കോവിഡ്-19 നെയും അത് സൃഷ്ടിക്കുന്ന ആഗോള പ്രതിസന്ധികളെയും നേരിടാന്‍ കൂടുതല്‍ ഏകോപിത പ്രവര്‍ത്തനം അനിവാര്യമാണെന്നാണ് എല്ലാ റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. 197 രാജ്യങ്ങളും ഭൂപ്രദേശങ്ങളും ഏറ്റക്കുറച്ചിലുകളോടെ കോവിഡിന്റെ നിഴലിലാണ്. നാലര ലക്ഷത്തോളം പേരില്‍ ഇതിനകം രോഗം സ്ഥിരീകരിച്ചു. ഏതാണ്ട് ഇരുപത്തി രണ്ടായിരത്തില്‍പ്പരം മരണങ്ങള്‍ സംഭവിച്ചുകഴിഞ്ഞു. എന്നാല്‍ രോഗപ്പകര്‍ച്ചയുടെ ആഗോള വ്യാപ്തിക്ക് അനുസൃതമായ ആഗോള പ്രതികരണം ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. ലോകം നേരിടുന്നത് ഒരു ത്രിതല പ്രതിസന്ധിയാണ്. ആരോഗ്യ പ്രതിസന്ധി, സാമ്പത്തിക പ്രതിസന്ധി, മൂലധനത്തിന്റെ പുറത്തേക്കുള്ള ഒഴുക്കും വായ്പാ ലഭ്യതയില്‍ അനുഭവപ്പെട്ടു തുടങ്ങിയ ഞെരുക്കവും സൃഷ്ടിക്കുന്ന ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള സാമ്പത്തിക തകര്‍ച്ച എന്നിവയാണ് അവ. ലോകം നേരിടുന്ന ആരോഗ്യ അടിയന്തരാവസ്ഥയെപ്പറ്റി പ്രസ്താവനകള്‍ക്ക് അപ്പുറത്തേക്ക് കടന്ന് ലോകരാഷ്ട്രങ്ങളുടെ ഏകോപിത പ്രവര്‍ത്തനമാണ് അടിയന്തര ആവശ്യം. രോഗത്തെ തടയുന്നതിനും പ്രതിരോധ വാക്സിന്‍ വികസിപ്പിക്കുന്നതിനും ആഗോള ആരോഗ്യനയം അനിവാര്യമായിരിക്കുന്നു. ദരിദ്ര, അവികസിത രാഷ്ട്രങ്ങള്‍ രോഗത്തിന്റെ പിടിയില്‍ അമരും മുമ്പ് അതിന് രൂപം നല്കാന്‍ ഐക്യരാഷ്ട്രസഭക്കും ലോക ആരോഗ്യ സംഘടനക്കും വികസിത രാഷ്ട്രങ്ങളുടെ ഉദാരമായ സാമ്പത്തിക പിന്തുണ കൂടിയേതീരൂ.
രോഗ പ്രതിരോധത്തിന് ആവശ്യമായ മുഖാവരണങ്ങള്‍, കയ്യുറകള്‍, മറ്റ് ഉപകരണങ്ങളും വസ്തുക്കളും എല്ലാ രാജ്യങ്ങള്‍ക്കും ലഭ്യമാക്കാന്‍ കഴിയണം. അവയുടെ ആഭ്യന്തര ലഭ്യത ഉറപ്പുവരുത്തുന്നതിനൊപ്പം ലോകത്തെവിടെയും അവയുടെ ദൗര്‍ലഭ്യം ഉണ്ടാവാതെ അനാവശ്യവും പരിഭ്രാന്തി പരത്തുന്നതുമായ നിയന്ത്രണങ്ങള്‍ ഉണ്ടാവാന്‍ അനുവദിക്കരുത്. അത്തരം നിയന്ത്രണങ്ങള്‍ വിപരീത ഫലമായിരിക്കും സൃഷ്ടിക്കുക. ലോകം മുഴുവന്‍ അടച്ചുപൂട്ടലിനെയാണ് അഭിമുഖീകരിക്കുന്നത്. അത് കടുത്ത സാമ്പത്തിക പ്രതിസന്ധിയായിരിക്കും സൃഷ്ടിക്കുക. ദുര്‍ബല സമ്പദ്ഘടനകളെ സഹായിക്കാന്‍ അന്താരാഷ്ട്ര നാണ്യനിധി അയ്യായിരം കോടി ഡോളറിന്റെ അടിയന്തര സാമ്പത്തിക സഹായം ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ കനത്ത വെല്ലുവിളികളുടെ ഈ ദിനങ്ങളില്‍ അത് അപര്യാപ്തമായിരിക്കും. ലോകരാഷ്ട്രങ്ങളുടെ പരസ്പരാശ്രയത്വം കണക്കിലെടുത്ത് കൂടുതല്‍ വായ്പ ലഭ്യമാക്കാന്‍ ഐഎംഎഫിനും അതിലെ സമ്പന്ന അംഗരാജ്യങ്ങള്‍ക്കും കഴിയണം. ആര്‍ക്കും ഒറ്റയ്ക്ക് ഈ ആരോഗ്യ വെല്ലുവിളി നേരിടാന്‍ ആവില്ല എന്നതാണ് അനിഷേധ്യമായ വസ്തുത. