December 3, 2022 Saturday

കൊറോണ പ്രേരിപ്പിക്കുന്ന ദേശസാത്കരണം

അലൻ പോൾ വർഗ്ഗീസ്
March 20, 2020 5:10 am

2007 ൽ ഐഎംഎഫിൽ സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്ന കെനത്ത് റോഗോഫ് എഴുതിയ ലേഖനത്തിന്റെ പേര് “മരണത്തിലും ഭേദം ചുവപ്പാണ്” (ബെറ്റര്‍ റെഡ് ദാൻ ഡെഡ്) എന്നാണ്. “ചുവപ്പിലും ഭേദം മരണമാണ്” എന്നുള്ള വാക്യം ശീതയുദ്ധകാലത്ത് മുതലാളിത്ത ചേരിയുടെ ഒരു വലിയ ആയുധമായിരുന്നു. ഒരു രാജ്യം കമ്മ്യൂണിസം സ്വീകരിക്കുന്നതിലും നല്ലത് നശിക്കുന്നതാണ് എന്നായിരുന്നു ഇതിന്റെ ധ്വനി. എന്നാൽ റോഗോഫ് പറയുന്നു മരണത്തിലും ഭേദം ചുവപ്പാണ് എന്ന്. ഈ ലേഖനത്തിൽ ഭരണകൂടങ്ങൾ ചികിത്സാ രംഗത്തെ കമ്പോളത്തിനും കോർപറേറ്റുകൾക്കും കൊടുക്കുന്നതിനെ ശക്തമായി വിമർശിക്കുകയാണ് ചെയ്യുന്നത്. സ്വകാര്യ കമ്പനികൾ ആരോഗ്യ മേഖല കീഴടക്കുന്നത് മൂലം ചികിത്സയ്ക്കുള്ള ചിലവ് കൂടുകയും ഇത് സ്വാഭാവികമായും ഗുണമേന്മയേറിയ ചികിത്സ നേടുന്നതിൽ നിന്ന് പൗരന്മാരെ അകറ്റി നിർത്തുകയും ചെയ്യുന്നു. അങ്ങനെ ഒരു അവകാശമായ ചികിത്സ ഒരു കമ്പോള വസ്തുവായി മാറുന്നു. റോഗോഫിന് മുൻപേ ഇതു പറഞ്ഞത് കെനത്ത് ജെ ആരോസ് എന്ന സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ ജേതാവായ അമേരിക്കകാരനാണ്. ഈ സാമ്പത്തിക ശാസ്ത്രജ്ഞർ സോഷ്യലിസ്റ്റ് ആയിരുന്നില്ല. പക്ഷെ ഇവരുടെ വാദങ്ങൾ സോഷ്യലിസ്റ്റ് എന്ന് മുദ്രകുത്തി മുതലാളിത്ത രാജ്യങ്ങൾ തള്ളി കളഞ്ഞു. കാരണം ഭരണകൂടം ജനങ്ങളുടെ ആരോഗ്യത്തെ പരിപാലിക്കേണ്ട ഘട്ടം വന്നാൽ സമ്പന്നരുടെ നികുതി വർധിപ്പിക്കണം.

