9 September 2024, Monday
KSFE Galaxy Chits Banner 2

കോപ് 28: കെട്ടുകാഴ്ചയും പാഴ്‌വേലയുമായി മാറുന്നോ?

Janayugom Webdesk
December 7, 2023 5:00 am

വംബർ 30ന് ഐക്യ അറബ് എമിറേറ്റ്സിലെ ദുബായിൽ ആരംഭിച്ച കോൺഫറൻസ് ഓഫ് പാർട്ടീസ് 28 (കോപ് 28) എന്നറിയപ്പെടുന്ന ഐക്യരാഷ്ട്രസഭാ കാലാവസ്ഥാ വ്യതിയാന വാർഷിക സമ്മേളനം അവസാനിക്കാൻ അഞ്ചുദിവസങ്ങൾ ബാക്കിനിൽക്കെ സമ്മേളനത്തെപ്പറ്റിയും അതിന്റെ അന്തിമഫലത്തെപ്പറ്റിയും സമ്മിശ്ര പ്രതികരണങ്ങളാണ് വിവിധകോണുകളിൽനിന്നും ഉയരുന്നത്. സമ്മേളനത്തിന്റെ ആദ്യദിനംതന്നെ കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതികൾ നേരിടുന്ന രാഷ്ട്രങ്ങളുടെ നഷ്ടങ്ങൾ നികത്താനും പാരിസ്ഥിതിക പുനർനിർമ്മാണത്തിനും മറ്റുമായി രൂപീകരിച്ച നിധിയിലേക്ക് വിവിധ സമ്പന്ന, പാശ്ചാത്യ രാഷ്ട്രങ്ങൾ 450 ദശലക്ഷം ഡോളർ വാഗ്ദാനം ചെയ്തിരുന്നു. കാലാവസ്ഥാ വ്യതിയാനം ദക്ഷിണഗോള രാഷ്ട്രങ്ങളിൽ സൃഷ്ടിച്ചിട്ടുള്ള ഭീമമായ കെടുതികളുടെയും അവയെ നേരിടാൻ ആവശ്യമായ ശതകോടിക്കണക്കിന് ഡോളറിന്റെയും താരതമ്യത്തിൽ ഉത്തരഗോള ലോകത്തിന്റെ വാഗ്ദാനം തുലോം തുച്ഛമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മാത്രമല്ല സമ്മേളനത്തിന്റെ ലക്ഷ്യമായ ആഗോളതാപനം തടയൽ, ലഘൂകരണ പ്രക്രിയകളിൽ വെള്ളംചേർക്കാനുള്ള ആസൂത്രിത നീക്കമാണ് കോപ് 28ന്റെ സംഘാടകരിൽനിന്നും ഉണ്ടാവുന്നതെന്ന രൂക്ഷവിമർശനം നിരവധി ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളിൽനിന്നും ഉയർന്നിട്ടുണ്ട്. സമ്മേളനം നടക്കുന്ന ദുബായിൽ കാലാവസ്ഥാ പ്രവർത്തകർക്ക് അവരുടെ അഭിപ്രായം പ്രകടിപ്പിക്കാനും പ്രതിഷേധിക്കാനുമുള്ള സ്വാതന്ത്ര്യം ആതിഥേയർ പരിമിതപ്പെടുത്തിയതായുള്ള പരാതി ശക്തമാണ്. മറുവശത്ത് ലോകത്തെ കുപ്രസിദ്ധ കാലാവസ്ഥാ മലിനീകരണ ശക്തികൾക്ക് യഥേഷ്ടം വിഹരിക്കാനുള്ള എല്ലാ സൗകര്യങ്ങളും ആതിഥേയരാഷ്ട്രം ഒരുക്കിനൽകിയിട്ടുമുണ്ട്.


