19 April 2024, Friday

മതേതര ജനാധിപത്യ ശക്തികളുടെ ഏകോപനം അനിവാര്യം

സത്യന്‍ മൊകേരി
വിശകലനം
April 20, 2022 5:34 am

2024 ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ട് വംശീയവും വര്‍ഗീയവുമായ ചേരിതിരിവും വിദ്വേഷവും ആളിക്കത്തിച്ച് അധികാരം നിലനിര്‍ത്താനുള്ള വലിയ പരിശ്രമത്തിലാണ് സംഘ്പരിവാര്‍ സംഘടനകള്‍. ഹൈന്ദവ വികാരത്തിന്റെ അടിസ്ഥാനത്തില്‍ ഭൂരിപക്ഷം വരുന്ന ഹിന്ദുമത വിശ്വാസികളെ ഏകീകരിച്ച് ഒരു കുടക്കീഴില്‍ അണിനിരത്തുക എന്ന രാഷ്ട്രീയ തന്ത്രമാണ് ആര്‍എസ്എസ് കുറേ വര്‍ഷങ്ങളായി ആസൂത്രണം ചെയ്ത് നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. ഹിന്ദു രാഷ്ട്രമായി ഇന്ത്യയെ പരിവര്‍ത്തനപ്പെടുത്തിയെടുക്കുക എന്ന ലക്ഷ്യമാണ് അവരുടേത്.

യുപി ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ നാലിടങ്ങളിലും ബിജെപി അധികാരത്തില്‍ വന്നെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പ് ഫലം സംഘ്പരിവാര്‍ സംഘടനയ്ക്ക് ആവേശം നല്കിയില്ല. ജനപിന്തുണയില്‍ അവര്‍ക്ക് സാരമായ ഇടിവാണ് സംഭവിച്ചത്. ഭൂരിപക്ഷവും ന്യൂനപക്ഷവും തമ്മിലുള്ള മത്സരമാണ് യുപിയില്‍ നടക്കുന്നതെന്നാണ് യുപി മുഖ്യമന്ത്രി ആദിത്യനാഥ് നിയമസഭാ തെരഞ്ഞെടുപ്പ് റാലികളില്‍ വ്യക്തമാക്കിയത്. അതിലൂടെ 80 ശതമാനം വരുന്ന ഹിന്ദുക്കളും 20 ശതമാനം വരുന്ന മുസ്‌ലിങ്ങളും തമ്മിലാണ് മത്സരം നടക്കുന്നതെന്ന് വ്യക്തമാക്കുകയായിരുന്നു. ഹിന്ദു, മുസ്‌ലിം ചേരിതിരിവ് സൃഷ്ടിക്കുക എന്ന ‘ഭിന്നിപ്പിക്കല്‍’ രാഷ്ട്രതന്ത്രത്തില്‍ സംഘ്പരിവാര്‍ ശക്തികള്‍ വിജയിച്ചു.


ഇതുകൂടി വായിക്കൂ: നിയമസഭാ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍


ബിജെപിയുടെ വിജയം മതേതര, ജനാധിപത്യ, ഇടതു ശക്തികളുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. ബിജെപി ഇതര വോട്ടുകള്‍ ഏകീകരിക്കുന്ന രാഷ്ട്രീയ തന്ത്രത്തിന് രൂപം നല്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്‍ഡിഎയെ അധികാരത്തില്‍ നിന്നും മാറ്റിനിര്‍ത്താന്‍ കഴിയുമെന്നാണ് അഞ്ചിടങ്ങളിലെയും നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്ന സൂചന. യുപിയില്‍ ബിജെപിയുടെ തുടര്‍ ഭരണത്തെ തടയാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പരാജയം ഉറപ്പായിരുന്നു. രാജ്യസഭയില്‍ ബിജെപിക്ക് ഭൂരിപക്ഷം കിട്ടാത്ത സാഹചര്യവും ഉണ്ടാകുമായിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളുടെ പരസ്പര മത്സരത്തിന്റെ മറവിലാണ് ബിജെപി വിവിധ സംസ്ഥാനങ്ങളില്‍ വീണ്ടും അധികാരത്തില്‍ വന്നത്.

