നൂറിലധികം ലോകരാജ്യങ്ങളെ ഗ്രസിച്ച കൊറോണ വൈറസ് ബാധ ആഗോള സമ്പദ് വ്യവസ്ഥയിൽ 200 കോടി ഡോളറിന്റെ നഷ്ടമുണ്ടാക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. കൊറോണ വൈറസ് ബാധയെ കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന മഹാമാരിയായി(പാൻഡമിക്) പ്രഖ്യാപിച്ച സാഹചര്യത്തിലാണ് യുഎന്നിന്റെ റിപ്പോർട്ട്. ലോകം ഇന്നുവരെ കാണാത്ത മാന്ദ്യമാകും ഇനിയുണ്ടാകാന്‍ പോവുക. അമേരിക്ക പോലും ഇപ്പോള്‍ മാന്ദ്യത്തിലേക്ക് തള്ളപ്പെട്ടുവെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണം. രാജ്യങ്ങൾ യാത്രാവിലക്കുകള്‍ കര്‍ശനമാക്കുകയും ഡബ്ല്യുഎച്ച്ഒ കൂടുതല്‍ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്തതോടെ ആഗോളതലത്തിലെ വ്യാപാരം നിശ്ചലമായിരിക്കുകയാണ്. ഇതോടെ നിക്ഷേപ മേഖലയെല്ലാം ഏറ്റവും വലിയ തളര്‍ച്ചയിലേക്ക് വഴുതിവീണു. ആഗോളതലത്തിലെ വിവിധ ഓഹരി വിപണി കേന്ദ്രങ്ങളെല്ലാം നിലംപൊത്തുന്നത് ഇതിന്റെ സൂചനകളാണ്. ആദ്യം ചൈനയിലെ വുഹാൻ പ്രവിശ്യയിൽ തുടങ്ങിയ കൊറോണ വൈറസ് രോഗം ഇപ്പോൾ ആറ് ഭുഖണ്ഡങ്ങളെയും ബാധിച്ച അവസ്ഥയാണ്.
ഇതിന്റെ ഭാഗമായി ആഗോള സാമ്പത്തിക വളർച്ചാ നിരക്ക് കുറഞ്ഞുവെന്ന് മാത്രമല്ല ഉപഭോക്തൃ സൂചിക ഇല്ലാതാതായിയെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. കൊറോണ ബാധ കാരണമുള്ള മരണമല്ല മറിച്ച് രോഗബാധ തടയുന്നതിനായി വിവിധ ലോകരാജ്യങ്ങൾ ചെലവിടുന്ന തുകയാണ് ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്നതെന്ന് ഓക്സ്ഫോർഡ് സർവകലാശാലയിലെ സാമ്പത്തിക വിദഗ്ധനായ ബെൻ മെയ് പറയുന്നു. കൊറോണ വ്യാപനം ആഗോള വളർച്ചാ നിരക്കിനെ പ്രതികൂലമായി ബാധിക്കുമെന്ന് രാജ്യാന്തര ഏജൻസികളായ ഒഇസിഡി, യുഎൻസിടിഎഡി എന്നിവരും റിപ്പോർട്ട് ചെയ്തിരുന്നു. ആഗോള വളർച്ചാ നിരക്ക് കുറയുമെന്ന യുഎൻസിടിഎഡിയുടെ റിപ്പോർട്ട് വന്ന ദിവസം മുതൽ ലോകരാജ്യങ്ങളിലെ മൂലധന കമ്പോളം കുത്തനെ ഇടിയുന്ന അവസ്ഥയാണ് പ്രകടിപ്പിച്ചത്. ഇന്നലെയും ഈ പ്രവണത തുടർന്നു. ദക്ഷിണ കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ സാമ്പത്തിക ഭദ്രത നിലനിർത്തുന്നതിനായുള്ള ഭഗീരഥ പ്രയത്നങ്ങളാണ് ഇരുരാജ്യങ്ങളിലെയും സർക്കാരുകൾ നടത്തുന്നത്. ആസിയൻ രാജ്യങ്ങളായ ഇന്തോനേഷ്യ, വിയറ്റ്നാം, കംബോഡിയ, സിംഗപൂർ, മലേഷ്യ, ബ്രുണൈ, ഫിലിപ്പീൻസ്, ലാവോസ്, മ്യാൻമാർ, തായ്‌ലന്റ് എന്നീ രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥ ആകെ താറുമാറായി.
2002–2003ലെ സാർസ് ബാധയെ തുടർന്ന് ചൈനയിൽ നിന്നും ജപ്പാൻ, സൗത്ത് കൊറിയ, മലേഷ്യ, സിംഗപൂർ, ഫിലിപ്പീൻസ് എന്നിവിടങ്ങളിലേയ്ക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ 90 ശതമാനം കുറവാണ് ഉണ്ടായത്. ഇപ്പോഴത്തെ അവസ്ഥയും മറിച്ചല്ല. ഈ സ്ഥിതിയിൽ ആസിയൻ രാജ്യങ്ങളും ഉപ സഹാറൻ രാജ്യങ്ങളും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാകും നേരിടേണ്ടി വരുന്നതെന്നും യുഎൻ റിപ്പോർട്ട് പറയുന്നു. ചൈനയിലെ വിവിധ ഉല്പാദന കേന്ദ്രങ്ങളും, ആപ്പിളടക്കമുള്ള വന്‍കിട കമ്പനികളുടെ സ്റ്റോറുകള്‍ അടച്ചുപൂട്ടുകയും ചെയ്തതോടെ ചൈനയുടെ 95 ശതമാനം വരുന്ന ബിസിനസ് യാത്രകളും ഇല്ലാതായി. ചൈനയ്ക്ക് ബിസിനസ് യാത്രാ മേഖലയില്‍ മാത്രം വരുന്ന നഷ്ടം 404.1 ബില്യണ്‍ ഡോളറാണെന്നാണ് റിപ്പോര്‍ട്ട്. യൂറോപ്പിന് മാത്രം കോര്‍പ്പറേറ്റ് യാത്രാ മേഖലയില്‍ നിന്ന് വരുന്ന നഷ്ടം 190.05 ബില്യണ്‍ ഡോളറായിരിക്കുകയും ചെയ്യും.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.