പെറുവിനാകുമോ കാനറിക്കൂട്ടത്തെ വെടിവച്ചിടാന്‍?, കോപ കപ്പടിക്കാന്‍ ഇന്ന് കലാശപ്പോര്

Web Desk
Posted on July 07, 2019, 2:42 pm

സുരേഷ് എടപ്പാള്‍

വളരെ അപ്രതീക്ഷിതമായിരുന്നു പെറുവിന്റെ കോപ്പ ഫൈനല്‍ പ്രവേശം. ഗ്രൂപ്പ് റൗണ്ടില്‍ നിന്ന് മൂന്നാംസ്ഥാനക്കാനക്കാരായി ക്വാര്‍ട്ടര്‍. അവിടെനിന്നും ശക്തരായ ഉറുഗ്വേയെ മറികടന്ന് സെമി. പിന്നെ ചാമ്പ്യന്മാരായ ചിലയെ 3–0 തകര്‍ത്ത് ഫൈനല്‍. ഫൈനലിലെത്തയിപ്പോഴൊക്കെ കിരീടവും കൊണ്ടുപോയിട്ടുണ്ട് ഈ ആമസോണ്‍ മഴക്കാട് പ്രദേശത്തുകാര്‍.

ഉറുഗ്വേയും അര്‍ജന്റീനയും ബ്രസീലും കഴിഞ്ഞാല്‍ കോപ്പകപ്പ് സ്വന്തമാക്കിയ ലാറ്റിന്‍ ടീം പെറുവാണ്. 1939 ലാണ് ആദ്യം ഫൈനല്‍ കളിച്ചത്. കിരീടം നേടിയായിരുന്നു മടക്കം. 1975 ല്‍ കൊളംബിയയെ തോല്‍പ്പിച്ചായിരുന്നു ഒടുവിലെ കിരീട നേട്ടം. പിന്നെ ഫൈനലിലെത്താനായിട്ടില്ല. 44 വര്‍ഷത്തിനിപ്പുറമാണ് പെറു വീണ്ടും കോപ്പയുടെ ഫൈനലിലെത്തിയിരിക്കുന്നത്. ഇപ്പോഴാകട്ടെ എതിരാളികള്‍ കരുത്തരായ ബ്രീസില്‍. പോരാത്തതിന് മത്സരം നടക്കുന്നത് ബ്രസീലിലെ ചരിത്രസ്റ്റേഡിയമായ മാരക്കാനായില്‍.
ഗ്രൂപ്പ് തലത്തില്‍ ബ്രസലുമായി ഏററുമുട്ടിയപ്പോള്‍ ദയനീയ പരാജയം. സ്‌കോര്‍ 5–0. പിന്നീട് പെറു മാറി. ഏതുകൊമ്പനേയും നിലക്കു നിര്‍ത്താന്‍ പോന്നവരെന്ന് തെയിയിച്ചായിരുന്നു മുന്നേറ്റം. പക്ഷേ കപ്പടിക്കുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ തന്നെയാണ് പെറുവീയന്‍ സംഘം ഇപ്പോഴും.

1985 നുശേഷം 2016 ലെ കോപ്പയിലാണ് പെറുവിന് ബ്രസീലിനെതിരെ ജയിക്കാനായത്. ആകെ നടന്ന 45 മത്സരങ്ങളില്‍ 32 ലും ജയിച്ചത് മഞ്ഞപ്പട. ലോകകപ്പിലേതുപോലെ കോപ്പയിലും ബ്രസീലിന്റെ നാമം തിളക്കമേറിയതാണ്.1919 മുതല്‍ ഇതുവരെ 20 തവണ ഫൈനല്‍. 8 തവണ കീരീടം. ഒടുവില്‍ 2007 ല്‍ അര്‍ജന്റീനയെ തകര്‍ത്ത് കപ്പില്‍ മുത്തമിട്ടു.
ഗ്രൂപ്പ് മത്സരം മുതല്‍ മികച്ച ഫോമില്‍ കളിക്കുന്ന ബ്രസീല്‍ സെമിയില്‍ മെസ്സി നയിച്ച അര്‍ജന്റീനയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് തകര്‍ത്തത്. എല്ലാം കൊണ്ടും ശക്തി ഭദ്രമാണ് കാനറിപ്പട. കടുപ്പമേറിയ പ്രതിരോധവും ഭാവനാസമ്പന്നമായ മധ്യനിരയും മുര്‍ച്ചയേറിയ ആക്രമണങ്ങള്‍ മെനയുന്ന ഇടിവെട്ട് മുന്നേറ്റക്കാരും ചേരുന്ന ബ്രീസില്‍ എതിരാളികളുടെ പേടി സ്വപ്‌നം തന്നെയാണ്.