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ചെലവു ചുരുക്കലായിരിക്കും പല രാജ്യങ്ങളും അവലംബിക്കാന്‍ നിര്‍ബന്ധിതമാവുക. അത് പ്രതിസന്ധിയും സാധാരണ ജനവിഭാഗങ്ങളുടെ ദുരിതവും വര്‍ധിക്കാന്‍ മാത്രമേ സഹായിക്കു. സമ്പദ്ഘടനകളെ ഊര്‍ജസ്വലമാക്കി നിലനിര്‍ത്താന്‍ സഹായകമായ പ്രത്യേക പദ്ധതികള്‍ക്ക് രൂപം നല്കാന്‍ ഭരണകൂടങ്ങള്‍ക്ക് കഴിയണം. ഇന്ത്യയടക്കം പല രാജ്യങ്ങളും അത്തരത്തില്‍ പല പാക്കേജുകളും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ആവശ്യങ്ങളുമായുള്ള താരതമ്യത്തില്‍ അവ അപര്യാപ്തമാണെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
അടച്ചുപൂട്ടലുകളെ അതിജീവിച്ച് രോഗവ്യാപനം തടയുന്നതോടൊപ്പം സമ്പദ്ഘടനകള്‍ തകരാതെ ഇപ്പോള്‍തന്നെ കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ഭരണകൂടങ്ങള്‍ തയ്യാറാവണം. ഐഎംഎഫ്, ലോകബാങ്ക് തുടങ്ങിയ അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങള്‍ വികസ്വര, അവികസിത, ദരിദ്ര രാഷ്ട്രങ്ങള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ ദീര്‍ഘകാല വായ്പകള്‍ നല്കാന്‍ തയ്യാറായാല്‍ മാത്രമേ സമ്പദ്ഘടനകളെ കടുത്ത തകര്‍ച്ചയില്‍ നിന്നും രക്ഷിക്കാനാവു. ആഗോളതലത്തില്‍ നടക്കുന്ന ഏകോപിത പ്രവര്‍ത്തനങ്ങള്‍ക്ക് അനുസൃതമായ പ്രവര്‍ത്തനങ്ങള്‍ ദേശീയതലത്തിലും കൂടിയെ തീരു. കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ 1.7 ലക്ഷം കോടി രൂപയുടെ പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ അവയില്‍ പലതും സംസ്ഥാന സര്‍ക്കാരുകളുടെ അധികാരപരിധിയിലേക്കുള്ള കടന്നുകയറ്റത്തിന്റെ പ്രതീതിയാണ് ജനിപ്പിക്കുന്നത്. കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച സമാശ്വാസ പദ്ധതികളുടെ ആവര്‍ത്തനമാണ് അവയില്‍ പലതും. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അവരുടെ സമാശ്വാസ പദ്ധതികള്‍ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാന്‍ ഉതകുന്ന പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ അവയിലില്ല. ചരക്കു സേവന നികുതിയില്‍ ഉണ്ടായ കുറവു നികത്താന്‍ നിയമാനുസൃതം ലഭിക്കേണ്ട നഷ്ടപരിഹാര തുകയെപ്പറ്റി ഈ പ്രതിസന്ധി ഘട്ടത്തിലും കേന്ദ്ര ധനമന്ത്രി നിശബ്ദത പാലിക്കുന്നു. ജിഎസ്‌ടി നഷ്ടപരിഹാര തുക ഉടന്‍ നല്കുകയും ബജറ്റ് കമ്മിയുടെ തോത് ഉയര്‍ത്താനും കൂടുതല്‍ വായ്പ എടുക്കാനും സംസ്ഥാനങ്ങളെ അനുവദിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരുണത്തില്‍ ചെയ്യേണ്ടത്. ആ ദിശയില്‍ ചിന്തിക്കാനും സത്വരം പ്രവര്‍ത്തിക്കാനും കേന്ദ്രം തയ്യാറായാലെ വെല്ലുവിളികളുടെ ഈ ഘട്ടത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസം പകരാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിയു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.