സൗജന്യ ഹെൽത്ത് കെയർ എന്ന് കേട്ടാൽ അമേരിക്ക പേടിക്കും. ബെർണി സാൻഡേഴ്സ് തന്റെ തെരഞ്ഞെടുപ്പ് പത്രികയിൽ ഉന്നയിച്ച ഒരു കാര്യം സൗജന്യ ആരോഗ്യ പരിപാലനവും ഇൻഷുറൻസുമാണ്. ഇന്ന് ഉയർന്നു വന്നിട്ടുള്ള വലതുപക്ഷ, തീവ്ര വലതു പക്ഷ അനുകൂലികൾ നഖശിഖാന്തം എതിർക്കുന്ന ആവശ്യങ്ങൾ ആണ് സോഷ്യലിസ്റ്റ് ആഭിമുഖ്യം ഉള്ള സാർവത്രികവും സൗജന്യവുമായ ചികിത്സയും വിദ്യാഭ്യാസവും തൊഴിലും. യൂറോപ്യൻ രാജ്യങ്ങളായ സ്പെയിനും ഇറ്റലിയും പൂർണമായും മെഡിക്കൽ രംഗം സ്വകാര്യ മേഖലയ്ക്ക് വിട്ടുകൊടുത്തിട്ടില്ല എങ്കിലും പൊതുമേഖലയും സ്വകാര്യ മേഖലയും ഒരുമിച്ചു കൈകോർത്തുള്ള രീതിയാണ് പിന്തുടർന്നിരുന്നത്. എന്നാൽ കാലത്തിന്റെ ഒഴുക്കിൽ ആരോഗ്യ മേഖല സ്വകാര്യ കമ്പനികൾ കീഴടക്കുകയും ജനങ്ങൾ സർക്കാർ ആശുപത്രികളിൽ നിന്ന് അകലം പാലിക്കാനും തുടങ്ങിയിരിക്കുന്നു. കണക്കുകൾ പരിശോധിക്കുമ്പോൾ 2017ൽ ഇറ്റലിയിലെ 39.3 ശതമാനം ജനത പൂർണ്ണമായും സർക്കാർ ആശുപത്രികൾ ഒഴിവാക്കി തുടങ്ങി എന്നു കാണാം. ഇതോടൊപ്പം ബജറ്റിൽ ആരോഗ്യ മേഖലയ്ക്ക് വേണ്ടിയുള്ള ധനവിനിയോഗം വെട്ടിചുരുക്കുകയും ചെയ്തു. സ്പെയിനിൽ 13.65 ശതമാനം വച്ചാണ് ആരോഗ്യ മേഖലയ്ക്കുള്ള വിഹിതം വെട്ടിചുരുക്കിയിരിക്കുന്നത്. അമേരിക്കയിൽ ആകട്ടെ ട്രംപ് വന്നപ്പോൾ ‘ഒബാമ കെയർ’ മരവിപ്പിച്ചു. ഇതിനൊപ്പം 2018ൽ 6.8 ബില്യൺ അനുവദിച്ചുവെങ്കിൽ 2019ൽ 6.5 ലേക്കും 2020ൽ 5.2 ലേക്കും ഫണ്ട് ചുരുക്കി. അമേരിക്കയിൽ വൈദ്യപരിശോധനയ്ക്ക് വരുന്ന ചിലവ് 3000 ഡോളറാണ്. അങ്ങനെ ക്ഷേമ രാഷ്ട്രപദ്ധതികളെ എതിർത്തും നവലിബറൽ ലോകത്ത് ആരോഗ്യ മേഖലയെ വച്ചു ലാഭം കൊയ്യുന്ന ഈ സമയത്താണ് കൊറോണ ലോകമാകെ ഭീതി പടർത്തിയത്. ചൈനയിൽ ആരംഭിച്ച്, ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഈ വൈറസ് മൂലം പല രാജ്യങ്ങളുടെയും വളർച്ച മുരടിക്കാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക ലോകം ആശങ്കപ്പെടുന്നു. എന്നാൽ ഇതിന് പുറമെ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിനും സാമ്പത്തികവാദങ്ങൾക്കും പുതിയ വഴി കൊറോണ ഒരുക്കിക്കൊടുക്കുന്നു എന്നത് മറച്ചുവയ്ക്കാൻ കഴിയാത്ത യാഥാർത്ഥ്യമാണ്.

