ബേബി ആലുവ

കൊച്ചി

February 12, 2021, 9:28 pm

പാചക വാതക സബ്സിഡി പൂര്‍ണ്ണമായി നിര്‍ത്തുന്നു

Janayugom Online

നിലവിൽ നിര്‍ത്തിവച്ചിരിക്കുന്ന പാചക വാതക സബ്സിഡി എന്നെന്നേക്കുമായി നിർത്തലാക്കാൻ കേന്ദ്രം നീക്കമാരംഭിച്ചു. ജനങ്ങളിൽ സബ്സിഡിയോടു താത്പര്യമില്ലെന്ന മട്ടിൽ സർക്കാർ നടത്തുന്ന പ്രചാരണം ഇതിന്റെ സൂചനയാണ്.
ഈ മാസം ഒന്നുവരെയുള്ള കണക്കു പ്രകാരം രാജ്യത്തെ 1.08 കോടി എൽപിജി ഉപഭോക്താക്കൾ തങ്ങളുടെ സബ്സിഡി അനുകൂല്യം വേണ്ടെന്നു വച്ചതായാണ് കേന്ദ്രത്തിന്റെ പ്രചാരണം. എണ്ണ വിപണനക്കമ്പനികളുടെ റിപ്പോർട്ട് എന്ന പേരിൽ കഴിഞ്ഞ ദിവസം പെട്രോളിയം പ്രകൃതി വാതക മന്ത്രി ധർമ്മേന്ദ്ര പ്രധാനാണ് ഇക്കാര്യം രാജ്യസഭയിൽ രേഖാമൂലം അറിയിച്ചത്. 

സാധാരണക്കാരായ ഉപഭോക്താക്കൾക്കു നൽകി വന്ന സബ്സിഡി തുക മാസങ്ങളായി തടഞ്ഞുവച്ച് ആ വകയിൽ കോടികൾ കൊള്ളയടിക്കുന്ന കേന്ദ്രം, സ്ഥിരമായി ആനുകൂല്യം നിർത്തലാക്കാൻ എണ്ണ വിപണനക്കമ്പനികളുടേതെന്നു പറയപ്പെടുന്ന റിപ്പോർട്ട് പിടിവള്ളിയാക്കുമെന്നാണ് വിലയിരുത്തല്‍ ഗാർഹികാവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ ഉപയോഗത്തിൽ ലോകത്ത് രണ്ടാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. 27.76 കോടിയാണ് രാജ്യത്ത് ഉപഭോക്താക്കളുടെ എണ്ണം. 157 രൂപയാണ് സബ്സിഡി ആനുകൂല്യമായി സാധാരണക്കാർക്ക് ബാങ്ക് അക്കൗണ്ടിലെത്തിയിരുന്നത്. 

സബ്സിഡിയുള്ളതും ഇല്ലാത്തതുമായ പാചക വാതകത്തിന് ഒരേ നിരക്ക് വന്നു എന്ന പേരു പറഞ്ഞാണ് കഴിഞ്ഞ മാർച്ച് മുതൽ കേന്ദ്രം സബ്സിഡി നിർത്തലാക്കിയത്. ഇതിന്റെ ഫലമായി ഡിസംബർ ആദ്യം വരെ 20,000 കോടി രൂപയാണ് കേന്ദ്രം തട്ടിയെടുത്തത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിലിന്റെ വില ഗണ്യമായി കുറയുമ്പോഴും അതിന്റെ ആനുകൂല്യം രാജ്യത്തെ ജനങ്ങൾക്കു ലഭ്യമാക്കാത്ത സർക്കാർ, അവിടെ വിലയിൽ ചെറിയ വർദ്ധനയുണ്ടായാൽപ്പോലും പാചക വാതകമടക്കമുള്ള ഇന്ധത്തിന്റെ വില വലിയ തോതിൽ കൂട്ടി ജനങ്ങളെ കൊള്ളയടിക്കുന്ന പതിവു രീതി തുടരുകയുമാണ്. 

ENGLISH SUMMARY:Cooking gas sub­sidy com­plete­ly stopped
You may also like this video