2024 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തുടര്‍ഭരണം ഉണ്ടാകണമെങ്കില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുക മാത്രമേ വഴിയുള്ളൂ എന്ന് ആര്‍എസ്എസ് നേരത്തേതന്നെ മനസിലാക്കി നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. ഏപ്രില്‍ 10 ന്റെ രാമനവമി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൃഷ്ടിച്ച ഭീകരമായ സാഹചര്യം അതാണ് വ്യക്തമാക്കുന്നത്. രാമനവമി ആഘോഷങ്ങളുടെ ഭാഗമായി ന്യൂനപക്ഷ വിഭാഗത്തിനെതിരായി വ്യാപകമായ ആക്രമണങ്ങള്‍ സംഘടിപ്പിച്ചു. ദുര്‍ഗാ പൂജയും ഹനുമാന്‍ ജയന്തിയും ഹിന്ദു — മുസ്‌ലിം ചേരിതിരിവ് സൃഷ്ടിക്കാനും ഹിന്ദു വികാരം ഉയര്‍ത്തിക്കൊണ്ടു വരുവാനുമുള്ള നല്ലൊരു അവസരമായി സംഘ്പരിവാര്‍ സംഘടനകള്‍ സമര്‍ത്ഥമായി ഉപയോഗിച്ചു. മധ്യപ്രദേശ്, ഡല്‍ഹി, ഝാര്‍ഖണ്ഡ്, യു പി, കര്‍ണാടക, ഗുജറാത്ത്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ വര്‍ഗീയ കലാപങ്ങള്‍ അഴിച്ചുവിട്ടു. മധ്യപ്രദേശിലും ഗുജറാത്തിലും നിയമവാഴ്ചയെതന്നെ ഇല്ലാതാക്കി, ഹിന്ദുത്വശക്തികള്‍ അഴിഞ്ഞാടിയതായി കോര്‍പറേറ്റുകള്‍ നിയന്ത്രിക്കുന്ന ദേശീയ മാധ്യമങ്ങള്‍ക്കുപോലും റിപ്പോര്‍ട്ട് ചെയ്യേണ്ടിവന്നു. ഗവണ്‍മെന്റിന്റെ അറിവോടുകൂടി ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്കെതിരായി വ്യാപകമായ കയ്യേറ്റങ്ങള്‍ ഉണ്ടായി. അവരുടെ വസ്തുവകകള്‍ കൊള്ളയടിച്ചു. ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് വിവിധ കേന്ദ്രങ്ങളില്‍ ന്യൂനപക്ഷങ്ങളുടെ കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തി. മധ്യപ്രദേശിലെ ഖര്‍ഗോവില്‍ രാമനവമി ആഘോഷത്തിനിടയില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ മറവില്‍ നിരവധി ന്യൂനപക്ഷ വിഭാഗങ്ങളുടെ വീടുകളും മറ്റ് കെട്ടിടങ്ങളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ നശിപ്പിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ആക്രമങ്ങളെ ന്യായീകരിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. മുസാഫര്‍പുരില്‍ (ബിഹാര്‍) മുസ്‌ലിം പള്ളിക്ക് മുകളില്‍ കാവിക്കൊടി ഉയര്‍ത്തി പ്രകോപനം സൃഷ്ടിച്ചു. ഇതിന്റെയെല്ലാം ഉദ്ദേശം ഹിന്ദു — മുസ്‌ലിം ചേരിതിരിവ് സൃഷ്ടിക്കലാണ്.

 


