കെ രംഗനാഥ്

ദുബായ്

June 13, 2020, 9:24 pm

കണ്ണിലൂടെയും കൊറോണ പകരാം

Janayugom Online

സര്‍വവ്യാപിയും അരൂപിയുമായ കൊറോണ വെെറസ് പിന്നെയും മനുഷ്യരാശിയെ പേടിപ്പിക്കുന്നു. സ്പര്‍ശനത്തിലൂടെ മാത്രമല്ല ദര്‍ശനം വഴിയും ഈ മഹാമാരി പടരാമെന്ന് പഠനങ്ങള്‍. ചുംബനവും ഹസ്തദാനവുമരുത്, സ്പര്‍ശനം നിഷിദ്ധം, പ്രതലങ്ങളില്‍ തൊടരുത്, നിരന്തരം കെെകഴുകുക തുടങ്ങിയ കൊറോണ വേദോപദേശങ്ങള്‍ക്കു പിന്നാലെ മൊബെെല്‍ ഫോണുകളും ടാബ്‌ലറ്റുകളും കമ്പ്യൂട്ടറുകളും വഴിയും സ്പര്‍ശനംമൂലമുള്ള രോഗപകര്‍ച്ചയുണ്ടാകാമെന്ന പഠനങ്ങളും വന്നു.

ഏറ്റവും ഒടുവില്‍ വരുന്നു കണ്ണിലൂടെയും കൊറോണ പകരാമെന്ന ഭയപ്പെടുത്തുന്ന പഠനം. യുഎസില്‍ മയോക്ലിനിക്കിലെ നേത്രരോഗ വിദഗ്ധയായ ഡോ.എലിസബത്ത് ബ്രാഡ്‌ലിയാണ് കണ്ണിലെ സുതാര്യമായ പാടഭേദിച്ച് കൊറോണ വെെറസ് മനുഷ്യശരീരത്തില്‍ പ്രവേശിക്കാമെന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

യുഎസില്‍ ബാള്‍ട്ടിമോറിലെ ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിസിനില്‍ ഡോ. എലിയ ദുവിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനമാണ് കണ്ണിലൂടെയും കൊറോണ പടരാമെന്ന് കണ്ടെത്തിയിരിക്കുന്നതെന്ന് ഡോ. എലിസബത്ത് ചൂണ്ടിക്കാട്ടി. കണ്‍പോളകളുടെ ഉള്‍ഭാഗവും കണ്ണിനുള്ളിലെ വെളുത്ത ഭാഗവും പൊതിയുന്ന സുതാര്യമായ പാടയായ ‘കണ്‍ജങ്ക്റ്റെെവ’ തുരന്ന് കൊറോണ വെെറസ് ഉള്ളില്‍ കടക്കാനുള്ള സാധ്യതകള്‍ ഏറെയാണ്. പ്രതിരോധത്തിന് മാസ്കുമാത്രം ധരിക്കുന്നവര്‍ കണ്ണുകള്‍ക്ക് സംരക്ഷണകവചം ഒരുക്കാറുമില്ല.

രോഗബാധയുള്ളവരോ രോഗവാഹകരോ‍ അവരറിയാതെ തന്നെ തുമ്മിപ്പോയാല്‍ അകലംപാലിച്ചു നില്ക്കുന്നവരുടെ കണ്ണുകള്‍ക്കുള്ളിലേക്ക് വെെറസ് പ്രവേശിച്ചുകൂടെന്നില്ലെന്ന് ദുബായിലെ പ്രെെം ആശുപത്രിയിലെ നേത്രരോഗവിഭാഗത്തിലെ സ്പെഷലിസ്റ്റും ഇന്ത്യാക്കാരിയുമായ ഡോ. ദില്‍ജിത് കൗര്‍ ഗാഹിറും പറയുന്നു. കണ്ണുകളടക്കം മൂടുന്ന മാസ്കുകളോ വീതിയേറിയ ഫ്രെയിമുള്ള കണ്ണടകളോ കണ്ണുകളിലൂടെയുള്ള രോഗവ്യാപനം തടയാന്‍ ഉപയോഗിക്കണമെന്നും അവര്‍ ഉപദേശിക്കുന്നു. കണ്ണട ധരിക്കുന്നത് ഉപയോഗിക്കുന്നത് അഭംഗിയെന്നു കരുതി കോണ്ടാക്ട് ലെന്‍സ് ഉപയോഗിക്കുന്നവര്‍ അത് പ്രാണരക്ഷാര്‍ത്ഥം ഉപേക്ഷിക്കുകയാണ് നന്നെന്നാണ് മറ്റൊരു ഉപദേശം.

Eng­lish sum­ma­ry; coro­na affect with eye

you may also like this video;