Thursday 5, August 2021
Follow Us
EDITORIAL Janayugom E-Paper
പുളിക്കല്‍ സനില്‍രാഘവന്‍

July 18, 2021, 2:43 pm

ഓണ്‍ലൈന്‍ പഠന സഹായം: വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങായി സഹകരണവകുപ്പ് വിദ്യാതരംഗിണി വായ്പാപരിധി പത്തുലക്ഷമാക്കി

സഹകരണ മേഖലയെ തകര്‍ക്കാന്‍ രഹസ്യ അജണ്ടയുമായി കേന്ദ്ര സര്‍ക്കാരും
Janayugom Online

ഓണ്‍ലൈന്‍ പഠന സഹായമൊരുക്കുന്നതിനു സഹകരണവകുപ്പാരംഭിച്ച വിദ്യാതരംഗിണി വായ്പയുടെ പരിധി അഞ്ചുലക്ഷത്തില്‍നിന്നു പത്തുലക്ഷം രൂപയാക്കി. സംസ്ഥാന സര്‍ക്കാര്‍. പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകിച്ചും മൊബൈല്‍ ഫോണില്ലാത്ത ബുദ്ധിമുട്ടുന്ന വിദ്യാര്‍ഥികളെ സഹായിക്കാനാരംഭിച്ചതാണ് സംസ്ഥാന സഹകരണ വകുപ്പ് ആരംഭിച്ച വിദ്യാതരംഗിണി. സ്‌കൂള്‍ അധികൃതരുടെ സാക്ഷ്യപത്രത്തോടൊപ്പം അപേക്ഷിക്കുന്ന ഒന്നുമുതല്‍ 12 വരെ ക്ലാസുകളിലുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് 10,000 രൂപ വരെയാണ് പലിശരഹിത വായ്പ അനുവദിക്കുക. അഞ്ചു ലക്ഷമായിരുന്നതാണ് പത്തു ലക്ഷമാക്കി ഉയര്‍ത്തി, സഹകരണ രംഗത്ത് കര്‍മ്മപദ്ധതി ആരംഭിച്ചത്. സഹകരണ സംഘങ്ങളിലെ എ, ബി ക്ലാസ് അംഗങ്ങള്‍ക്കായിരുന്നു അര്‍ഹത. എന്നാല്‍ ഇനി സി ക്ലാസ് അംഗങ്ങള്‍ക്കും വായ്പ ലഭിക്കും. താത്കാലികമായി അനുവദിക്കുന്ന അംഗത്വമാണ് സി ക്ലാസ്. ഇവര്‍ക്ക് വോട്ടവകാശമോ ലാഭവിഹിതമോ ഒന്നും ലഭിക്കില്ല. കേരള ബാങ്കുവഴിയും ഈ വായ്പാ ലഭ്യമാക്കാൻ തീരുമാനമെടുത്തിട്ടുണ്ട്. 

ഇത്തരത്തിൽ 8000 വായ്പകൾ ബാങ്ക് നൽകും. സഹകരണ മേഖലയിലേക്ക് കൂടുതൽ യുവാക്കളെ ആകർഷിക്കുന്നതിന് യുവസംരംഭകർക്കും സേവനദാതാക്കൾക്കുമായി സഹകരണ സംഘങ്ങൾ ആരംഭിക്കും. ഇത് സംബന്ധിച്ച് സഹകരണ വകുപ്പ് നടപടികൾ തുടങ്ങി. നിലവിൽ 41 ഗ്രൂപ്പുകളായി സംഘം രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഗുരുതര ആരോഗ്യപ്രശ്നങ്ങൾമൂലം കഷ്ടപ്പെടുന്ന സഹകാരികൾക്ക് അടിയന്തിരസഹായം ലഭ്യമാക്കാനായി കേരള സഹകരണ അംഗ സമാശ്വാസനിധി അഥവാ മെമ്പർ റിലീഫ് ഫണ്ട് പദ്ധതിക്ക് സഹകരണ വകുപ്പ് രൂപം നൽകി. പദ്ധതി വഴി 11194 പേർക്ക് 23.94 കോടി രൂപയുടെ ധനസഹായമാണ് കേരളത്തിലെ സഹകാരികൾക്ക് ലഭ്യമാകാൻ പോകുന്നത്. 14 ജില്ലകളിലും ഈ ആനുകൂല്യ വിതരണം ഉടൻ പൂർത്തിയാക്കും. മഹാപ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് സഹകരണ സംഘങ്ങളുടെ സഹായത്തോടെ വീട് നിർമ്മിക്കാൻ സഹകരണ വകുപ്പ് ആവിഷ്‌ക്കരിച്ച കെയർഹോം പദ്ധതിയുടെ രണ്ടാംഘട്ടത്തിലെ ഫ്ളാറ്റ്സമുച്ചയ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നു. തൃശൂർ പഴയന്നൂർ പഞ്ചായത്തിലെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വിലയ്ക്കു വാങ്ങിയ 1.06 ഏക്കർ സ്ഥലത്താണ് ഫ്ളാറ്റ് പണിയുന്നത്. ഭൂരഹിത ഭവന രഹിതർക്കായുള്ള ഫ്ളാറ്റുകളുടെ നിർമ്മാണമാണ് ഈ ഘട്ടത്തിലുള്ളത്. ഈ സമുച്ചയത്തിൽ 40 ഭവനങ്ങൾ ഉണ്ടാകും. 