കെൻ റോഗോഫ് മുൻപ് പറഞ്ഞത്, വരും കാലങ്ങളിൽ മുതലാളിത്തവും സോഷ്യലിസവും യുദ്ധത്തിൽ ഏർപ്പെടുക ആരോഗ്യവും ആയുർദൈർഘ്യവും തുടങ്ങിയ വിഷയങ്ങളിലാകുമെന്നാണ്. കൃഷി, ഭക്ഷണം, ആരോഗ്യം തുടങ്ങിയ കാര്യങ്ങൾ പരസ്പരബന്ധിതമാണല്ലോ. മുതലാളിത്ത വ്യവസ്ഥയിലെ കാർഷിക നയങ്ങളും അതുണ്ടാക്കുന്ന പ്രശ്നങ്ങളും മനുഷ്യനെ സാരമായി ബാധിക്കും എന്ന സത്യത്തിൽ നിന്നാണ് റോഗോഫിന്റെ വാക്യത്തെ നമ്മൾ അവലോകനം ചെയ്തു തുടങ്ങേണ്ടത്. റോബ് വാലസ് എഴുതിയ ‘ബിഗ് ഫാംസ് മേക്ക് ബിഗ് ഫ്ളൂ’ എന്ന പുസ്തകം ചർച്ച ചെയ്യുന്നത് കാർഷിക രംഗത്തെ നവലിബറൽ ഇടപെടലുകൾ ഉണ്ടാക്കുന്ന പ്രശ്നങ്ങളെയാണ്. ഭക്ഷണത്തെ കമ്പോളവല്കരിക്കുക കൂടാതെ കോർപറേറ്റുകൾ പ്രകൃതിയിൽ നടത്തുന്ന കഠിനമായ പരീക്ഷണങ്ങൾ എന്നിവയുടെ ദൂഷ്യഫലങ്ങൾ റോബ് വാലസ് ചർച്ച ചെയ്യുന്നു. സമാനമായി ആരോഗ്യരംഗത്തു കോർപറേറ്റുകൾ ഭരണം ഏറ്റെടുക്കുന്നതിന്റെ അപകടങ്ങൾ ചൂണ്ടിക്കാട്ടിയത് ന്യു മെക്സിക്കോയിലെ സർവകലാശാലയിലെ പ്രഫസർ ഹോവാർഡ് വെയ്റ്റ്സ്കിൻ ആണ്. ‘ദി സെക്കന്റ് സിക്ക്നെസ്’ എന്ന പുസ്തകത്തിൽ മുതലാളിത്തം ലാഭത്തിന് വേണ്ടിയുള്ള മത്സരത്തിൽ എങ്ങനെയാണ് ആരോഗ്യ മേഖലയെ ശിഥിലമാക്കുന്നത് എന്നു വ്യക്തിമാക്കിയിട്ടുണ്ട്. റോഗോഫ്, വാലസ്, വെയ്റ്റ്സ്കിൻ എന്നിവരുടെ പ്രബന്ധങ്ങൾ കൊറോണ ശരിവയ്ക്കുകയാണ്. കമ്പോളവത്കൃതമായ അമേരിക്കയിലെ ആരോഗ്യമേഖലയിൽ ചികിത്സ തേടുക, തന്റെ സാമ്പത്തിക സ്ഥിതിക്ക് കഴിയില്ല എന്ന് മനസിലാക്കിയ കൊറോണ ബാധിതയായ സ്ത്രീ ചൈനയിലേക്ക് ചികിത്സയ്ക്കായി പോകുന്നു എന്ന വാർത്ത മാധ്യമങ്ങളിൽ കാണാം. എന്തുകൊണ്ട് ചൈന എന്നു ചോദിച്ചാൽ വാക്സിനോ പ്രതിവിധിയോ ഇല്ലാത്ത കൊറോണയെ വളരെ മികച്ച രീതിയിൽ പ്രതിരോധിച്ചത് ചൈനയാണ്. കൊറോണ ബാധിതർ ഉള്ള കപ്പൽ തങ്ങളുടെ തീരത്ത് നങ്കൂരമിടാനും മറ്റുനടപടികൾ സ്വീകരിക്കാനും കമ്മ്യൂണിസ്റ്റ് ക്യൂബ തയ്യാറായി. ചെ ഗുവേര എന്ന ഭിഷഗ്വരനും വിപ്ലവകാരിയുമായ മനുഷ്യന്റെ പിൻഗാമികളാണ് ക്യൂബയിലെ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും എന്ന് എബോളയും സികയും വന്ന സമയത്തു തെളിഞ്ഞതാണ്. ചൈനയെ ആശ്രയിച്ച ഒരു വ്യക്തിക്ക് അമേരിക്കയിലെ ചെലവിനെക്കാൾ കുറഞ്ഞ തോതിൽ ചികിത്സ ലഭിക്കും. കൊറോണ അതിതീവ്രമായി ബാധിച്ച ഇറ്റലിയിൽ വില്പനക്കായി വച്ച വിമാനത്താവളം പൂർണ്ണമായും ദേശസാത്കരിച്ചു. വെറും ഏറ്റെടുക്കൽ അല്ല മറിച്ച്, പൂർണമായും അവകാശം ഇറ്റാലിയൻ സർക്കാർ ഏറ്റെടുത്തു.

