Web Desk

February 11, 2020, 5:00 am

കൊറോണ: ജാഗ്രത കൈവെടിയരുത്

Janayugom Online

ചൈനയെ കണ്ണീരിലാഴ്ത്തിയും ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ ഭീതി പരത്തുകയും ചെയ്ത കൊറോണ വൈറസിന്റെ വ്യാപനം കുറഞ്ഞതായാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ പുതിയതായി രോഗബാധിതരാരും ഇല്ലെന്നതും യുഎഇയിൽ കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന ചൈനീസ് വനിത രോഗ വിമുക്തി നേടിയതുമെല്ലാം ആശ്വാസകരമായ വാർത്തകളാണ്. എങ്കിലും ഞായറാഴ്ച ഒറ്റദിവസം മാത്രം രോഗബാധിതരായ 97 പേർ ചൈനയിൽ മരിച്ചുവെന്നത് വേദനയുണ്ടാക്കുന്നു. ഇതോടെ മരണസംഖ്യ 908 ആയി ഉയർന്നു. ഇത് 2002-03 വർഷത്തിൽ ലോകത്ത് പടർന്നു പിടിച്ച സാർസ് (സിവിയർ അക്ക്യൂട്ട് റെസ്പിരേറ്ററി സിൻഡ്രോം) വൈറസ് കൊന്നൊടുക്കിയതിനേക്കാൾ കൂടുതലാണ്. 774 പേരാണ് സാർസ് വൈറസ് ബാധിച്ച് ലോകത്ത് മരിച്ചത്. സാർസിന്റെയും കൊറോണയുടെയും ജെനിറ്റിക് കോഡുകൾക്ക് സാമ്യമുണ്ടെന്നാണ് ശാസ്ത്രമതം. അതുകൊണ്ടുതന്നെയാണ് കൊറോണ ബാധിച്ചവർ ചികിത്സയിലുള്ള ചൈനയും ഇന്ത്യയും ഉൾപ്പെടെ 26 രാജ്യങ്ങൾ അതീവ ജാഗ്രത തുടരുന്നത്.

ചൈനയാണ് കൊറോണയുടെ ഇര. നാല് ലക്ഷത്തോളം പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 56 ദശലക്ഷം ആളുകളാണ് ചൈനയിലെ വിവിധ ന­ഗ­ര­ങ്ങളിൽ നിന്ന് പുറത്തു­പോ­കാനാകാതെ കുടു­ങ്ങി­ക്കിടക്കുന്നത്. ചൈനയിലെ സ്ഥിതിഗതികളാണ് ലോ­കം ഇക്കാര്യത്തിൽ നിരീക്ഷിച്ചുവരുന്നത്. രാ­ജ്യത്തിനകത്ത് സർ­ക്കാ­രിനെതിരെ വ്യാപക പ്ര­തി­ഷേധങ്ങൾ തുടരുന്നു. ലോകാരോഗ്യ സംഘടന­യടക്കം കൊറോണ വൈ­റസ് വ്യാപനത്തിന്റെ കാര്യത്തി­ൽ ചൈന­യ്ക്കെതി­രെ ആ­ശങ്ക പ്രകടിപ്പിക്കുകയും കർക്കശമായ മുന്നറിയിപ്പുകൾ ന­ൽ­കുകയും ചെയ്തിരിക്കുക­യാണ്. മാത്രമല്ല, കൊറോണ പടർന്നുപിടിച്ചതിനെ കുറിച്ച് അ­ന്വേഷിക്കാ­ൻ കനേഡിയൻ എപ്പിഡെമിയോളജിസ്റ്റും അ­ത്യാ­ഹിത വിദഗ്ധനുമായ ഡോ. ബ്രൂസ് ഐൽവാർഡിന്റെ നേതൃത്വത്തി­ൽ പ്രത്യേക സംഘത്തെ ചൈ­­നയിലേക്ക് അയയ്ക്കാനും തീരുമാനമെടുത്തിരിക്കുകയാണ് ലോകാരോഗ്യ സംഘടന. ചൈനയ്ക്ക് പുറത്ത് കൊറോണ വൈ­റ­സ് പടരുന്നത് വേഗത്തിലല്ലെന്നത് രോഗം അകന്നു എന്ന അർത്ഥത്തിൽ കാണേണ്ടെന്നും ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പുണ്ട്. എല്ലാ രാജ്യങ്ങളും കരുതലെടുക്കണമെന്നും പറയുന്നു. ചൈന സന്ദർശിക്കാത്തവരിലും കൊറോണ വൈറസ് സ്ഥിരീകരിക്കുന്നുവെന്നത് ഗൗരവത്തിൽ കാണണമെന്ന് ലോകാരോഗ്യസംഘടന മേധാവി ടെഡ്രോസ് അധാനം ഘെബ്രെയെസസ് പറഞ്ഞിരിക്കുന്നു. കൊറോണയ്ക്കെതിരെ ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പുതിയ മുന്നറിയിപ്പ്.

