ഇന്ത്യ: അഞ്ച് ലക്ഷം കോടി നഷ്ടം

Web Desk

ന്യൂഡൽഹി

Posted on February 28, 2020, 11:21 pm

കൊറോണ പേടിയിൽ രാജ്യത്തെ ഓഹരിവിപണി ഇന്നലെ കൂപ്പുകുത്തി. നിക്ഷേപകർക്ക് ഇന്നലെ ഒറ്റദിവസം കൊണ്ട് അഞ്ച് ലക്ഷം കോടിയുടെ നഷ്ടമാണ് ഉണ്ടായതെന്നാണ് റിപ്പോർട്ട്. 2008 ലെ സാമ്പത്തിക മാന്ദ്യത്തിന് ശേഷം ഓഹരിവിപണി ഒറ്റ ദിവസം കൊണ്ട് 1500 പോയിന്റ് ഇടിയുന്നത് ആദ്യമായാണെന്ന് കമ്പോള വിദഗ്ധർ വിലയിരുത്തുന്നു. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ 30 ലിസ്റ്റഡ് കമ്പനികളുടെ ഓഹരികൾ 1100.27 പോയിന്റ് ഇന്നലെ ഇടിഞ്ഞു.

നിഫ്റ്റി 329.50 പോയിന്റാണ് ഇന്നലെ ഒരു ദിവസം കൊണ്ട് തകർന്നത്. ഇന്നലെ മാത്രം മൂലധന വിപണിയിൽ 4,65,915. 58 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ഇന്നലെ 1,47,74,108.50 കോടി രൂപയുടെ മൂലധനസമാഹരണം മാത്രമാണ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഉണ്ടായത്. വ്യാഴാഴ്ച്ച 1,52,40,024.08 കോടി രൂപയായിരുന്നു. ടാറ്റാ സ്റ്റീൽ, ടെക് മഹീന്ദ്ര, ഇൻഫോസിസ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര, ബജാജ് ഫിനാൻസ്, റിലയൻസ് ഇൻഡസ്ട്രീസ് എന്നീ ലിസ്റ്റഡ് കമ്പനികളുടെ ഓഹരികളാണ് ഗണ്യമായി ഇടിഞ്ഞ് റെഡ് സോണിലെത്തിയത്. ഇന്നലെ മാത്രം 3127.36 കോടിയുടെ വിദേശ പോർട് ഫോളിയോ നിക്ഷേപം പിൻവലിച്ചു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 9389 കോടി രൂപയുടെ ഇക്വിറ്റികളാണ് വിദേശ നിക്ഷേപകർ വിറ്റഴിച്ചത്.

Eng­lish SUm­ma­ry: coro­na affects indi­an econ­o­my