നിപാ രോഗത്തെ തുരത്തിയ കേരളത്തിന്റെ മുന്നില്‍ കൊറോണയും മുട്ടുമടക്കുന്നു. സംസ്ഥാനത്ത് ആദ്യ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച തൃശൂര്‍ സ്വദേശിയായ വിദ്യാര്‍ഥിയുടെ പുതിയ രക്തസാംബിള് പരിശോധനയുടെ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള വിദ്യാര്‍ഥിയുടെ രണ്ടാമത്തെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. അടുത്ത പരിശോധാഫലം കൂടി നെഗറ്റീവായാല്‍ ഇവര്‍ക്ക് ആശുപത്രി വിടാനാകും. അതേസമയം കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത പ്രചരിപ്പിച്ച രണ്ട് പേരെ കൂടി പൊലിസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ സ്വദേശികളായ ബിപീഷ്, പ്രദോഷ് എന്നിവരാണ് പിടിയിലായത്.
ഈ മാസം ആറിന് അയച്ച സാമ്പിളിന്റെ പരിശോധനാഫലമാണ് നെഗറ്റീവ് ആയിരിക്കുന്നത്. ആലപ്പുഴ വൈറോളജി ഇൻസ്റ്റിട്യൂട്ടിലാണ് പരിശോധനയ്ക്ക് അയച്ചിരുന്നത്. ശനിയാഴ്ച അയച്ച സാമ്പിള്‍ കൂടി നെഗറ്റീവ് ആയാല്‍ മെഡിക്കള്‍ ബോര്‍ഡ് യോഗം ചേരും. അതുവരെ ഒന്നിടവിട്ട ദിവസങ്ങളില്‍ പെണ്‍കുട്ടിയുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയക്കും. നിലവില്‍ ഏഴ് പേര് മാത്രമാണ് തൃശൂര്‍ ജില്ലയില്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുളളത്. രോഗബാധിതരുടെ സ്ഥിതി മെച്ചപ്പെട്ടു വരികയാണ്. എന്നാൽ, ജാഗ്രത കുറച്ചുദിവസത്തേക്ക് കൂടി തുടരും. 28 ദിവസത്തെ നിരീക്ഷണകാലം പൂർത്തിയായാലേ സംസ്ഥാനം കൊറോണ മുക്തമെന്ന് പ്രഖ്യാപിക്കാനാവൂ എന്നാണ് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചത്. സംസ്ഥാനത്ത് രോഗം ഫലപ്രദമായി നിയന്ത്രിക്കാനായെന്നും മന്ത്രി പറഞ്ഞു.
English Summary: Corona affected first girls result is negative
You may also like this video