സി ആര്‍ ജോസ്‌പ്രകാശ്

താളം തെറ്റുന്ന ജീവിതം തകരുന്ന സമ്പദ്ഘടന ഭാഗം: 2

March 28, 2020, 5:30 am

കരുതലെടുക്കാം പ്രതിസന്ധികളെ മറികടക്കാൻ

Janayugom Online

 കൊറോണക്കാലത്തെ ജീവിതത്തിന് പെട്ടെന്ന് വിരാമമുണ്ടാകുമെന്നും ഏതാനും ആഴ്ചകള്‍ക്കകം എല്ലാം സാധാരണ നിലയിലാകുമെന്നും പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല. അതിനാല്‍ കൊറോണ വ്യാപനം തടയാന്‍ സര്‍വ്വസന്നാഹത്തോടെ പ്രവര്‍ത്തിക്കേണ്ടിവരും. ഇതുമൂലം ദുരിതമനുഭവിക്കുന്നവരിലെല്ലാം ആശ്വാസമെത്തിക്കണം. അസാധാരണ സാഹചര്യത്തില്‍ അസാധാരണമായ ഭരണനടപടികള്‍ സ്വീകരിക്കപ്പെടുമ്പോള്‍, ഭരണത്തിന്റെ മുഴുവന്‍ ശ്രദ്ധയും ഈ ഒരു മേഖലയില്‍ മാത്രമായി കേുന്ദ്രീകരിക്കപ്പെടുക സ്വാഭാവികമാണ്. എന്നാല്‍ പ്രശ്നത്തിന്റെ കാഠിന്യം കുറഞ്ഞുവരുമ്പോള്‍ ഇതരമേഖലകള്‍ സജീവമാകണം. അതിന് ഈ കൊറോണക്കാലത്തും ജാഗ്രതവേണം. ആരോഗ്യവകുപ്പും ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് നേരിട്ടു പ്രവര്‍ത്തിക്കുന്ന വകുപ്പുകളും ഒഴികെയുളള എണ്‍പതിലധികം വകുപ്പുകളുണ്ട് കേരളത്തില്‍. ഈ വകുപ്പുകള്‍ ഇപ്പോഴേ കാര്യങ്ങള്‍ നല്ല ഗൃഹപാഠം നടത്തി മുന്നോട്ടുപോയില്ലെങ്കില്‍ കൊറോണ ഭീതിയുടെ അന്തരീക്ഷം ഒഴിഞ്ഞാലും മാസങ്ങളോളം ഈ വകപ്പുകള്‍ നിഷ്ക്രിയമായികിടക്കും.

രണ്ടാം ലോകയുദ്ധത്തിന്റെ ഹിറ്റ്ലറുടെ ഭീകരസേനയ്ക്കു മുന്നില്‍ ലോകത്തെ ഒരുപാട് രാജ്യങ്ങള്‍ ഭീതിയിലായി. അന്ന് ഏറ്റവും ശക്തമായി ഹിറ്റ്ലറുടെ സേനയുമായി ഏറ്റുമുട്ടിയതും അവരെ സമ്പൂര്‍ണ പരാജയത്തിലേക്ക് നയിച്ചതും സോവിയറ്റ്‌യൂണിയനായിരുന്നു. തിളച്ചുരുകുന്ന അന്നത്തെ യുദ്ധാന്തരീക്ഷത്തിലും സോവിയറ്റ് സര്‍ക്കാര്‍ എടുത്ത സമീപനം ലോകമാതൃകയായി ഇന്നും നില്പുണ്ട്. യുദ്ധം നടക്കുമ്പോഴും കാര്‍ഷിക മേഖലയുടെ താളം തെറ്റരുത്, വ്യാവസായികോല്പാദനം കുറയരുത്, കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിക്കരുത്, ഭക്ഷ്യസാധനങ്ങള്‍ ശേഖരിക്കുന്നതിലും വിതരണം ചെയ്യുന്നതിലും അലംഭാവം ഉണ്ടാകരുത്, പരിസ്ഥിതിയും രാജ്യത്തിന്റെ, പൈതൃകസമ്പത്തും നശിപ്പിക്കപ്പെടരുത് തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ആ പ്രതിസന്ധിഘട്ടത്തിലും അവര്‍ നടപ്പിലാക്കി. അതിന്റെ ഫലവുമുണ്ടായി. യുദ്ധത്തിനുശേഷം ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സാമ്പത്തികമായി വലിയ തകര്‍ച്ച നേരിട്ടപ്പോള്‍, സോവിയറ്റ് യൂണിയന് ഒരുവിധം പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞു. ഈ മാതൃക കേരള സര്‍ക്കാരിന്റെ മനസില്‍ ഉണ്ടാകുന്നത് നല്ലതാണ്. ഭൂരിപക്ഷം മന്ത്രിമാര്‍ക്കും വകുപ്പ്സെക്രട്ടറിമാര്‍ക്കും വകുപ്പുതലവന്മാര്‍ക്കും ഈ കൊറോണക്കാലത്ത് പൊതുവെ ജോലി കുറവാണ്. പൊതുപരിപാടികളും മീറ്റിംഗുകളും ചടങ്ങുകളില്‍ പങ്കെടുക്കുന്നതും എല്ലാം പൂര്‍ണമായി ഒഴിവായിരിക്കുന്നു. ഈ ഘട്ടത്തില്‍ ഓരോ വകുപ്പിലും വരുംനാളുകളില്‍ നടപ്പിലാക്കാന്‍ കഴിയുന്ന പദ്ധതികളെക്കുറിച്ച് ആഴത്തില്‍ പഠിക്കാനും ഭാവനാപൂര്‍വം അതാവിഷ്ക്കരിക്കാനും കഴിയണം. ഓരോ വകുപ്പുമായും ബന്ധപ്പെട്ട് ലോകത്തുണ്ടാകുന്ന മാതൃകകള്‍ മനസിലാക്കാനും ഈ സമയം ഉപയോഗപ്പെടുത്താം.