സൂപ്പര്‍ താരം നെയ്മറിന്റെ അസ്സാന്നിധ്യത്തിലും ടീം വളരെ ഭംഗിയായി കളിക്കുന്നു. ഗോളടിച്ചും ഗോളടിപ്പിച്ചും കളിക്കാര്‍ എണ്ണയിട്ടയെന്ത്രം പോലെ മൈതാനത്ത് നിറയുന്നു. ഡാനി ആല്‍വ്‌സും തിയാഗോ സില്‍വയും അടങ്ങുന്ന ബ്രസീലിയന്‍ പ്രതിരോധം ഇതിനകം തന്നെ മികവ് തെളിയിച്ചു കഴിഞ്ഞു. ജീസസും, എവര്‍ട്ടനും, കടീഞ്ഞോയും, ഫെര്‍മിനോയും വില്ല്യനും മൊക്കെയുള്ള മഞ്ഞ സ്‌ക്വാഡിലെ എല്ലാവരും ഒന്നിനൊന്നു മികച്ചു നില്‍ക്കുന്നു. പരിക്കുമൂലം ഇന്നത്തെ ഫൈനല്‍ വില്യന്‍ കളിക്കില്ലെന്നാണ് വിവരം.

മാരക്കാനായില്‍ കളിച്ചാല്‍ മാത്രമേ ഒരാള്‍ പൂര്‍ണ്ണ ഫുട്‌ബോളര്‍ ആവുന്നുള്ളൂ എന്ന ഒരു വിശ്വാസം കളിക്കാര്‍ക്കിടിയിലുണ്ട്. ആ മൈതാനത്ത് ടീമിനെ പരിശീലിപ്പിച്ചിറക്കുമ്പോഴേ ഒരാള്‍ ശരിക്കും ഒരു കോച്ചു ആകുന്നുളളൂ. മത്സരത്തിന്റെ ആവേശം ഉള്‍ക്കൊണ്ട് ബ്രസീല്‍ കോച്ച് ടിറ്റെ പറഞ്ഞു. 2014 ലെ ബ്രസീല്‍ ലോകകപ്പില്‍ ജര്‍മ്മനിയില്‍ നിന്നേറ്റ 7–1 പരാജയത്തിന്റെ മുറവുണങ്ങാന്‍ ഈ കപ്പ് കൊണ്ട് ഒരു പരിധി വരെയെങ്കിലും കഴിയുമെന്നാണ് ടിറ്റെയുടെ കണക്കു കൂട്ടല്‍.

അതിശക്തരായി എതിരാളികള്‍ക്കു മുന്നില്‍ നഷ്ടപ്പെടുവാനൊന്നും ഇല്ലാത്തവരാണ് പെറു. അതുകൊണ്ട് തന്നെ സൂപ്പര്‍താരം പൗലോ ഗൊരോറോക്കും കൂട്ടര്‍ക്കും രണ്ടും കല്‍പ്പിച്ചു പൊരുതാം. ഏതു പോരാളികളേയും നിലക്കു നിര്‍ത്താന്‍ പോന്ന കാനറിപ്പടക്ക് ഒറ്റ നോട്ടത്തില്‍ പെറു ഭിഷണിയേ അല്ല. പക്ഷേ ഫുട്‌ബോള്‍ അത്ഭുതങ്ങളുടേതാണ്. അത് പൊരുതാനുറച്ചവരുടേതാണ്. അതു മാരക്കാനായിലാകുമ്പോള്‍ പറയുകയേ വേണ്ട.
67000ത്തിലധികം കാണികളെ ഉള്‍ക്കൊള്ളാവുന്ന റിയോഡിജനിറോയിലെ ഈ ചരിത്ര സ്റ്റേഡയിത്തില്‍ കളിക്കുന്നത് തന്നെ വലിയ കാര്യമായാണ് ഫുട്‌ബോള്‍ ലോകം കാണുന്നത്. അതും ഫൈനല്‍ ബ്രീസിലിന്റെ തന്നെ എതിരാളികളായി. വല്ലാത്ത ഒരു മൂഹൂര്‍ത്തം തന്നെ. നാളെ രാത്രി 1.30 നാണ് പോരാട്ടം.