ഇതുകൂടി വായിക്കൂ: വെറുമൊരു ആശയല്ല, ഇവരുടേത് അതിജീവന മാതൃക


കാലാവസ്ഥാ വ്യതിയാനത്തിന്റെ മൂലഹേതുവായ ജൈവഇന്ധനമായ പെട്രോളിയം ഉല്പാദകരായ വമ്പൻ കുത്തകകളാണ് അതിന് തടയിടാൻ ലക്ഷ്യംവച്ചുള്ള ദുബായ് സമ്മേളനത്തിന്റെ നിയന്ത്രണച്ചുമതല കൈയാളുന്നതെന്നതാണ് മുഖ്യവൈരുധ്യം. യുഎഇയുടെ വ്യാവസായിക, വികസിത സാങ്കേതികവിദ്യാ മന്ത്രിയും ലോകത്തെതന്നെ ഏറ്റവും വലിയ എണ്ണക്കമ്പനികളിൽ ഒന്നായ അബുദാബി നാഷണൽ ഓയിൽ കമ്പനിയുടെ മേധാവിയുമായ സുൽത്താൻ അഹമ്മദ് അൽ ജാബേർ ആണ് കോപ് 28ന്റെ അധ്യക്ഷപദവി വഹിക്കുന്നത്. കാലാവസ്ഥാ ശാസ്ത്രത്തിന്റെ ശാസ്ത്രീയതയെത്തന്നെ ചോദ്യം ചെയ്ത അദ്ദേഹത്തിന്റെ പരാമർശം, പിന്നീട് അത് തിരുത്തി വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും, സമ്മേളനത്തിലും ആഗോളതലത്തിലും വൻ വിവാദം സൃഷ്ടിച്ചിരുന്നു. ജൈവഇന്ധന കുത്തകകളുടെയും വക്താക്കളുടെയും ആയിരക്കണക്കിന് പ്രതിനിധികളെക്കൊണ്ട് സമ്മേളനവും ഉപശാലകളും നിറഞ്ഞിരുന്നു. കാലാവസ്ഥാ പ്രതിരോധപ്രവർത്തർക്ക് പരോക്ഷമായെങ്കിലും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കെയാണ് ഇതെന്നത് ആതിഥേയരുടെ ഉദ്ദേശശുദ്ധിയെ ചോദ്യംചെയ്യുന്നു. ആഗോള എണ്ണഭീമൻ എക്സോൺ മൊബീലിന്റെ മേധാവി ഡാറൻ വുഡ്സ് കോപ് സമ്മേളനങ്ങളുടെ ചരിത്രത്തിൽ ആദ്യമായി അതിൽ പങ്കെടുത്തുവെന്നതും സമ്മേളനത്തിന്റെ ഉദ്ദേശശുദ്ധിക്കുനേരെ ചോദ്യമുയർത്തുന്നു. കാലാവസ്ഥാവ്യതിയാനത്തിന് കാരണമാകുന്ന പെട്രോളിയം, കൽക്കരി ഇന്ധനങ്ങള്‍ ഘട്ടംഘട്ടമായി ഉപേക്ഷിക്കുന്നതിനുപകരം പുതിയ പ്രയോഗങ്ങളിലൂടെ അവയെ തുടർന്നും നിലനിർത്താനുള്ള ശ്രമങ്ങൾക്ക് സാധൂകരണം കണ്ടെത്താനാണ് സമ്മേളനത്തിൽ ജൈവഇന്ധന ലോബി ഏർപ്പെട്ടിട്ടുള്ളത്. പാരമ്പര്യേതര ഊർജസ്രോതസുകൾക്കു പകരം പരമ്പരാഗതസ്രോതസുകളുടെ ‘നിലനിൽക്കാവുന്ന’ ബദലുകൾക്കാണ് സമ്മേളനത്തിലും ഉപശാലകളിലും ഊന്നലെന്ന വിമർശനവും ശക്തമാണ്.


ഇതുകൂടി വായിക്കൂ: വനപരിപാലന ഭേദഗതി കോര്‍പറേറ്റുകൾക്കു വേണ്ടി


ആഗോളതാപനത്തിന് കാരണമായ ഉദ്‌വമനങ്ങൾ നിയന്ത്രിക്കാനും പടിപടിയായി കുറച്ചുകൊണ്ടുവരാനും താപനത്തിന്റെ കെടുതികൾ നേരിടുന്ന ദക്ഷിണഗോള രാഷ്ട്രങ്ങളെയും സമൂഹങ്ങളെയും സഹായിക്കാനും ലക്ഷ്യംവച്ചുള്ള കോപ് 28 സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുന്ന ദിശയിലേക്കാണ് സഞ്ചരിക്കുന്നതെന്ന് വിവേകമതികളായ രാഷ്ട്രീയനേതാക്കളും ശാസ്ത്രജ്ഞരും പ്രതിരോധപ്രവർത്തകരും ആരോപിക്കുന്നു. ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ആംനസ്റ്റിയടക്കം സംഘടനകളും രൂക്ഷവിമർശനവുമായി രംഗത്തുണ്ട്. കോപ് സമ്മേളനത്തിന് മുന്നോടിയായി ആതിഥേയരും അധ്യക്ഷപദവി വഹിക്കുന്ന സുൽത്താൻ അഹമ്മദ് അൽ ജാബേറും വിവിധരാഷ്ട്രങ്ങളും കച്ചവടതാല്പര്യങ്ങളുമായി നടത്തിയ കൂടിക്കാഴ്ചകളുടെ ഉള്ളടക്കം പുറത്തുവിട്ട ‘കാലാവസ്ഥാ റിപ്പോർട്ടിങ് കേന്ദ്രത്തി‘ന്റെ റിപ്പോർട്ട് സമ്മേളനത്തിന് ആതിഥേയത്വവും അധ്യക്ഷതയും വഹിക്കുന്നവരുടെ ഉദ്ദേശശുദ്ധിയിൽ കരിനിഴൽ വീഴ്ത്തിയിട്ടുണ്ട്. ലോകം ഉറ്റുനോക്കിയിരുന്ന ഐക്യരാഷ്ട്രസഭയുടെ മറ്റൊരു സംരംഭംകൂടി വെറും കെട്ടുകാഴ്ചയും പാഴ്‌വേലയുമായി മാറുകയാണോ എന്ന ചോദ്യത്തിന് കാലത്തിനുമാത്രമേ ഉത്തരം നൽകാനാവു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.