Web Desk

ന്യൂഡല്‍ഹി:

June 04, 2020, 9:44 pm

കൊറോണ; പശ്ചാത്യ രാജ്യങ്ങളെ മാതൃകയാക്കിയത് തെറ്റ്: രാജീവ് ബജാജ്

Janayugom Online

കൊറോണവൈറസ് പ്രതിസന്ധിയോടുള്ള പ്രതികരണത്തില്‍ പശ്ചാത്യ രാജ്യങ്ങളെ മാതൃകയാക്കിയതാണ് ഇന്ത്യ ചെയ്ത തെറ്റെന്ന് വ്യവസായിയും ബജാജ് ഓട്ടോ മാനേജിങ് ഡയറക്ടറുമായ രാജീവ് ബജാജ്. കിഴക്കൻ മേഖലയിൽ മികച്ച പ്രകടനം കാഴ്ചവച്ച രാജ്യങ്ങളുണ്ടായിരുന്നു. ഇന്ത്യ അവരെക്കൂടി നോക്കി കാണണമായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി നടത്തിയ ഓണ്‍ലൈന്‍ സംവാദത്തിനിടെ രാജീവ് ബജാജ് പറഞ്ഞു.

ഇത്തരം പ്രശ്നങ്ങൾ രാഹുൽ ഗാന്ധിയോട് സംസാരിക്കരുതെന്നാണ് ചില കോണുകളിൽ നിന്ന് തനിക്ക് കിട്ടിയ നിർദ്ദേശമെന്നും സംസാരിച്ചാൽ അത് കുഴപ്പങ്ങൾക്ക് വഴിവയ്ക്കുമെന്നുമായിരുന്നു ഉപദേശമെന്നും അദ്ദേഹം സംവാദത്തിനിടെ വെളിപ്പെടുത്തി.സര്‍ക്കാരിന് പ്രശ്‌നം പരിഹരിക്കാന്‍ ഇതുവരെ ആയിട്ടില്ല. എന്നാല്‍ സമ്പദ് വ്യവസ്ഥ നശിപ്പിക്കുകയും ചെയ്തു. തെറ്റായ വളവാണ് സര്‍ക്കാര്‍ നിവർത്തിയത്. അത് വൈറസ് ബാധയുടെ വളവല്ല. ജിഡിപിയുടെ വളവാണെന്നും രാജീവ് ബജാജ് പറഞ്ഞു.ഇന്ത്യയിലെ ലോക് ഡൗണ്‍ കഠിനമായ രീതിയിലായിരുന്നു.

ലോകത്തെവിടെയും ഈ രീതിയില്‍ തനിക്ക് കാണാനായിട്ടില്ല. ലോക് ഡൗണ്‍ പൂര്‍ണ്ണമായും എടുത്ത് കളഞ്ഞ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പൂര്‍വസ്ഥിതിയിലാക്കണമെന്നും രാജീവ് ബജാജ് ആവശ്യപ്പെട്ടു.അതേസമയം കോവിഡ് വ്യാപനം തടയുന്നതിനുള്ള ലോക്ഡൗണില്‍ സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. ലോക മഹായുദ്ധ കാലഘട്ടത്തേക്കാള്‍ മോശമായിട്ടാണ് ലോക്ഡൗണ്‍ ഇന്ത്യയില്‍ നടപ്പാക്കിയതെന്നും രാഹുല്‍ വിമര്‍ശിച്ചു.

ദരിദ്രരേയും കുടിയേറ്റ തൊഴിലാളികളേയും ലോക്ഡൗണ്‍ വളരെ മോശമായി ബാധിച്ചു. അവര്‍ക്ക് പോകാന്‍ ഒരിടമില്ലായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് സഹായം നല്‍കി പ്രാപ്തമാക്കുകയും പോരാട്ടം മുഖ്യമന്ത്രിമാര്‍ക്ക് കൈമാറുകയും ചെയ്യണമായിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പിന്‍മാറി എന്നുള്ളതാണ്. രാഹുൽ പറഞ്ഞു. തന്നോട് സംവാദത്തിന് തയ്യാറായ രാജീവ് ബജാജിനെ രാഹുൽ ഗാന്ധി അഭിനന്ദിച്ചു.

ENGLISH SUMMARY: Coro­na; Mis­takes of west­ern coun­tries: Rajiv Bajaj

YOU MAY ALSO LIKE THIS VIDEO