കൊറോണ വൈറസ് പടരാന്‍ കൂടുതല്‍ സാധ്യതയുള്ള 20 രാജ്യ­ങ്ങളില്‍ ഇന്ത്യ പതിനേഴാം സ്ഥാനത്താണെന്ന് ജര്‍മന്‍ ഹംബോള്‍ട്ട് സര്‍വകലാശയിലെ ഗവേഷകരുടെ പഠനം പറയുന്നു. ലോകത്തെ നാലായിരത്തോളം വിമാനത്താവളങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വുഹാനിലെ എയര്‍പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയാണ് ഈ പഠനം. കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനിലെ വിമാനത്താവളത്തിൽ നിന്ന് കൊറോണ വൈറസ് പടർന്നെ­ത്തു­ന്ന­തില്‍ ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളവും കൊച്ചി അ­ന്താരാഷ്ട്ര വിമാനത്താവളുമെല്ലാം സ്ഥാനം പിടിച്ചിട്ടുണ്ട്. അതേസമയം വുഹാനിൽ നിന്ന് കേരളത്തിലെത്തി ചികിത്സ തുടരുന്ന വിദ്യാർ­ത്ഥികളുടെ പരിശോധന ഫലം എല്ലാം നെഗറ്റീവ് ആണെന്നാണ് സംസ്ഥാന ആരോഗ്യ വകുപ്പ് അധികൃതർ വെളിപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3252 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ 3218 പേർ വീടുകളിലും 34 പേർ ആശുപത്രികളിലുമാണ്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയിൽ ആശങ്കയ്ക്ക് വകയില്ല. എങ്കിലും കേരളത്തിൽ വിപുലമായ സംവിധാനങ്ങളാണ് കൊറോണയ്ക്കെതിരെ ഒരുക്കിയിരി­ക്കുന്നത്. ആരോഗ്യ വകുപ്പ് ജീവനക്കാർക്കും മറ്റ് ഇതര വകുപ്പ് ജീവനക്കാർക്കും വേണ്ട ഇരുപത്തിനാല് പരിശീലന സഹായികൾ വിഡിയോ രൂപത്തിൽ തയ്യാറാക്കി ‘കേരള ഹെൽത്ത് ഓൺലൈൻ ട്രെയിനിംഗ്’ എന്ന ആരോഗ്യവകുപ്പിന്റെ യുട്യുബ് ചാനലിൽ നൽ­കിയിട്ടുണ്ട്. സംസ്ഥാന കൺട്രോൾ റൂമും ജില്ല കൺട്രോൾ റൂമുകളും തമ്മിൽ പ്രാധാന്യമേറിയ വിവരങ്ങൾ കൈമാറുന്നതിനും വിശകലനം ചെയ്യുന്നതിനും ഏർപ്പെടുത്തിയ ഏകജാലക സംവിധാനം തുടരുകയാണ്. സംസ്ഥാന തലത്തിലും എല്ലാ ജില്ലകളിലും അവശ്യ മാനവവിഭവശേഷി ഉറപ്പു വരുത്താനായുള്ള ടീമുകളെ വിന്യസിച്ചു. വിമാനത്താവള നിരീക്ഷണത്തിനും ആശുപത്രി നിരീക്ഷണത്തിനും ഗതാഗത സംവിധാനം ഉറപ്പു വരുത്താനും വേണ്ട മാനവവിഭവശേഷി എല്ലാ ജില്ലകളിലും ഉറപ്പ് വരുത്തിയിട്ടുണ്ട്. എല്ലാ ജില്ലകളിലേയും തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിൽ മതിയായ ഭൗതിക സാഹചര്യങ്ങളും പ്രത്യേക ചികിത്സാ സൗകര്യങ്ങളും ഉറപ്പു വരുത്തിയിട്ടുണ്ട്.

ENGLISH SUMMARY: Coro­na: Be care­ful not to give up