അതോടൊപ്പം തന്നെ ഓരോ വകുപ്പിന്റെ പ്രത്യേകതളും സാധ്യതകളും അനുസരിച്ച് ഭരണ ചെലവ് കുറയ്ക്കാനാകുമോ, അധിക സാമ്പത്തിക സമാഹരണത്തിന്റെ സാധ്യത എന്താണ്, വകുപ്പിനുള്ളിലെ കാലതാമസവും അഴിമതിയും എങ്ങനെ കുറയ്ക്കാനാകും, ആധുനിക സാങ്കേതികവിദ്യ ഏതളവില്‍ നടപ്പിലാക്കാനാകും ഇക്കാര്യങ്ങളൊക്കെ ആഴത്തില്‍ പരിശോധിക്കപ്പെടാനും കഴിയണം. ഭരണപരിഷ്ക്കാരത്തെക്കുറിച്ച് ധാരാളം ചര്‍ച്ച നടക്കുന്നുണ്ട്. ഭരണപരിഷ്ക്കാര കമ്മിഷനുണ്ട്, അവരുടെ ശുപാര്‍ശകളുണ്ട്. ഇതൊക്കെയാണെങ്കിലും ഈ രംഗത്ത് വളരെ കുറച്ചു മാറ്റങ്ങള്‍ മാത്രമേ ഉണ്ടാകുന്നുള്ളു. സമഗ്രവും മൗലികവുമായ മാറ്റങ്ങള്‍ ഈ രംഗത്തുകൊണ്ടുവരാനാകണം. ഭരണതലത്തില്‍ തട്ടുകളുടെ എണ്ണം കുറയ്ക്കല്‍, കൂടുതല്‍ അധികാരങ്ങള്‍ താഴെത്തട്ടുകള്‍ക്ക് കൈമാറല്‍, തസ്തികകളുടെ പുനര്‍വിന്യാസം ഉള്‍പ്പെടെ നാല്പതിലധികം കാര്യങ്ങള്‍ ഈ രംഗത്തു നടപ്പിലാക്കാന്‍ കഴിയും. കാലതാമസം ഒഴിവാക്കാനും ഭരണചെലവു കുറയ്ക്കാനും അഴിമതിയുടെ തീവ്രത ഇല്ലാതാക്കാനുമൊക്കെ ഇതുപകരിക്കും. ഇക്കാര്യങ്ങള്‍ ആഴത്തില്‍ പരിശോധിച്ച് നടപ്പിലാക്കാന്‍ കഴിയുന്ന സന്ദര്‍ഭമാണിത്. ഭരണപരമായ എന്തുവിഷയം ചര്‍ച്ച ചെയ്യുമ്പോഴും കാര്യങ്ങള്‍ ചെന്നുമുട്ടി നില്‍ക്കുന്നതി കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയിലാണ്. ഈ പ്രതിസന്ധി മറികടക്കുന്നതിന് കുറുക്കുവഴികളൊന്നുമില്ല. എന്നാല്‍ അതിന്റെ തീവ്രത കുറയ്ക്കാനും സാവകാശം കിട്ടാനും സ്വീകരിക്കാവുന്ന ധാരാളം നടപടികളുണ്ട്. ബന്ധപ്പെട്ടവരുമായൊക്കെ ആശയവിനിമയം നടത്തിയാല്‍, അതില്‍ കുറെ കാര്യങ്ങളില്‍ അഭിപ്രായസമന്വയം വരുത്താനും അവ നടപ്പിലാക്കാനുമാകും. അത്തരം ഏതാനും നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കുകയാണ്.

