Web Desk

February 03, 2020, 4:13 pm

കൊറോണ: കർമ്മസമിതി രൂപീകരിച്ച് കേന്ദ്രം, ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നത് തുടരും

Janayugom Online

കൊറോണ വൈറസ് ബാധ നേരിടാനുള്ള അടിയന്തര നടപടികള്‍ക്കായി കേന്ദ്രമന്ത്രിമാരുടെ കര്‍മസമിതി രൂപീകരിച്ചു. ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി, ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍, വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ്, വനിത ശിശുക്ഷേമമന്ത്രി സ്മൃതി ഇറാനി എന്നിവരാണ് സമിതി അംഗങ്ങള്‍. ചൈയില്‍ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നത് തുടരുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഇന്ത്യയിലേയ്ക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും നാട്ടിലെത്തിക്കാനുള്ള സൗകര്യമൊരുക്കും.

കൂടാതെ സംസ്ഥാനത്ത് മൂന്നാമത് ഒരാൾക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി നിയമസഭയിൽ അറിയിച്ചു. കാസർകോട് ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിലുള്ള വ്യക്തിക്കാണ് രോഗം സ്ഥിരീകരിച്ചത്.  വുഹാനിൽ നിന്ന് മടങ്ങിയെത്തിയ ഈ വിദ്യാർഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും കെ.കെ. ശൈലജ നിയമസഭയില്‍ നടത്തിയ പ്രത്യേക പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം, ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 361 ആയി. ഇന്നലെ മാത്രം 57 പേരാണ് മരിച്ചത്. ഇതില്‍ അന്‍പത്താറും വൈറസിന്റെ ഉറവിടമായ ഹുബൈ പ്രവിശ്യയിലാണ്. ചൈനയില്‍ ആകെ 17205 പേരില്‍ കൊറോണ സ്ഥിരീകരിച്ചു. ഇവരുടെ ചികില്‍സയ്ക്കായി വുഹാനില്‍ പത്തുദിവസം കൊണ്ട് നിര്‍മിച്ച ആയിരം കിടക്കകളുള്ള ആശുപത്രി ഇന്ന് തുറക്കും.

വൈറസ് ബാധ  ഒരുതലത്തിലും നിയന്ത്രണവിധേയമല്ലെന്നാണ് ചൈനീസ് സര്‍ക്കാര്‍ പുറത്തുവിടുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്.   ഇന്നലെ 2829പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വൈറസ് ബാധ സംശയിക്കുന്ന  5,173 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  ആശുപത്രികളിലുളള 186 പേരുടെ നിലഅതീവ ഗുരുതരമാണ്. ഇന്നലെമാത്രം 147 പേര്‍ ആശുപത്രി വിട്ടെന്നും ചൈനീസ് ആരോഗ്യമിഷന്‍ പുറത്തുവിട്ട കണക്ക് പറയുന്നു.    വൈറസ് ബാധയുടെ പ്രഭവകേന്ദ്രമായ ഹുബൈ പ്രവിശ്യയില്‍ സ്ഥിതി അതീവഗുരുതരവും സങ്കീര്‍ണവുമാണെന്ന് രാജ്യാന്തര ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

Eng­lish Sum­ma­ry: Coro­na evac­u­a­tion com­mit­tee by cen­tral government

You may also like this video