ഇതുകൂടി വായിക്കൂ:  ധ്രുവീകരണായുധമായി ഇനി മുതല്‍ ഹിന്ദി ഭാഷയും


ഹിന്ദിയാണ് രാജ്യത്തിലെ ജനങ്ങളെ ഏകോപിപ്പിക്കുന്ന ഭാഷ എന്നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചത്. ഹിന്ദു, ഹിന്ദി വികാരം ശക്തമായി ഉയര്‍ത്തിക്കൊണ്ടു വരുവാനുള്ള അജണ്ടയുടെ ഭാഗമാണിത്. ഹിന്ദു — ഹിന്ദി, ഹിന്ദുസ്ഥാന്‍ എന്ന മുദ്രാവാക്യം രാജ്യത്തുടനീളം വീണ്ടും സംഘപരിവാര്‍ സംഘടനകള്‍ ശക്തമായി ഉയര്‍ത്തുവാന്‍ തുടങ്ങി. ഏറ്റവുമൊടുവില്‍ ചേര്‍ന്ന ആര്‍എസ്എസിന്റെ അഖിലേന്ത്യാ സമ്മേളനത്തിന്റെ ആഹ്വാനം ഹിന്ദുക്കളെ ഏകീകരിക്കുക എന്നതാണ്. ഇന്ത്യയില്‍ ഹിന്ദുക്കള്‍ മാത്രമേയുള്ളു, രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും ഹിന്ദുക്കളാണ്. ഹിന്ദുക്കള്‍ അല്ലാത്തവര്‍ക്ക് ഇന്ത്യയെ തങ്ങളുടെ രാജ്യമായി കാണാന്‍ അവകാശം ഇല്ല എന്ന നിലപാട് പരസ്യമായി ആര്‍എസ്എസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നത്തെ ഇന്ത്യന്‍ ഭരണകൂടത്തെ പൂര്‍ണ അര്‍ത്ഥത്തിലുള്ള നവഫാസിസ്റ്റ് ഭരണകൂടമായി മാറ്റാനുള്ള നീക്കമാണ് ആഗോള ദേശീയ കോര്‍പറേറ്റ് ശക്തികളും സംഘ്പരിവാര്‍ ശക്തികളും നടത്തുന്നത്. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടാകുന്ന വിജയത്തോടെ അവരുടെ ലക്ഷ്യം കൈവരിക്കാം എന്നവര്‍ കരുതുന്നു.

ആര്‍എസ്എസ് നേതൃത്വം നല്കുന്ന നവഫാസിസ്റ്റ് ശക്തികളെ പരാജയപ്പെടുത്തുക എന്നതാണ് ഇന്ത്യയിലെ മതേതര ജനാധിപത്യ ഇടതുപക്ഷ ശക്തികളുടെ ഈ കാലഘട്ടത്തിലെ പ്രധാന കടമ. അത് നിര്‍വഹിക്കുവാന്‍ എല്ലാ മതേതര ജനാധിപത്യ ശക്തികളും മുന്നോട്ടു വരേണ്ട സന്ദര്‍ഭമാണിത്. നവമി ആഘോഷങ്ങളുമായി ബന്ധപ്പെട്ട്, സംഘപരിവാര്‍ ശക്തികള്‍ ഹിന്ദു ഏകീകരണം ലക്ഷ്യമിട്ട് അഴിച്ചുവിട്ട അക്രമങ്ങള്‍ക്കെതിരായി ഇന്ത്യയിലെ 13 രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തുവന്നത് രാജ്യത്തെ മതേതര ജനാധിപത്യ ശക്തികള്‍ക്ക് ആവേശവും പ്രചോദനവും നല്കുന്നുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഐ(എം) ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി, എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍, തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജി (ബംഗാള്‍ മുഖ്യമന്ത്രി), ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ (തമിഴ്‌നാട് മുഖ്യമന്ത്രി), ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സൊറന്‍, നാഷണല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഫാറൂഖ് അബ്ദുള്ള, ആര്‍ജെഡി നേതാവ് തേജസ്വിയാദവ്, ദേബബ്രത ബിശ്വാസ (ഫോര്‍വേഡ് ബ്ലോക്ക്), മനോജ് ഭട്ടാചാര്യ (ആര്‍എസ്‌പി), ദീപാങ്കര്‍ ഭട്ടാചാര്യ (സിപിഐ‑എംഎല്‍ ലിബറേഷന്‍), പി കെ കുഞ്ഞാലിക്കുട്ടി (ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ്) എന്നിവര്‍ സംയുക്തമായി പുറപ്പെടുവിച്ച പ്രസ്താവനയില്‍ സംഘ്പരിവാര്‍ ശക്തികള്‍ നവമി ആഘോഷത്തിന്റെ മറവില്‍ അഴിച്ചുവിട്ട അക്രമങ്ങളെ ശക്തമായി അപലപിച്ചു. ഈ നീക്കം രാജ്യത്തെ മതേതര ജനധിപത്യ ഇടതുപക്ഷ ജനവിഭാഗങ്ങളില്‍ ഏറെ താല്പര്യവും ആത്മവിശ്വാസവും ഉയര്‍ത്തിയിട്ടുണ്ട്.