(1) 50,000 രൂപയില്‍ കൂടുതല്‍ പ്രതിമാസ ശമ്പളമുള്ള സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, പൊതുമേഖലാ ജീവനക്കാര്‍ ഇവരുടെ, 50,000 രൂപയില്‍ കൂടുതലുള്ള ശമ്പളം ഒരു വര്‍ഷം ട്രഷറിയില്‍ നിക്ഷേപിക്കാന്‍ നടപടി സ്വീകരിക്കണം. അതിന് നിലവിലുള്ള നിരക്കിലെ പലിശ ഒരു വര്‍ഷം കഴിഞ്ഞ് നല്കണം.

(2) ടി വിഭാഗങ്ങളില്‍പ്പെട്ട പെന്‍ഷന്‍കാരുടെ 25,000 രൂപയില്‍ കൂടുതലുള്ള തുകയും ഇതുപോലെ നിക്ഷേപിക്കപ്പെടണം.

(3) നികുതി അടയ്ക്കേണ്ട വലിയ വ്യാപാരസ്ഥാപനങ്ങളെ, അവരുടെ ഒരു വര്‍ഷത്തെ ഏകദേശ നികുതി മുന്‍കൂറായി അടയ്ക്കാന്‍ പ്രേരിപ്പിക്കണം.

(4) ആഡംബര കാറുകള്‍‍ (10 ലക്ഷം രൂപയ്ക്ക് പുറത്ത് വിലയുള്ളവ) ഉപയോഗിക്കുന്നവരില്‍ നിന്ന്, ഒരു വര്‍ഷത്തെ വാഹന നികുതി കൂടി മുന്‍കൂര്‍ വാങ്ങണം.

(5) പുതിയ വാഹനങ്ങള്‍ വാങ്ങുന്നവരില്‍ നിന്നും ഒരു വര്‍ഷത്തെ നികുതി കൂടി മുന്‍കൂര്‍ വാങ്ങണം.

(6) സാമാന്യ സാമ്പത്തികശേഷിയുള്ള ജീവനക്കാര്‍, അധ്യാപകര്‍, ബിസിനസുകാര്‍, പ്രവാസികള്‍ മുതലായവരില്‍ നിന്നും ഒരു ലക്ഷം മുതല്‍ ഒരു കോടി രൂപവരെ കുറഞ്ഞത് ഒരു വര്‍ഷത്തേക്ക് ട്രഷറി ഡിപ്പോസിറ്റായി വാങ്ങാന്‍ പദ്ധതി തയ്യാറാക്കണം.

(7) സാമ്പത്തിക ഭദ്രതയുള്ള സഹകരണ ബാങ്കുകള്‍, അര്‍ബന്‍ ബാങ്കുകള്‍ മുതലായ സ്ഥാപനങ്ങള്‍ ഒന്നു മുതല്‍ 10 കോടി രൂപവരെ, ഒരു വര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍, ട്രഷറിയില്‍ നിക്ഷേപിക്കാന്‍ നടപടി സ്വീകരിക്കണം.

(8) കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവരും വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളം ഉപയോഗിക്കുന്നവരും ഒരു വര്‍ഷത്തെ ശരാശരി ബില്‍ തുക മുന്‍കൂറായി അടയ്ക്കുവാന്‍ വ്യവസ്ഥ ചെയ്യണം.

(9) കെഎസ്ആര്‍ടിസിയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുളളവര്‍ക്ക് സീസണ്‍ ടിക്കറ്റ് സംവിധാനം ഏര്‍പ്പെടുത്തുകയും ഒരു വര്‍ഷത്തെ തുക മുന്‍കൂറായി വാങ്ങുകയും വേണം.

(10) ആഴക്കടല്‍ മത്സ്യബന്ധനം മുതല്‍ ആവശ്യക്കാര്‍ക്ക് മത്സ്യം എത്തിക്കുന്നതുവരെയുള്ള കാര്യങ്ങളില്‍ ഇടത്തട്ടുകാരെ ഒഴിവാക്കി, കാര്യങ്ങള്‍ ചെയ്യാന്‍ സര്‍ക്കാര്‍ സംവിധാനം ഒരുക്കിയാല്‍ മത്സ്യവില പകുതിയാകും. വില സര്‍ക്കാര്‍ നിശ്ചയിക്കണം.

(11) കൊറോണക്കാലം കഴിയുന്ന മുറയ്ക്കുതന്നെ വാഹനനിയമം കര്‍ശനമാക്കണം. പിഴത്തുക ഇരട്ടിയാക്കണം. അപകടങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശനനടപടി സ്വീകരിക്കണം.

