സാധാരണക്കാരുടെ മേൽ ജീവിതദുരിതം വർധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ പാചക വാതക സിലിണ്ടറിന് ഏര്‍പ്പെടുത്തിയിരിക്കുന്ന സബ്സിഡി നിര്‍ത്തലാക്കുന്നു. ഇതോടെ പാചക വാതക വില കുത്തനെ ഉയരും. ഒരു വര്‍ഷത്തിനുള്ളിൽ ഗാർഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറിന് 100–150 രൂപ വരെ വില വര്‍ധിച്ചേക്കും എന്നാണ് സൂചന. നിലവിൽ പാചക വാതക സിലിണ്ടറിന്റെ വില 557 രൂപയാണ്. സബ്സിഡിയായി നൽകുന്നത് 157 രൂപയുമാണ്. 2022 സാമ്പത്തിക വര്‍ഷത്തോടെ ഇന്ധന സബ്സിഡി പൂര്‍ണമായും നിര്‍ത്തലാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നത്. ഇതുപ്രകാരം ഉപഭോക്താക്കൾക്ക് നേരിട്ടുള്ള ആനുകൂല്യ കൈമാറ്റ പദ്ധതി (ഡിബിടി)യിലൂടെ നൽകുന്ന മുഴുവൻ സബ്സിഡിയും ഒരു വർഷത്തിനുള്ളിൽ ഇല്ലാതായേക്കും.
സർക്കാർ സബ്സിഡി നിരക്കിൽ നൽകുന്ന എൽപിജി സിലിണ്ടറിന്റെ വില ക്രമാനുഗതമായി വർധിപ്പിക്കാനും പൊതുമേഖലാ എണ്ണ കമ്പനികൾക്ക് കേന്ദ്രസർക്കാർ അനുമതി നൽകിയേക്കും. എണ്ണവില കുറഞ്ഞതിനാൽ ലാഭം എടുക്കുന്നതിനായി പൊതുമേഖലാ എണ്ണവിതരണ കമ്പനികളെ സഹായിക്കാണ് നീക്കം. എണ്ണ വിതരണ കമ്പനികൾക്ക് സബ്സിഡി ഇനത്തിൽ കേന്ദ്രസർക്കാർ 43,000 കോടി രൂപ കഴിഞ്ഞവർഷം നൽകാനുണ്ട്. ഇതിൽ 70 ശതമാനത്തിലധികവും പാചകവാതകത്തിന്റെ സബ്സിഡിയാണ്.
2019 ജൂലൈ മുതൽ 2020 ജനുവരി വരെ എണ്ണ വിതരണ കമ്പനികളുടെ സബ്സിഡി സിലിണ്ടറുകളുടെ വില 63 രൂപയോളം വര്‍ധിപ്പിച്ചിരുന്നു. പ്രതിമാസം ശരാശരി പത്തു രൂപ വീതമാണ് സബ്സിഡിയുള്ള പാചക വാതകത്തിന് വില ഉയർന്നിരിക്കുന്നത്. ഇനിയും ഇതേരീതിയിൽ കമ്പനികള്‍ വില വര്‍ധിപ്പിച്ചാല്‍ അടുത്ത 15 മാസത്തിനുള്ളില്‍ സര്‍ക്കാരിന് സബ്സിഡി പൂര്‍ണമായും നിര്‍ത്താന്‍ വഴിയൊരുങ്ങും. ആഗോള വിപണിയില്‍ ഇന്ധന വില ഇനിയും ഇടിഞ്ഞാല്‍ സബ്സിഡി തുക ഇതിനൊപ്പം കുറയുകയും ചെയ്യും. 2021 സാമ്പത്തിക വര്‍ഷം ഏതാണ്ട് പൂര്‍ണമായും അസംസ്കൃത എണ്ണ വില ബാരലിന് 60 ഡോളറില്‍ താഴെയായിരിക്കുമെന്നാണ് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
Cooking gas prices may rise further as subsidies end