരാതിയിൽ മാതാപിതാക്കളടക്കം അറസ്റ്റിൽ

Janayugom Online

ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ നിർബന്ധിച്ചുവെന്നാരോപിച്ച് ഹിന്ദു യുവതിയുടെ മാതാപിതാക്കളെയും മറ്റ് ഏഴ് പേരെയും മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ചയായിരുന്നു സംഭവം. പ്രതികളെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ശാലിനി കൗശൽ എന്ന് യുവതിയുടെ പരാതിയിലാണ് ഇൻഡോറിലെ ഭൻവാർകാൻ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ഇൻഡോർ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ എച്ച് എൻ മിശ്ര മാധ്യമങ്ങളോട് പറഞ്ഞു. പ്രതിപട്ടികയിലുള്ള പതിനൊന്ന് പേരിൽ രണ്ട് പേർ ഒളിവിലാണെന്നും ഇവരെ ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. മതപരിവർത്തനം തടയാനെന്ന പേരിൽ മധ്യപ്രദേശ് സർക്കാർ കൊണ്ടുവന്ന ‘മധ്യപ്രദേശ് മത സ്വാതന്ത്ര്യ ഓർഡിനൻസി‘ലെ സെക്ഷൻ 3,5 എന്നിവ പ്രകാരമാണ് കേസ് ഫയൽ ചെയ്തത്.

ചൊവ്വാഴ്ച മുത്തശ്ശിയുടെ വീട്ടിലേക്ക് കൊണ്ടുപോകാമെന്ന വ്യാജേന മാതാപിതാക്കളായ രാകേഷ് കൗശലും റാണി കൗശലും തന്നെ പ്രാർത്ഥന യോഗത്തിനായി ഇൻഡോറിലെ ഒരു ക്രിസ്ത്യൻ കമ്മ്യൂണിറ്റി സെന്ററിലേക്ക് കൊണ്ടുപോയി എന്നാണ് യുവതി പരാതിയിൽ ആരോപിക്കുന്നത്. അവിടെ ചില സ്ത്രീകൾ തന്നെ ദേഹോപദ്രവം ഏല്പിച്ചതായും ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ നിർബന്ധിച്ചുവെന്നും യുവതി പറയുന്നു.

ഇൻഡോർ, ഖണ്ട്വ, ബുർഹാൻപൂർ, ജാബുവ ഉൾപ്പെടെയുള്ള സംസ്ഥാനത്തെ സംസ്ഥാനത്തെ മറ്റ് ജില്ലകളിൽ നിന്നായി മുന്നൂറോളം പേർ പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. എന്നാൽ പരാതിക്കാരി ഒഴികെ മറ്റെല്ലാവരും തങ്ങൾ സ്വമേധയാ അവിടെയെത്തിയതാണ് എന്നാണ് പൊലീസിനോട് പറഞ്ഞതെന്ന് ഭൻവാർകാൻ പൊലീസ് സ്റ്റേഷനിലെ എസ്ഐ സന്തോഷ് കുമാർ ദുതി പറഞ്ഞു.

ഒരു ക്രിസ്ത്യൻ കമ്മ്യൂണിറ്റി ഗ്രൂപ്പിന് പ്രാർത്ഥനയ്ക്കും യോഗത്തിനും ഹാൾ നൽകിയതായും പരിപാടി നടക്കുമ്പോൾ താൻ കേന്ദ്രത്തിൽ ഉണ്ടായിരുന്നില്ലെന്നും സംഭവം നടന്ന സത്പ്രക്ഷൻ സഞ്ചർ കേന്ദ്രത്തിന്റെ ഡയറക്ടർ ഫാദർ ബാബു ജോസഫ് പറഞ്ഞു. എന്നാൽ മത പരിവർത്തനം അവിടെ നടക്കുന്നുവെന്ന് ആരോപിച്ച് ചില സാമൂഹിക വിരുദ്ധർ ബലമായി ഹാളിൽ പ്രവേശിച്ച് പ്രശ്നം ഉണ്ടാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭവവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന ദൃശ്യങ്ങളിൽ ബജ്റംഗ്ദളിന്റെ പ്രവർത്തകരാണ് സംഭവ സ്ഥലത്തെത്തി പ്രശ്നമുണ്ടാക്കിയതെന്ന് കണ്ടെത്തിയിട്ടുണ്ട്.

മാതാപിതാക്കൾ മകളെ ക്രിസ്ത്യൻ മതത്തിലേക്ക് നിർബന്ധിച്ച് പരിവർത്തനം ചെയ്യുന്നെന്നാരോപിച്ച് ബജ്‌റങ്ദൾ പ്രവർത്തകർ ചൊവ്വാഴ്ച ക്രിസ്ത്യൻ സമൂഹത്തിന്റെ പ്രാർത്ഥനാ കേന്ദ്രത്തിലേക്ക് അതിക്രമിച്ചു കയറി ആക്രമണം നടത്തിയിരുന്നു. മധ്യപ്രദേശിലെ പുതിയ നിയമപ്രകാരം ബർവാനിയിൽ അന്യ മതസ്ഥയെ വിവാഹം ചെയ്ത യുവാവിനെ സംസ്ഥാന പൊലീസ് കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തിരുന്നു.

ENGLISH SUMMARY: Con­ver­sion: Par­ents arrest­ed over girl’s complaint

YOU MAY ALSO LIKE THIS VIDEO