കൊറോണ ഭീതിയിൽ മാനസികനില തകർന്ന യുവാവ് 90 കാരിയെ കടിച്ചു കൊന്നു. ഇന്നലെ വൈകിട്ട് 5.30ന് തമിഴ്‌നാട്ടിൽ ബോഡിക്കടുത്ത് ജക്കമ്മ നായ്ക്കൻപ്പെട്ടി ഗ്രാമത്തിലാണ് സംഭവം. ജക്കമ്മ നായ്ക്കൽപ്പെട്ടിയിലെ നാച്ചിയമ്മാൾ (90) എന്ന വൃദ്ധയാണ് രാത്രിയിൽ 10 മണിയോടു കൂടി ബോഡി കാണാവിളക്ക് ഗവ. ആശുപത്രിയിൽ ചികിൽസയിലിരിക്കെ മരിച്ചത്. നാച്ചിയമ്മാളെ കടിച്ചു പരിക്കേൽപ്പിച്ച അതേ ഗ്രാമത്തിലെ മണികണ്ഠ (34)ൻ പൊലീസ് കാവലിൽ കാണാവിളക്ക് ആശുപത്രിയിൽ ചികിൽസയിലാണ്.
മണികണ്ഠൻ തമിഴ്‌നാട്ടിൽ നിന്നും വസ്ത്രങ്ങൾ ശ്രീലങ്കയിൽ എത്തിച്ചു വില്പന നടത്തി വരുന്ന ആളാണ്. കഴിഞ്ഞ ആഴ്ചയാണ് ഇയാൾ ശ്രീലങ്കയിൽ നിന്നും തിരിച്ചു വരുന്നത്. കോവിഡ് ബാധിതനാണെന്ന സംശയത്തിൽ ഇയാളെ ബന്ധുക്കളടക്കമുള്ള നാട്ടുകാർ മാറ്റി നിർത്തി. ഇത് മാനസികമായി മണികണ്ഠനെ ഏറെ ബാധിച്ചു. മനോനില തകർന്ന മണികണ്ഠൻ വെള്ളിയാഴ്ച വൈകുന്നേരം നഗ്നനായി റോഡിലൂടെ ഓടും വഴി രണ്ടു കിലോമീറ്റർ അകലെ വീടിന് മുൻവശത്ത് കിടന്നിരുന്ന നാച്ചിയമ്മയെ കഴുത്തിൽ കടിച്ചു ആഴത്തിൽ മുറിവേൽപ്പിക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികൾ മണികണ്ഠനെ പിടികൂടി പൊലീസിന് കൈമാറി.
സമീപവാസികളുടെ മർദ്ദനമേറ്റ് മണികണ്ഠനും പരിക്കേറ്റു. രണ്ടു പേരെയും ബോഡി കാണാവിളക്ക് ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി 10 മണിയോടു കൂടി നാച്ചിയമ്മ മരിച്ചു. ടൗൺ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് മുരുകന്റെ നേതൃത്വത്തിൽ മേൽനടപടികൾ സ്വീകരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.