450 മുതൽ 500 വരെ സ്‌ക്വയർ ഫീറ്റ് വീസ്തീർണ്ണം ഓരോ ഫ്ളാറ്റിനും ഉണ്ടാകും. തൃശൂർ ജില്ലയിലെ ഫ്ളാറ്റ് സമുച്ചയത്തിൽ പത്തു ബ്ലോക്കുകളാണുള്ളത്. ഓരോന്നിലും നാലു ഫ്ളാറ്റുകൾ വീതം. ഓരോ സമുച്ചയവും ഇരുനിലകളിലായി നാലു ഫ്ളാറ്റുകൾ ചേർന്നതാണ്. പ്രാഥമിക ബാങ്കുകളും കേരളബാങ്കും തമ്മിലുള്ള ഐ.ടി ഏകീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ നടപടികൾ സ്വീകരിക്കുന്നു കൂടാതെ . സർക്കാരിന്റെ നൂറ് ദിന കർമപരിപാടിയിൽ സഹകരണ മേഖല 10,000 തൊഴിൽ സൃഷ്ടിക്കും. പ്രാഥമിക സംഘങ്ങളെ കോർ ബാങ്കിംഗിന്റെ ഭാഗമാക്കും.കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകും. ബ്ലേഡ് മാഫിയക്കെതിരെ ഗ്രാമീണ ജനതയെ സംരക്ഷിക്കാനായി ആരംഭിച്ച മുറ്റത്തെ മുല്ല പദ്ധതി വിപുലീകരിക്കും. സംസ്ഥാനത്തെ എല്ലാ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളിലും കോർ ബാങ്കിംഗ് നടപ്പാക്കും. കലാകാരൻമാർക്കും സംഗീതവുമായി ബന്ധപ്പെട്ടവർക്കും പുതിയ സഹകരണ സംഘം രൂപീകരിക്കും. കോട്ടയത്തെ അക്ഷരമ്യൂസിയം പദ്ധതി, കോപ്പറേറ്റീവ് ഉത്പന്നങ്ങളുടെ ബ്രാൻറിംഗ്, അട്ടപ്പാടി സമഗ്ര ആരോഗ്യ പദ്ധതി, സമഗ്ര നിയമ പരിഷ്‌കരണം എന്നിവയും നടപ്പാക്കും. കോ-ഓപ്പ് മാർട്ട് പദ്ധതിക്ക് കീഴിൽ ഇ‑മാർക്കറ്റിംഗ് പ്ലാറ്റ്ഫോം ആവിഷ്‌കരിക്കും. എല്ലാ ജില്ലകളിലും സഹകരണ ചന്തകൾ ഉണ്ടാകും. സംസ്ഥാനത്താകെ അധികാര പരിധിയിലുള്ള പുതിയ നെല്ല് സഹകരണ സംഘം രൂപീകരിക്കും. പാലക്കാട് റൈസ്മിൽ മാതൃകയിൽ രണ്ട് ആധുനിക റൈസ്മില്ലുകൾ സ്ഥാപിക്കും. 