ഇതുകൂടി വായിക്കൂ:  നമുക്ക് പ്രതിജ്ഞ പുതുക്കാം


പോണ്ടിച്ചേരിയില്‍ നടന്ന സിപിഐയുടെ 22-ാം പാര്‍ട്ടി കോണ്‍ഗ്രസ്, ബിജെപിയിലേക്കുള്ള ഇന്ത്യന്‍ ഭരണമാറ്റത്തെ സാധാരണ ഒരു മാറ്റമായല്ല വിലയിരുത്തിയത്. ഫാസിസ്റ്റ് ശക്തികളില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന ഭരണമാറ്റമായി സിപിഐ അതിനെ വിലയിരുത്തി. കൊല്ലത്ത് നടന്ന 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തില്‍ ഇന്ത്യയില്‍ വന്ന രാഷ്ട്രീയ മാറ്റങ്ങളെ വിലയിരുത്തി മതേതര ജനാധിപത്യ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ വിശാലമായ വേദി കെട്ടിപ്പടുക്കണമെന്ന് സിപിഐ ആഹ്വാനം ചെയ്യുകയുണ്ടായി.

മതേതരത്വവും ജനാധിപത്യവും ഇന്ത്യന്‍ ഭരണഘടനയും ഫെഡറല്‍ സംവിധാനവും ഇല്ലാതാക്കുന്ന നവ ഫാസിസ്റ്റ് ശക്തികളാല്‍ നിയന്ത്രിക്കപ്പെടുന്ന ഗവണ്‍മെന്റിനെ അധികാരത്തില്‍ നിന്ന് പുറന്തള്ളുക എന്നതാണ് ഈ കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ കടമ. ബിജെപിയാണ് പ്രധാന ശത്രുവെന്നും അവരെ പരാജയപ്പെടുത്തുവാന്‍ എല്ലാ ജനാധിപത്യ ശക്തികളും ഒന്നിക്കണമെന്നും കണ്ണൂരില്‍ നടന്ന സിപിഐ(എം)ന്റെ പാര്‍ട്ടി കോണ്‍ഗ്രസും ആഹ്വാനം നല്കി. മൃദുഹിന്ദുത്വ നിലപാട് സ്വീകരിച്ച് തങ്ങള്‍ അകപ്പെട്ട പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന അവസരവാദപരമായ നിലപാട് തിരുത്തി ബിജെപി ഉയര്‍ത്തുന്ന വര്‍ഗീയ ഫാസിസ്റ്റ് സമീപനങ്ങള്‍ക്കെതിരായി ഉറച്ച നിലപാട് സ്വീകരിക്കുവാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തയാറാകണം. ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായ കൂട്ടായ്മയില്‍ കോണ്‍ഗ്രസ് അതിന്റെ പങ്കുവഹിക്കണം. ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ബിജെപിക്കെതിരായ നിലപാട് സ്വീകരിക്കുവാന്‍ മുന്നോട്ടുവരണം. ഒരു വേദിയില്‍ അണിനിരക്കണം. 2024 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് പുറന്തള്ളുക എന്നതായിരിക്കണം പ്രധാന രാഷ്ട്രീയ കടമ. മതേതര ജനാധിപത്യ ശക്തികളുടെ ഏകോപനത്തിലൂടെ ഇന്ത്യന്‍ ജനതയ്ക്ക് അതിന് കഴിയും. 2022 ഒക്ടോബര്‍ 14 മുതല്‍ 18 വരെ വിജയവാഡയില്‍ നടക്കുന്ന സിപിഐ 24-ാം പാര്‍ട്ടി കോണ്‍ഗ്രസ് മതേതര ജനാധിപത്യ ഇടതുപക്ഷ ശക്തികളെ ഒരു വേദിയില്‍ അണിനിരത്തുന്ന നീക്കങ്ങള്‍ക്ക് ശക്തിപകരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.