ദക്ഷിണകൊറിയയിൽ 219 പേർക്ക് പുതിയതായി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 3,150 കടന്നു. കൊറിയൻ ആരോഗ്യവിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി 20നാണ് രാജ്യത്ത് ആദ്യമായി കൊറോണ വൈറസ് സാന്നിധ്യം തിരിച്ചറിഞ്ഞത്. കഴിഞ്ഞ ദിവസം 594 പേരിൽ രോഗബാധ കണ്ടെത്തിയിരുന്നു. രാജ്യത്ത് കർശന നിർദ്ദേശങ്ങളാണ് നടപ്പാക്കിവരുന്നത്. പ്രധാന നഗരങ്ങളൊക്കെയും ആളൊഴിഞ്ഞ നിലയിൽ തുടരുകയാണ്. അതേസമയം ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ ശക്തമായ മുൻകരുതലിന് നിർദ്ദേശിച്ചിരിക്കുകയാണ്. കൊറോണ വൈറസ് രാജ്യത്ത് കടക്കുന്ന സാഹചര്യമുണ്ടായാൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നും വൈറസിനെ ഏതുവിധേനയും തടയണമെന്നും ഉന്നത അധികൃതരുടെയും പാർട്ടി നേതാക്കളുടെയും യോഗത്തിൽ കിം ജോങ് ഉൻ പറഞ്ഞതായി ഉത്തര കൊറിയൻ ഔദ്യോഗിക വാർത്താ ഏജൻസിയായ കെസിഎൻഎ റിപ്പോർട്ട് ചെയ്തു.
ഉത്തരകൊറിയയിൽ ഒരു കൊറോണ കേസ് പോലും സ്ഥിരീകരിച്ചിട്ടില്ലെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. എന്നാൽ, കൊറോണ ബാധിച്ച ഒരാളെ വെടിവെച്ചു കൊലപ്പെടുത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടിയുടെ പൊളിറ്റ്ബ്യുറോ യോഗത്തിലാണ് കൊറോണ ബാധ തടയാൻ കർശന നടപടി സ്വീകരിക്കണമെന്ന് കിം ജോങ് ഉൻ നിർദേശിച്ചത്. വൈറസിനെ തടയാൻ സാധിക്കാത്ത പക്ഷം കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ആരോഗ്യ വിഭാഗം അധികൃതർക്ക് ഉൾപ്പടെ മുന്നറിയിപ്പ് നൽകി. കര‑വ്യോമമാർഗങ്ങൾ ഉൾപ്പെടെ വൈറസ് കടന്നുവരാൻ സാധ്യതയുള്ള എല്ലാ മാർഗങ്ങളും അടക്കണം.
പരിശോധന വ്യാപകമാക്കണം ‑കിം ജോങ് ഉൻ നിർദേശിച്ചു. പുറംലോകവുമായി ഏറെ ബന്ധമില്ലാത്ത നിഗൂഢരാഷ്ട്രമായ ഉത്തരകൊറിയയുടെ ആരോഗ്യമേഖലക്ക് വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ടോയെന്ന കാര്യത്തിൽ ലോകരാജ്യങ്ങൾക്ക് വ്യക്തതയില്ല. ഉത്തര കൊറിയയുടെത് തീർത്തും ദുർബലമായ ആരോഗ്യമേഖലയാണെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. അമേരിക്കയിൽ നാലു പേർക്കുകൂടി രോഗബാധ കണ്ടെത്തിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. രോഗത്തിന്റെ പ്രഭവകേന്ദ്രമായി കണക്കാക്കുന്ന ചൈനയിൽ മരണസംഖ്യ കുറഞ്ഞു. 47 പേരാണ് ഇന്നലെ രോഗബാധിതരായി മരിച്ചത്. 427 പേർക്ക് പുതിയതായി രോഗം ബാധിച്ചതായാണ് റിപ്പോർട്ട്. ആഗോള തലത്തിൽ ഏകദേശം 85,000 പേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 58 രാജ്യങ്ങളിൽ ഇതുവരെ വൈറസിന്റെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2900 പേരാണ് രോഗബാധിതരായി മരിച്ചത്.
English Summary; Corona South Korea
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.