ഹിസ്ബുൽ ഭീകരർക്കൊപ്പം വാഹനത്തിൽ യാത്ര ചെയ്ത പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ. ശ്രീനഗർ രാജ്യാന്തര വിമാനത്താവളത്തിലെ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ദാവിന്ദർ സിങിനെയാണ് ഹിസ്ബുൽ ഭീകരൻ നവീദ് ബാബുവിനും മറ്റൊരാൾക്കുമൊപ്പം കുൽഗാം ജില്ലയിലെ വാൻപോയിൽ വച്ചു പിടികൂടിയത്. ഭീകരർ ഡൽഹിയിലേക്കുള്ള യാത്രയിലായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
ദക്ഷിണ കശ്മീരില്‍ 11 ഇതര സംസ്ഥാന തൊഴിലാളികളെ കൊന്ന കേസില്‍ പ്രതിയാണ് നവീദ് ബാബു. പൊലീസ് നിരീക്ഷണത്തിലായിരുന്ന നവീദ്, യാത്രാമധ്യേ സഹോദരനെ ഫോണില്‍ ബന്ധപെടാന്‍ ശ്രമിക്കവേയാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
കഴിഞ്ഞ വർഷം ഓഗസ്റ്റ് 15 ന് ദാവിന്ദർ സിങ്ങിന് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ലഭിച്ചിരുന്നു. ശ്രീനഗറിലെ ബദാമി ബാഗ് കന്റോൺമെന്റിലെ ദാവിന്ദർ സിങ്ങിന്റെ വീട്ടിൽ നിന്ന് എകെ 47 റൈഫിളും രണ്ട് പിസ്റ്റലുകളും കണ്ടെടുത്തു. ദാവിന്ദർ സിങ് നാല് ദിവസത്തെ അവധിക്ക് അപേക്ഷിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ ഭീകരർ എന്തിനാണ് ഡൽഹിയിലേക്കു പോയതെന്ന് കണ്ടെത്താൻ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.