ഇത് കേവലം സുരക്ഷ മുൻകരുതൽ ആണെന്ന് കരുതുന്നവർ ഓർക്കേണ്ടത്, വിമാനത്താവളം നഷ്ടത്തിൽ ആണെന്ന സത്യമാണ്. കൊറോണയ്ക്ക് പിറകെ, സ്പെയിനിലെ എല്ലാ സ്വകാര്യ ആശുപത്രികളും ദേശസാത്കരിച്ചിരിക്കുന്നു. ഒറ്റ രാത്രികൊണ്ട് നടന്ന ദേശസാൽകരണം, ദേശസാൽകൃത മുതലുകൾ വിറ്റഴിക്കപെടുന്ന ക്രോണി മുതലാളിത്തത്തിന്റെ കാലത്താണെന്നുകൂടി ഓർക്കണം. സ്പെയിനിൽ പെഡ്രോ സാഞ്ചസ് നടത്തിയ ആശുപത്രികളുടെ ദേശസാത്കരണം തെളിയിക്കുന്നത് ആരോഗ്യ രംഗത്ത് സ്വകാര്യ മേഖല പരാജയമാണെന്നു മാത്രമല്ല, അപകടകാരികൂടിയാണ് എന്നാണ്. സ്പെയിനിൽ ഇനി ഭരണകൂടമാണ് നേരിട്ട് കാര്യങ്ങൾ നിയന്ത്രിക്കാൻ പോകുന്നത്. മെഡിക്കൽ രംഗത്തിലേക്കുള്ള വകയിരുത്തലുകൾ വെട്ടിച്ചുരുക്കിയ രണ്ടു രാജ്യങ്ങൾ ആണ് ഇറ്റലിയും സ്പെയിനും. പൊതു ആരോഗ്യ മേഖലയുടെയും സർക്കാർ ഇടപെടലിന്റെയും കുറവാണ് സാഹചര്യങ്ങൾ മോശമാക്കുന്നതെന്നു അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞൻ ജെഫ്റി സാക്സ്, ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ മെഹ്ദി ഹസനുമായി നടത്തിയ ചർച്ചയിൽ പറയുകയുണ്ടായി. ഇതിനെല്ലാം പരിഹാരം ക്ഷേമരാഷ്ട്ര പദ്ധതികൾ (വെൽഫെയർ സ്റ്റേറ്റ് പോളിസി) തന്നെയാണ്. ഇന്ന് ഇന്ത്യയിലും ലോകത്ത് മുഴുവനുമുള്ള വലതുപക്ഷക്കാരും ക്ലാസിക്ക് ലിബറലുകളും ഫ്രീബീസ് എന്നും പ്രീണനം എന്നും പറഞ്ഞു അവഗണിച്ച ഒന്നാണ് സൗജന്യവും സാർവത്രികവും ഗുണമേന്മയുമുള്ള ചികിത്സയെന്ന ഭരണകൂടം നൽകുന്ന സോഷ്യലിസ്റ്റ് പദ്ധതി. അത് സ്വീകരിക്കുക എന്ന ഏകവഴിയാണ് അവർക്ക് മുന്നിൽ ഇനി ശേഷിക്കുന്നത്.

