Janayugom Online
KLM_Suresh Pillai janayugom

ദുരിതബാധിതരെ സഹായിക്കാന്‍ ‘കുക്ക് ഫോര്‍ കേരള’യും

Web Desk
Posted on August 22, 2018, 10:22 pm

സ്വന്തം ലേഖകന്‍
കൊല്ലം: ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയയിലെ കുട്ടികളെ സംരക്ഷിക്കുന്നതിനായി ആരംഭിച്ച ‘കുക്ക് ഫോര്‍ സിറിയ’യുടെ ചുവടുപിടിച്ച് ‘കുക്ക് ഫോര്‍ കേരള’ കാമ്പയിനും.
വീടുകളിലും റസ്റ്ററന്റുകളിലും സപ്പര്‍ ക്ലബുകളും തീം ഡിന്നറുകളും ഒരുക്കിയാണ് യൂറോപ്പിലും മറ്റും സിറിയയിലെ കുട്ടികള്‍ക്കായി ദുരിതാശ്വാസനിധി പിരിച്ചത്. അതിന്റെ മാതൃകയില്‍ കേരളത്തില്‍ ‘കുക്ക് ഫോര്‍ കേരള’ എന്ന ക്യാമ്പയിന്‍ സംഘടിപ്പിച്ചിട്ടുള്ളത് പ്രളയം ദുരിതം വിതച്ചവരെ സഹായിക്കാനാണ്. തേവള്ളി റാവിസ് ഹോട്ടലിലെ മുഖ്യ ഷെഫായ സുരേഷ് പിള്ളയാണ് ഈ ആശയത്തിന് പിന്നില്‍. ബിബിസിയുടെ മാസ്റ്റര്‍ ഷെഫ് ഷോയില്‍ പങ്കെടുത്തയാളാണ് സുരേഷ്.
വീടുകളിലും റസ്റ്ററന്റുകളിലും അത്താഴത്തിന് സ്‌നേഹിതരെ ക്ഷണിച്ചാണ് ദുരിതാശ്വാസ നിധിയിലേയ്ക്ക് പണം സമാഹരിക്കുന്നത്. ഇഷ്ടപ്പെട്ട ഭക്ഷണം അവര്‍ക്കായി ഒരുക്കി നല്‍കും. ക്ഷണം സ്വീകരിച്ചെത്തുന്നവരില്‍ നിന്ന് ലഭിക്കുന്ന പണം ദുരിതബാധിതര്‍ക്കായി ചെലവഴിക്കും. യൂറോപ്പിലും അമേരിക്കയിലും ഇത്തരം അത്താഴ വിരുന്നുകള്‍ സാധാരണമാണ്. ക്ഷണം സ്വീകരിച്ചെത്തുന്നവര്‍ ആദ്യം ചെറിയ ഗ്രൂപ്പായിരിക്കും. പിന്നീട് അത് വളര്‍ന്ന് ഒരു കാമ്പയിനായി പരിവര്‍ത്തനം ചെയ്യും.
സുരേഷിന്റെ ‘കുക്ക് ഫോര്‍ കേരള’ എന്ന ആശയത്തിന് നവമാധ്യമങ്ങളില്‍ നല്ല പ്രചാരം ലഭിച്ചുകഴിഞ്ഞു. മുംബൈ, ലണ്ടന്‍, ജര്‍മനി, സിഡ്‌നി, മൊറോക്കോ, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളിലെ വന്‍കിട റസ്റ്ററന്റുകളും ഷെഫുകളും കേരളത്തെ സഹായിക്കാന്‍ വേണ്ടിയുള്ള ഈ കാമ്പയിന്‍ ഏറ്റെടുത്തുകഴിഞ്ഞു. ചിലര്‍ ഡിന്നറിന്റെ തീയതി പ്രഖ്യാപിച്ചിട്ടുണ്ട്.
‘മറ്റ് കൂട്ടായ്മകളെപ്പോലെയല്ല, ഭക്ഷണം കൊണ്ട് ഒരുമിക്കുന്നവരുടെ ബന്ധങ്ങള്‍ കുറച്ചുകൂടി സുദൃഢമായിരിക്കും’ — സുരേഷ് പറയുന്നു. റാവിസ് ഹോട്ടലിലെ കോര്‍പ്പറേറ്റ് ഷെഫായ സുരേഷ് പിള്ള കൊല്ലം തെക്കുംഭാഗം സ്വദേശിയാണ്. ഇന്ത്യയിലെയും ഇംഗ്ലണ്ടിലെയും പ്രമുഖ ഹോട്ടലുകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.