പാപ്കോസിൽ ഈ വർഷം തന്നെ വാണിജ്യാടിസ്ഥാനത്തിൽ ഉൽപ്പാദനം ആരംഭിക്കും. പുനർജനി പദ്ധതിയിൽപ്പെടുത്തി പട്ടികജാതി പട്ടികവർഗ്ഗ സഹകരണ സംഘങ്ങൾ നവീകരിക്കും. കൂടുതൽ തൊഴിൽ സാധ്യത ഉറപ്പുവരുത്തും. ഇത്തരത്തില്‍ സാധാരണക്കാരന് ഏറെ ഉപകാരപ്രദമായ രീതിയില്‍ സഹകരണ വകുപ്പ് മുമ്പോട്ട് പോകുമ്പോള്‍ അതിന്‍റെ തച്ചുടക്കാനായി കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്,സഹകരണമേഖലയുടെ പോരായ്‌മകൾ തീർക്കാനും അവയെ ശക്തിപ്പെടുത്താനും പ്രത്യേക ഭരണനിർവഹണ–- നിയമപരിപാലന–- നയ ചട്ടക്കൂടിന്‌ രൂപം നൽകലാണ്‌ ലക്ഷ്യമെന്ന്‌ കേന്ദ്ര ഗവൺമെന്റ്‌ പരസ്യമായി അവകാശപ്പെടുമ്പോഴും മന്ത്രാലയത്തിന്റെ അധികാര വിസ്‌തൃതിയും പ്രവർത്തന രീതികളും അതിന്റെ വിശദാംശങ്ങളും വ്യക്തമാക്കിയിട്ടില്ല. സഹകരണസ്ഥാപനങ്ങളെ കേന്ദ്ര നിയന്ത്രണത്തിലേക്കെത്തിക്കലാണ്‌ മനസ്സിലിരിപ്പെന്ന്‌ വ്യക്തം. 

വിവിധ സംസ്ഥാനങ്ങളിൽ നേരിട്ട്‌ തോന്നുംപടി സഹകരണ സ്ഥാപനങ്ങൾ പടുത്തുയർത്താനും കേന്ദ്രഗവൺമെന്റ്‌ ലക്ഷ്യമിടുന്നു. ഇതെല്ലാം കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ഉരസലുകൾക്കും ഏറ്റുമുട്ടലുകൾക്കും വഴിതുറക്കും. കോർപറേറ്റുകൾക്കായി പൊതുമേഖലാ ബാങ്കുകളെ കൊള്ളയടിക്കുകയും അവയെ അനാകർഷകമാക്കി ഉപഭോക്താക്കളെ അകറ്റുകയുംചെയ്‌ത മോഡി സർക്കാർ സഹകരണമേഖലയിൽ കൈവയ്‌ക്കുന്നത്‌ ഫെഡറലിസത്തിന്‌ വിരുദ്ധമാണ്‌. . ഭരണഘടനയുടെ ഏഴാംപട്ടികയിലെ ‘സംസ്ഥാന പട്ടിക’യിൽ 32–-ാമതായിവരുന്ന സഹകരണ സംഘങ്ങളുടെ രൂപീകരണവും നിയന്ത്രണവും സംസ്ഥാനങ്ങളുടെ അധികാരമാണ്. ആ കാഴ്‌ചപ്പാടിനെ ദുർബലമാക്കുന്ന നടപടിയാണ് ഇപ്പോഴത്തേത്. പ്രാഥമിക കൂടിയാലോചനയ്‌ക്കുപോലും കേന്ദ്രം തയ്യാറായതുമില്ല.സഹകരണ മന്ത്രാലയ രൂപീകരണത്തിലൂടെ സംഘപരിവാറും മോഡിസർക്കാരും മുഖ്യമായും ലക്ഷ്യമിടുന്നത്‌ കേരളത്തെയാണ്‌. സംസ്ഥാനത്തെ രണ്ടര ലക്ഷം കോടിയുടെ നിക്ഷേപം കൊത്തിവലിക്കാൻ കുത്തകകൾക്ക്‌ അവസരമൊരുക്കാനാണ്‌ വെട്ടിപ്പിടിത്തങ്ങളുടെ രാജാവായ അമിത്‌ ഷായ്‌ക്കുതന്നെ ചുമതല നൽകിയതും. ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ ഊടുംപാവുമായ ഈ‌‌ സമാന്തര സംരംഭത്തിന്റെ അടിത്തറയിലാണ്‌ ഇവിടത്തെ മതനിരപേക്ഷ സമൂഹം നിലനിൽക്കുന്നത്‌. അതിനെ തകർക്കുക കുറച്ചു വർഷങ്ങളായി ആർഎസ്‌എസ്‌ നേതൃത്വത്തിലുള്ള സംഘപരിവാർ ബുദ്ധികേന്ദ്രങ്ങളുടെ രാഷ്‌ട്രീയ ലക്ഷ്യമാണ്‌. അതിനാൽ സഹകരണമേഖലയെ മൂലധന താൽപ്പര്യങ്ങളുടെ കാൽക്കീഴിൽ വയ്‌ക്കുന്നത്‌ സർവശക്തിയുമുപയോഗിച്ച്‌ എതിർക്കേണ്ടതുണ്ട്‌.

Eng­lish Sum­ma­ry : cop­er­a­tive dept gives aid for stu­dents on online learning

You may also like this video :