കൊറോണയ്ക്ക് പരിഹാരം വാക്സിൻ മാത്രമാണ്. അത് എത്രയും പെട്ടെന്ന് രംഗത്ത് വരും എന്ന് പ്രതീക്ഷിക്കാം. എന്നാൽ ശിഥിലമായ ഹെൽത്ത് കെയർ മേഖലയ്ക്ക് ഒരേയൊരു പരിഹാരം സോഷ്യലിസ്റ്റ് രീതിയിൽ ഉള്ള സൗജന്യവും സാർവത്രികവും ഗുണമേന്മയേറിയതുമായ ആരോഗ്യ പരിരക്ഷ, ഇൻഷുറൻസ് അടക്കം ഭരണകൂടം നൽകുക എന്നതാണ്. അത് നടപ്പിലാക്കാൻ കഴിയാത്ത വിധം മുതലാളിത്തം നിങ്ങളെ ഗ്രസിച്ചുവെങ്കിൽ കുറഞ്ഞപക്ഷം യുബിഐ (സാർവത്രിക അടിസ്ഥാന വരുമാനം) അല്ലെങ്കിൽ മറ്റു സാമൂഹ്യസുരക്ഷ പദ്ധതികൾ പ്രാവർത്തികമാക്കുക. അങ്ങനെയെങ്കിൽ മരുന്നു വാങ്ങുവാനുള്ള പണമെങ്കിലും പൗരൻമാർ കണ്ടെത്തും. ഇത്തരം പദ്ധതികൾ പൗരന്മാരെ മടിയന്മാർ ആക്കുമെന്ന വാദത്തിന് ഒരു അടിസ്ഥാനവുമില്ലെന്ന് അഭിജിത്ത് വി ബാനർജിയും എസ്തർ ഡ്യൂഫ്ളോയും ഗുഡ് ഏകോണോമിക്ക്സ് ഫോർ ദി ഹാർഡ് ടൈംസ് എന്ന പുസ്തകത്തിൽ എഴുതിയിരിക്കുന്നു. യുബിഐ നടപ്പിലാക്കാൻ കഴിയില്ലെങ്കിൽ നെഗറ്റീവ് ഇൻകം ടാക്‌സെങ്കിലും നടപ്പിലാക്കണം. ക്ഷേമ പദ്ധതികൾ ധനകമ്മി ബജറ്റ് ഉണ്ടാക്കുന്നു എന്ന വിമർശനം നിലനിൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സാമൂഹികമായി മുന്നാക്കം നിൽക്കുന്ന കേരളത്തെ സാമ്പത്തികമായി വളർച്ച കൈവരിച്ചു എന്നു അംഗീകരിക്കാൻ പലർക്കും മടിയുണ്ട്. ജഗദീഷ് ഭഗവതി പോലെയുള്ളവർക്കാണ് ജിഡിപി പോലുള്ള നിരക്കുവച്ച് ഗുജറാത്ത് കേരളത്തേക്കാൾ മുന്നിലാണ് എന്നുപറയാൻ കൂടുതൽ ആഗ്രഹം. എന്നാൽ ക്ഷേമരാഷ്ട്രീയത്തെയും ഇടത് സാമ്പത്തിക ചിന്തകളെയും എതിർക്കുന്നവർ അറിയാതെ പോകുന്നത്, ഇത്തരം നയങ്ങളാണ് ആരോഗ്യ മേഖലയെ ദൃഢമായി പിടിച്ചുനിർത്തുന്നത് എന്ന വസ്തുതയാണ്.

വളരെ വികേന്ദ്രീകൃതവും ഉയർന്ന നിലവാരത്തിലുമുള്ള ആരോഗ്യ പരിപാലന കേന്ദ്രങ്ങൾ കേരളത്തിൽ രൂപപ്പെടാൻ കാരണം മറ്റു സംസ്ഥാനങ്ങളെപോലെ കേവല വികസനം എന്നതിന് പകരം ക്ഷേമരാഷ്ട്രീയത്തിന് പ്രാധാന്യം കൊടുത്തതുകൊണ്ട് തന്നെയാണ്. സാമ്പത്തിക നഷ്ടമെന്ന പേരിൽ മനുഷ്യന്റെ അവകാശമായ ആരോഗ്യ പരിപാലനം പിടിച്ചുവയ്ക്കുമ്പോൾ ഓർക്കുക, കൊറോണ സ്പെയിൽ എങ്ങനെ ദേശസാത്കരണം നടത്തിയോ അതുപോലെ നിങ്ങളെയും സോഷ്യലിസ്റ്റ് നയങ്ങൾ സ്വീകരിക്കാൻ നിർബന്ധിക്കും. (ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർത്ഥിയും എഐഎസ്എഫ് പ്രവർത്തകനുമാണ് ലേഖകൻ)

Eng­lish Summary:corona induced nation­al­iza­tion janayu­gom article

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.