(12) നൂറില്‍ കൂടുതല്‍ കിടക്കകളുള്ള വലിയ സ്വകാര്യ ആശുപത്രികള്‍, രോഗികളില്‍ നിന്ന് ഈടാക്കുന്ന തുകയുടെ പത്ത് ശതമാനം സര്‍ക്കാരിന് ലഭിക്കുന്ന വിധം നിയമനിര്‍മ്മാണം നടത്തണം.

(13) ആഡംബര കെട്ടിടങ്ങളുടെ കെട്ടിടനികുതി വര്‍ധിപ്പിക്കണം.

(14) കൊറോണയുടെ സാഹചര്യത്തില്‍ 5,000 കോടി രൂപയെങ്കിലും കുറഞ്ഞ പലിശനിരക്ക് കിട്ടുവാന്‍ ആവശ്യമായ പദ്ധതിയുടെ കരട് തയ്യാറാക്കി ലോകബാങ്കിന് സമര്‍പ്പിച്ച് അത് വാങ്ങിയെടുക്കാന്‍ നടപടി സ്വീകരിക്കണം.

(15) ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആയുര്‍ദൈര്‍ഘ്യമുള്ള കേരളത്തിലാണ് പെന്‍ഷന്‍ പ്രായം ഏറ്റവും കുറഞ്ഞിരിക്കുന്നത്. അതിനാല്‍ പെന്‍ഷന്‍ പ്രായം ഒരു വര്‍ഷം വര്‍ധിപ്പിച്ച് 57 ആയി നിശ്ചയിക്കണം. അതോടൊപ്പം നിലവിലുള്ള പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ സമയപരിധി ഒരു വര്‍ഷത്തേക്കു കൂടി നീട്ടുകയും വേണം. കുറച്ച് എതിര്‍പ്പുണ്ടാകുമെങ്കിലും സര്‍ക്കാരിന് സാമ്പത്തികമായി വിശ്വാസം കിട്ടുന്ന നടപടിയായിരിക്കുമിത്.

ഇവിടെ പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ പല കാര്യങ്ങളിലും എതിര്‍പ്പ് ഉയര്‍ന്നുവരും എന്ന കാര്യം തീര്‍ച്ചയാണ്. എന്നാല്‍ ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ഈ 15 കാര്യങ്ങളും നടപ്പിലാക്കിയാലും അത് കേരളത്തിലെ 20 ശതമാനത്തിന് താഴെ ജനങ്ങളെ മാത്രമേ പ്രതികൂലമായി ബാധിക്കുകയുള്ളു. ബാക്കി എല്ലാപേര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. അതിനാല്‍ 80 ശതമാനത്തില്‍ അധികം വരുന്ന പാവപ്പെട്ടവരെയും സാധാരണക്കാരെയും കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴി‍ഞ്ഞാല്‍ എതിര്‍പ്പുകള്‍ കെട്ടടങ്ങുമെന്നകാര്യം ഉറപ്പാണ്. ഈ വഴികളിലൂടെ സമാഹരിക്കാന്‍ കഴിയുന്ന 30,000–35,000 കോടി രൂപ, കൊറോണ സൃഷ്ടിക്കുന്ന ആഘാതം മറികടക്കാന്‍ മാത്രമല്ല, ലക്ഷ്യബോധത്തോടെയുളള പുത്തന്‍ കുതിപ്പുകള്‍‍ക്ക് വഴി തുറക്കുകയും ചെയ്യും.

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രകൃതി ദുരന്തങ്ങളും യുദ്ധദുരന്തങ്ങളും ഏറ്റുവാങ്ങിയ രാജ്യം ജപ്പാനാണ്. ഏതു വലിയ ദുരന്തത്തെയും ഇച്ഛാശക്തിയും അധ്വാനശീലവും കൊണ്ട് അവര്‍ മറികടന്നിട്ടുണ്ട്. അതിശയിപ്പിക്കുന്ന വേഗതയിലാണ് അവര്‍ നേട്ടങ്ങള്‍ കൊയ്തെടുക്കുന്നത്. ഒരു കാര്യം ശ്രദ്ധിച്ചാല്‍ അത് മനസിലാകും. ഇന്ത്യക്കാരുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 65 മാത്രമായി നില്ക്കുമ്പോള്‍ ജപ്പാന്‍കാരുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 84 വയസാണ്. ശരാശരി ഇന്ത്യക്കാരെക്കാള്‍ 19 വര്‍ഷം അവര്‍ കൂടുതല്‍ ജീവിക്കുന്നു. ഇത്തരം പുത്തന്‍ ശൈലികള്‍ സ്വീകരിച്ച്, കൊറോണക്കാലത്തെ മറികടക്കാന്‍ മാത്രമല്ല, കുറച്ചു മുന്നോട്ടുപോകാനും കേരളത്തിന് കഴിയും. ദുരന്തങ്ങളെ കൂടി അവസരമാക്കുന്നതാണ് പുതിയ കാലത്തിന്റെ നീതിശാസ്ത്രം.