പന്ന്യന്‍ രവീന്ദ്രന്‍

റിയോ

July 10, 2021, 4:01 pm

മെസിയോ നെയ്‌മറോ, അർജന്റീനയോ ബ്രസീലോ? കോപ്പയിലെ സ്വപ്ന ഫൈനൽ നാളെ പുലര്‍ച്ചെ

Janayugom Online

ലോകം അത്യാകാംക്ഷയോടെ കാത്തിരുന്ന സ്വപ്ന ഫൈനൽ മത്സരം ഞായറാഴ്ച വെളുപ്പിന് ബ്രസീലിലെ മാരക്കാനയിൽ നടക്കുകയാണ്. ചിരകാല വൈരികളും തീപാറുന്ന പോരാട്ടം നടത്തുന്നവരുമാണ് അർജന്റീനയും ബ്രസീലും. ഡീഗോ മറഡോണയുടെ കളിക്കരുത്ത് കൈമുതലായുള്ള അർജന്റീനയ്ക്ക് ചരിത്രത്തിൽ വലിയ വിജയ റെക്കോഡുണ്ട്. മറുഭാഗത്ത് ലോകഫുട്ബോൾ രാജാവായ പെലെയുടെ പ്രശസ്തിയുള്ള ബ്രസീലാണ്. നന്നായി കളിക്കുകയും കാഴ്ചക്കാരുടെ മനസ് കവർന്നു ജയം കയ്യിലാക്കണമെന്ന ആശയുമായി ഫുട്ബോൾ പ്രേമികളുടെ മനംകവർന്നവരാണ് മഞ്ഞക്കിളികളായ ബ്രസീലുകാർ.

മെസിയെന്ന ഫുട്ബോൾ ഇതിഹാസത്തിന് മുപ്പത്തിയെട്ട് വയസായി. ഇനിയൊരു കോപ്പയ്ക്ക് വിദൂരസാധ്യത മാത്രം. അതുകൊണ്ട് ഇത്തവണ ജയിച്ചു കയറണം എന്നത് ദൃഢനിശ്ചയമാണ്. നെയ്മർക്ക് നിലവിലുള്ള ചാമ്പ്യൻഷിപ്പ് നിലനിർത്തണം. രണ്ടു ടീമുകളും മികച്ച പ്രതിയോഗികളാണ്. കോപ്പയിൽ നന്നായി പോരാടിയവരുമാണ്. ഗ്രൂപ്പ് മത്സരത്തിൽ രണ്ട് ടീമുകളും തുല്യത കാട്ടിയിരുന്നു. സെമിയിൽ ബ്രസീൽ പെറുവിനെയും അർജന്റീന കൊളംബിയയെയും കടന്നാണ് വന്നത്.

ഇന്ന് മലയാളികൾക്ക് നിദ്രാവിഹീനരാത്രിയാണ്. ഞായറാഴ്ച പുലര്‍ച്ചെ 5.30നും അർധരാത്രി 12.30നും രണ്ടു ഭൂഖണ്ഡത്തിലായി നടക്കുന്ന ഫുട്ബോൾ മാമാങ്കത്തിന് വേണ്ടിയാണ് മലയാളി മനസ് ആകാംക്ഷയോടെ കാത്തിരിക്കുന്നത്. മനസിന്റെ പെൻഡുലം കണക്ക് കൂട്ടുകയും കിഴിക്കുകയും ചെയ്യുന്നത് സ്വന്തം ടീമീന്റെ വിജയം ഉറപ്പിക്കാനാണ്. അപ്പോൾ ന്യായമായും സംശയം തോന്നാം ഏതാണ് സ്വന്തം ടീം എന്ന്. സംശയിക്കേണ്ട നാലു ടീമുകളും കേരളത്തിന്റെ മനസ് കീഴയടക്കിയവര്‍ തന്നെ. ഇറ്റലിക്കും ഇംഗ്ലണ്ടിനും കടുത്ത ആരാധകരുണ്ട്. അർജന്റീനയും ബ്രസീലും സ്വന്തം ടീമുുകള്‍ തന്നെയാണ്.

ഒത്തിണക്കവും ആത്മവിശ്വാസവും നിലനിർത്തിയാണ് ബ്രസീൽ എല്ലാ കളിയിലും മുന്നിൽ കയറിയത്. കണിശക്കാരനായ കോച്ച് ടീറ്റെ തന്ത്രശാലിതന്നെയെന്ന് ഓരോ മത്സരങ്ങളിലെയും ഫോർമേഷൻ തെളിയിച്ചു. ഗ്രൂപ്പിലെ നാലാം മത്സരത്തിൽ നെയ്മറെയും പിക്വെയെയും ഉൾപ്പെടെ പുറത്തിരുത്തി ടീമിനെ ഇറക്കിയത് ഫൈനൽ മുന്നിൽ കണ്ടുകൊണ്ടാണ്. നെയ്മർ മികച്ച നിലയിൽ മുന്നേറ്റനിരയെ നയിക്കുന്നു. മറ്റൊരു പ്രധാന സ്ട്രൈക്കർ ജെസ്യൂസ് കളിക്കാത്തത് മുന്നേറ്റത്തെ നേരിയ തോതിൽ ബാധിച്ചേക്കാം.

മറുഭാഗത്ത് അർജന്റീന രണ്ടും കല്പിച്ചാണ് കളിക്കുക. സെമിഫൈനൽ മത്സരത്തിലാണ് ശരിക്കും രണ്ടും കല്പിച്ച് കളിച്ചത്. മെസിയെന്ന ഫുട്ബോൾ ജേതാവിന്റെ യഥാർത്ഥ കളിയഴക് കണ്ടത് ഈ കളികളിലാണ്. കൊളംബിയൻ ഡിഫന്റർമാർ ശത്രുവിനോടെന്ന പോലെ മെസിയെ ശാരീരികമായി അക്രമിച്ചുവെങ്കിലും കാലിൽ രക്തംവീഴുമ്പോഴും പൊലിപ്പിച്ചു കൊണ്ടാണ് കളിക്കാർക്ക് വീര്യം നൽകാൻ വേണ്ടി ആദ്യ പെനാൽറ്റി കിക്കെടുത്ത് ഗോളാക്കി മാറ്റിയത്. മെസിയുടെ കളി ജീവിതത്തിലെ നിർണായകമായ മത്സരമാണിത്. മുപ്പത്തിനാല് വയസിന്റെ നിറവിൽ സ്വന്തം രാജ്യത്തിനുവേണ്ടി ഒരു കിരീടം സ്വന്തമാക്കി തലയുയർത്തി നടക്കണം.

Eng­lish sum­ma­ry: Copa Amer­i­ca Final

You may also like this video: