വത്സൻ രാമംകുളത്ത്

June 10, 2020, 2:45 am

കൊറോണയ്ക്കും കൊലവെറിക്കും നല്ല മരുന്നുതന്നെ വേണം

Janayugom Online

കൊറോണയെന്ന് കേട്ടാൽ ആളുകൾക്ക് ഭയമാണ്. കോവിഡ് എന്ന മഹാമാരിപ്പട്ടത്തോടെ ഇവൻ ലോകത്തെയാകെ പിടിച്ചുകുലുക്കി. കുലുക്കുകയല്ല, വിറപ്പിച്ചു. ഓരോരുത്തരായി ചത്തുവീഴുമ്പോഴും ലോകപൊലീസായ ട്രംപിനും ലോകപട്ടാളം ചമയുന്ന മോഡിക്കും കൂസലില്ല. ഇവരുടെ ചെയ്തികൾ കണ്ടും കേട്ടും കൊറോണ നാണംകെട്ട് മടങ്ങുമെന്നാണ് കരുതിയത്. കലികൂടുകയാണ് ചെയ്തത്. ലോകത്താകെ കൊറോണ കൊന്നുതിന്നത് നാലേകാൽ ലക്ഷത്തിനടുത്ത് പച്ചമനുഷ്യരെയാണ്. കൊറോണയുടെ ഭീകരതാണ്ഡവത്തിനിടയിൽ ട്രംപിനും മോഡിക്കും എന്തെങ്കിലും രഹസ്യ അജണ്ടയുണ്ടായിരുന്നോ. ഉണ്ടെന്നാണ് തോന്നുന്നത്. അമേരിക്കയിൽ കൊറോണ വൈറസ് വ്യാപനത്തിൽ ജീവൻ പോയതിലധികവും ട്രംപിന് താല്പര്യമില്ലാത്ത കുടിയേറ്റക്കാരുടേതാണ്.

ഇന്ത്യയിൽ വീണുമരിക്കുന്നത്, കുടിയേറ്റത്തൊഴിലാളികളും നിരാലംബരായ ഗ്രാമീണരും അവശതയനുഭവിക്കുന്നവരും. ഇവരെ തീർക്കാൻ രണ്ടിടത്തും ചെയ്തത് ഒരേ പോംവഴിയാണോ? അമേരിക്കൻ വംശജരല്ലാത്തവർക്ക് ആർക്കും അവിടെ തീവ്രപരിചരണം ലഭിക്കുന്നില്ല. കോവിഡ് ബാധിതമേഖലയിൽ നൽകിയ നിർദ്ദേശം, 50 കഴിഞ്ഞവരാരും ആശുപത്രിയിലേക്ക് വരേണ്ടെന്നാണ്. അഥവാ ആശുപത്രിയിലെത്തിയാൽ വെന്റിലേറ്റർ സൗകര്യം കൊടുക്കുന്നുമില്ല. ഇവിടെ ഇന്ത്യയിലും കാര്യങ്ങളൊക്കെ സമാനമാണ്. രാജ്യതലസ്ഥാനമായ ഡൽഹിയിലും മഹാനഗരമായ മുംബൈയിലും മോഡീനാടായ ഗുജറാത്തിലും യോഗീദേശമായ ഉത്തർപ്രദേശിലും ആശുപത്രികളുണ്ടെങ്കിലും കോവിഡ് ബാധിതർ പുറത്തേയ്ക്ക് വരുന്നത് ജീവനറ്റാണ്.

ഡൽഹിയിൽ വെന്റിലേറ്റർ സൗകര്യം ഇല്ലെന്ന വസ്തുത ബോധ്യപ്പെടുത്താതെ രോഗികളെ കയറ്റി പണം പിടുങ്ങുന്നു. ഡൽഹിയിൽ കോവിഡ് രോഗചികിത്സയ്ക്കുള്ള കുറഞ്ഞ തുക മൂന്ന് ലക്ഷം രൂപ. കാര്യങ്ങളൊക്കെ ഇങ്ങനെയാണെങ്കിലും കോവിഡ് ബാധിക്കാത്ത നേതാക്കൾ ഓഫീസുകളിലിരുന്ന് തുറന്ന പോരിലാണ്. പോര് കൊറോണ വൈറസിനോടല്ല, മുസൽമാനോടാണ്; ക്രൈസ്തവനോടും പിന്നാക്കക്കാരനോടുമാണ്, കമ്മ്യൂണിസത്തോടാണ്. കാലം എത്രപോയിട്ടും ഹിറ്റ്ലറുടെ പ്രേതത്തെ ഒരിടത്തും ആവാഹിക്കപ്പെട്ടിട്ടില്ല. അത് ട്രംപിന്റെ ശരീരത്തിലൂടെ കറുത്തവർഗക്കാരെയും മോഡിയിലൂടെ ഹൈന്ദവേതര മതക്കാരെയും കമ്മ്യൂണിസ്റ്റുകളെയും കൊന്നുതീർക്കാൻ തന്നെ തുനിഞ്ഞിറങ്ങിയിരിക്കുകയാണ്.

കൊറോണയില്ലെങ്കിലും ഇവരിതുന്നെചെയ്യും. ആദ്യം അവർ കമ്മ്യൂണിസ്റ്റുകളെ തേടി വന്നു ഞാൻ ഒന്നും മിണ്ടിയില്ല കാരണം, ഞാനൊരു കമ്മ്യുണിസ്റ്റ് അല്ലായിരുന്നു പിന്നീട് അവർ തൊഴിലാളികളെ തേടി വന്നു അപ്പോഴും ഞാനൊന്നും മിണ്ടിയില്ല കാരണം, ഞാനൊരു തൊഴിലാളി ആയിരുന്നില്ല പിന്നീട് അവർ ജൂതരെ തേടി വന്നു ഞാനൊന്നും മിണ്ടിയില്ല കാരണം ഞാനൊരു ജൂതനായിരുന്നില്ല ഒടുവിൽ അവർ എന്നെ തേടി വന്നു അപ്പോൾ എനിക്ക് വേണ്ടി സംസാരിക്കാൻ ആരും അവശേഷിച്ചിട്ടുണ്ടായിരുന്നില്ല… ഇതിങ്ങനെ വായനാരസത്തിനായി എഴുതിച്ചേർത്ത വരികളായിരുന്നില്ല. ഏകാധിപതിയായ ഹിറ്റ്ലർ യുഗത്തിന്റെ നേർസാക്ഷ്യമാണത്. ആധുനിക യുഗത്തിലെ ഹിറ്റ്ലർമാരായ ട്രംപിനും മോഡിക്കും മുന്നിൽ മനുഷ്യർ അനുഭവിച്ചുകൊണ്ടിരിക്കുന്ന വസ്തുതയും. കൊറോണയുടെ വ്യാപനനാളുകൾ മരണഭീതിയുടേതാണ്. മരണത്തെ ഭയക്കുന്നവർ കൊട്ടിയടയ്ക്കപ്പെട്ട വീടുകൾക്കുള്ളിൽ കഴിയുന്നു.

ഈ വസ്തുതയെ ആയുധമാക്കിയാണ് കൊലവെറിയുടെ ഭീകരരൂപമായ ട്രംപ് ജോർജ് ഫ്ലോയ്ഡിനെ കൊന്ന്, തന്റെ ശത്രുവർഗത്തെ തെരുവിലേക്ക് വലിച്ചിറക്കിയത്. അതിൽ കറുത്തവരും വെളുത്തവരുമായ ശത്രുക്കളെല്ലാം ഉണ്ടെന്നതാണ് ട്രംപിന്റെ ഉള്ളിലെ ചിരി. പക്ഷെ, ആ പ്രക്ഷോഭത്തീയിലേക്ക് കടന്നുചെല്ലാൻ കൊറോണയ്ക്ക് ഇതുവരെ ധൈര്യം വന്നിട്ടില്ലെന്നത് മനുഷ്യസ്നേഹികളായ മാലോകരെയാകെ സന്തോഷിപ്പിക്കുന്നുമുണ്ട്. മോഡിയും കൊറോണക്കാലത്ത് ചെയ്തത് ഇതേ തന്ത്രം തന്നെ. വൈറസ് ഇന്ത്യയിലേക്ക് പ്രവേശിച്ചയുടൻ ട്രംപിന് വീരോചിത വരവേല്പ് നൽകി. ട്രംപ് കാണാതിരിക്കാൻ തന്റെ ജന്മനാട്ടിലെ പാതയോരത്തെ ചേരി നിവാസികളെ മതിൽകെട്ടി മറച്ചു. ട്രംപിനെ കാണാനായി സമ്പന്ന, സവർണ വിഭാഗങ്ങളേക്കാളേറെ പാവപ്പെട്ട ഗ്രാമവാസികളെ നിർബന്ധിച്ച് മൈതാനത്ത് കുത്തിനിറച്ചു.

മരുന്നിനുപകരം ഗുജറാത്തിലെയും ഉത്തർപ്രദേശിലെയും കോവിഡ് രോഗികള്‍ക്ക് വയറുനിറയെ പശുമൂത്രവും ചാണകവും നൽകി കൂടുതൽ അവശരാക്കി. ജനതാകർഫ്യുവിന് ശേഷം മണിക്കൂറുകളുടെ വ്യത്യാസത്തിൽ ദീർഘകാല ലോക്ഡൗൺ പ്രഖ്യാപിച്ചു. ജന്മനാടുകളിലേക്ക് പോകാൻ ഗതിയില്ലാതെ കുടിയേറ്റത്തൊഴിലാളികൾ തെരുവുകളിൽ കൂട്ടമായി. ദാഹജലവും ഭക്ഷണവും മരുന്നുമില്ലാതെ ഓരോരുത്തരായി മരിച്ചുവീഴാൻ തുടങ്ങി. ഗതാഗതം മുടങ്ങിക്കിടക്കുന്ന റയിൽപാളത്തിലൂടെ നാട് ലക്ഷ്യമാക്കി നടന്നവരുടെ ശരീരങ്ങളിൽ ചരക്കുതീവണ്ടി കയറിയിറങ്ങി. കുത്തിനിറച്ചുപോയ ട്രക്കുകൾ ഓരോന്നായി അപകടത്തിൽപ്പെട്ടും നിരവധി പേരുടെ ജീവൻ പൊലിഞ്ഞു. ഇന്ത്യയിലേക്കുള്ള രാജ്യാന്തര വിമാന സർവീസുകൾ നിർത്തലാക്കാൻ തീരുമാനിക്കുമ്പോൾ സ്ഥിതി ഇത്രഗുരുതരമായിരുന്നില്ല.

ലോകത്താകമാനം രണ്ട് ലക്ഷത്തോളം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. അന്നൊന്നും ഗൾഫ് രാജ്യങ്ങളിൽ അടക്കമുള്ള പ്രവാസികളെ ഇന്ത്യയിലേക്ക് എത്തിക്കാൻ മോഡി സർക്കാർ നടപടിയെടുത്തില്ല. ഇന്ന് ലോകത്താകമാനം72.5 ലക്ഷ­ത്തോളം കോവിഡ് കേസുകൾ ഉണ്ട്. രോഗവ്യാപനം ഇത്രത്തോളം പ്രതിസന്ധിയിലേക്ക് എത്തുംവരെ കേന്ദ്രസർക്കാർ കാത്തുനിന്നത് ബോധപൂർവമായിരുന്നുവോ?. അതിലും മോഡീസർക്കാരിന്റെ ജാതീയവിദ്വേഷം നിഴലിക്കുകയാണ്. വിദേശത്തുനിന്ന് നാട്ടിലെത്താൻ കാത്തുനിന്നത് കോവിഡിതര രോഗാവസ്ഥയിലുള്ളവരും ഗർഭിണികളും മറ്റ് അവശതയിലുള്ളവരുമായിരുന്നു. ഇന്ന് നാടണഞ്ഞവരിൽ പലരും മരണത്തിന് കീഴടങ്ങി. ഇപ്പോൾ ട്രംപിനെപ്പോലെ മോഡിയും ചിരിച്ചുകൊണ്ടിരിക്കുന്നു.

കൊറോണയും ഈ ഹിറ്റ്ലർ പ്രേതങ്ങളുടെ കൊലവെറിയും ഇതുവരെ തീർന്നിട്ടില്ല. ഭയപ്പാടിന്റെ നാടുകളിലൂടെയാണ് തന്നെയാണ് ദിവസങ്ങൾ കടന്നുപോകുന്നത്. ജാഗ്രതയിൽ തെല്ലും കുറവ് പാടില്ല. ഇനി വേണ്ടത് കോവിഡിനുള്ള മരുന്നിനൊപ്പം കൊലവെറിക്കുള്ള മരുന്നുകൂടിയാണ്. അമേരിക്കയിലെ കറുത്തവർഗ്ഗക്കാരുടെ പോരാട്ടത്തോളം ശക്തമാകണം ഇന്ത്യയിൽ സ്വാതന്ത്ര്യസംരക്ഷണത്തിനുള്ള പ്രക്ഷോഭങ്ങൾ. മതവും ജാതിയും ദൈവവുമല്ല ജീവനാണ് പ്രധാനമെന്ന് നമ്മെ പഠിപ്പിച്ച മഹാമാരി, വർഗീയ‑വംശീയ ഭിന്നിപ്പിലൂടെ മനുഷ്യരെ ശത്രുവാക്കി വാഴുന്ന ഏകാധിപതികൾക്കെതിരെയുള്ള പോരാട്ടത്തിനുള്ള കരുത്ത് തരുന്നുണ്ട്. സാഹോദര്യത്തോടെ നമുക്ക് സഖാവെന്ന് വിളിക്കാം. സ്നേഹത്തോടെ ലാൽസലാം പറയാം, തന്റേടത്തോടെ ഇൻക്വിലാബ് മുഴക്കാം.