June 3, 2023 Saturday

Related news

April 9, 2022
February 24, 2022
February 24, 2022
August 2, 2021
April 19, 2021
April 17, 2021
March 11, 2021
November 2, 2020
October 18, 2020
September 12, 2020

കോട്ടയത്തെ ഈ ‘കൊറോണ’യെ നാട്ടുകാര്‍ക്ക് പേടിയില്ല

Janayugom Webdesk
കോട്ടയം
November 2, 2020 2:40 pm

ലോകം മുഴുവന്‍ ഭീതിയിലാണെങ്കിലും കോട്ടയത്തെ ഈ കൊറോണയെ നാട്ടുകാര്‍ക്ക് പേടിയില്ല. മാത്രമല്ല, വാക്സിന്‍ എത്രതന്നെ കണ്ടുപിടിച്ചാലും കോട്ടയത്തെ കൊറോണ നാടുവിടുകയുമില്ല. കോട്ടയം കഞ്ഞിക്കുഴി കളത്തിപ്പടി മരിയൻ സ്കൂളിന് ഏതിർവശത്തായുള്ള ഇന്റീരിയര്‍ ഡിസൈൻ കടയാണ് പേരു കൊണ്ട് ശ്രദ്ധനേടുന്നത്. ലോകം പേടിയോടെ നോക്കുന്ന ‘കൊറോണ’യെന്നാണ് കടയുടെ പേര്. രാജ്യങ്ങളെല്ലാം ഏകസ്വരത്തിൽ അകറ്റിനിർത്തണമെന്ന് പറയുന്ന ‘കൊറോണ’യെന്ന പേരിനെ കടയുടമയായ പുലിക്കുട്ടിശ്ശേരി കൊല്ലങ്കേരിൽ ജോർജ് പി ജോൺ ചേർത്തുനിർത്തിയിട്ട് ഇപ്പോള്‍ ഏഴുവർഷം.

നവീകരണത്തിന് ശേഷം കടക്ക് പേര് അന്വേഷിച്ച് നടക്കുന്നതിനിടെ ‘കോറോണ’യെന്ന് പേര് നിർദേശിച്ചത് സുഹൃത്താണ്. കടയുടെ പേരിലൂടെ നീ ലോകപ്രശസ്തനാകുമെന്ന കമൻറും കൂട്ടുകാരന്‍ ഒപ്പം ചേർത്തെന്ന് ജോര്‍ജ്ജ്. പേര് സ്വന്തമാക്കിയെങ്കിലും കൂട്ടുകാരന്റെ കമന്റ് അന്ന് ജോര്‍ജ്ജ് പക്ഷേ, നിഷ്ക്കരുണം തള്ളി.

എന്നാല്‍, എഴുവര്‍ഷത്തിനിപ്പുറം ലോകപ്രശസ്തനായില്ലെങ്കിലും കെ.കെ.റോഡിലൂടെ കടന്നുപോകുന്നവരെല്ലാം ഇപ്പോൾ തന്നെയും കടയേയും ശ്രദ്ധിക്കുന്നുണ്ടെന്ന് ജോര്‍ജ്ജ് പറയുന്നു. നവീകരണത്തിന്റെ ഭാഗമായാണ് കടക്ക് പുതിയ പേര് അന്വേഷിച്ച ജോർജ്ജ് സൃഹൃത്തായ സുവിശേഷകപ്രവർത്തകൻ കെ കെ രഞ്ജിനെ സമീപിച്ചത്. കിരീടമെന്ന അർത്ഥമുള്ള കോറോണയെന്ന പേര് കടയ്ക്ക് നിർദേശിച്ചത് രഞ്ജിത്താണ്. കീരീടമെന്ന അർത്ഥംവരുന്ന മറ്റുപേരുകളും ഒപ്പം എത്തിയെങ്കിലും ജോർജ് തെരഞ്ഞെടുത്തത് കോറോണയേയായിരുന്നു.

കടപുതുക്കി പണിതിട്ടും ആറുവർഷം ആരും ശ്രദ്ധിക്കാതെ പോയ പേര് ഏഴാംവർഷം ഹിറ്റായി. കൊറോണയെന്ന മഹാമാരി എത്തിയതോടെ ഇപ്പോൾ റോഡിൽകൂടി പോകുന്നവരെല്ലാം പേര് ശ്രദ്ധിക്കുന്നു. കാറുകളിൽ പോകുന്നവർ വരെ വാഹനം നിർത്തി ഇറങ്ങി കടയുടെ മുന്നിൽനിന്ന് ഫോട്ടോ എടുക്കുന്നു. അറിഞ്ഞ്കേട്ട് ഫോട്ടോ എടുക്കാനായി മാത്രം എത്തുന്ന യുവാക്കളുമുണ്ട്. ഇതിനൊപ്പം കടയുടെ പേര് കച്ചവടവും കൊണ്ടുവരുന്നതിന്റെ സന്തോഷത്തിലാണ് ജോർജ്. പേരിന്റെ കൗതുകത്തിൽ പുതിയതായി ആൾക്കാൾ കട തിരക്കി എത്തുന്നതായും അദേഹം പറയുന്നു.

കിച്ചൻ കബോർഡുകളും വാർഡ്രോബും നിർമിക്കുന്ന കടയാണിത്. ഒപ്പം ഇൻഡോർ ചെടികളും ചട്ടികളും ഇവിടെ ലഭ്യമാണ്. കഴിഞ്ഞദിവസം പേര് കണ്ട് കടയിലെത്തിയവർ മൂന്ന് പൂച്ചട്ടികളുമായാണ് മടങ്ങിയതെന്ന് ചെറു ചിരിയോടെ ജോർജ് പറയുന്നു.

പിതാവ് നടത്തിയിരുന്ന കട പിന്നീട് ജോർജ് ഏറ്റെടുക്കുകയായിരുന്നു. തുടർന്നായിരുന്നു നവീകരണവും പുതിയപേരു നല്‍കി യതും. അന്ന് അത് വലിയ ചലനമൊന്നും സൃഷ്ടിച്ചില്ലെങ്കിലും ഇന്ന് കടയെയും ജോർജിനെയും നാട് ശ്രദ്ധിക്കുന്നു. സംസ്ഥാനത്തിന്റെ മറ്റ് ചിലഭാഗങ്ങളിൽ കോറോണയെന്ന പേരിൽ കടകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും മധ്യകേരളത്തിൽ സമാനപേരിൽ കടകളില്ലെന്നാണ് ജോർജിന്റെ പക്ഷം. വാക്സിൻ കണ്ടെത്തിയാലും ഈ കോറോണ ഇവിടെ തന്നെ കാണുമെന്ന ഉറപ്പും അദ്ദേഹം നൽകുന്നു.

Eng­lish sum­ma­ry:  inte­ri­or design stu­dio in kot­tayam named as corona
You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.