കെ രംഗനാഥ്

അബുദാബി

April 04, 2020, 8:25 am

അബുദാബിയില്‍ കൊറോണ പരിശോധനയ്ക്ക് വമ്പന്‍ കേന്ദ്രം

Janayugom Online

ദിവസേന ആയിരക്കണക്കിനാളുകളുടെ കോവിഡ് പരിശോധന നടത്താന്‍ ശേഷിയുള്ള വമ്പന്‍ ലബോറട്ടറി അബുദാബിയില്‍. ചൈന കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ പരിശോധന കേന്ദ്രമായിരിക്കും ഇത്. യുഎഇയില്‍ ഇതിനകം 2.2 ലക്ഷം കോവിഡ് പരിശോധനകള്‍ നടത്തിയിട്ടുണ്ട്. ഈ പരിശോധനാ കേന്ദ്രം അബുദാബി മസ്ദാര്‍സിറ്റിയില്‍ പ്രവര്‍ത്തനമാരംഭിച്ചതോടെ യുഎഇയിലെ കൊറോണ പരിശോധനയില്‍ വലിയൊരു കുതിച്ചുചാട്ടമാണുണ്ടാവുക.

14 ദിവസം കൊണ്ട് ചൈനയുടെ സഹായത്തോടെ ജി 42 എന്ന കമ്പനി പ്രവര്‍ത്തനസജ്ജമാക്കിയ ഈ ലാബിന് ലോകാരോഗ്യ സംഘടനയും അമേരിക്കയടക്കമുള്ള വികസിത രാജ്യങ്ങളും അംഗീകാരം നല്കിയിട്ടുണ്ട്. നിര്‍മ്മിത ബുദ്ധിയിലൂടെ സ്ഥാപിച്ച ഈ പരിശോധനാ കേന്ദ്രത്തില്‍ രോഗലക്ഷണമുള്ളവരുടേയും രോഗലക്ഷണങ്ങള്‍ സംശയിക്കുന്നവരുടേയും സ്രവങ്ങള്‍ അതിവേഗം പരിശോധിക്കാനാവും. പരിശോധനയില്‍ യുഎഇയിലുള്ളവര്‍ക്കാണ് മുന്‍ഗണന നല്കുക. സാര്‍സ് സിഒവി 2 വൈറസ് രോഗവും ഇവിടെ കണ്ടുപിടിക്കാം. രോഗം ബാധിച്ചവര്‍ക്ക് രോഗം മാറിയതായി വളരെ വേഗം ഉറപ്പു വരുത്തുന്നതുവഴി ചികിത്സയ്ക്ക് കൂടുതല്‍ പേരെ ആശുപത്രികളില്‍ പ്രവേശിപ്പിക്കാനുമാവും. അ‍‍ഞ്ചു മിനിറ്റിനകം പരിശോധന പൂര്‍ത്തിയാക്കി ഫലമറിയാനുള്ള ഒരു ഡ്രൈവ്ത്രു കേന്ദ്രവും കഴിഞ്ഞ ദിവസം അബുദാബിയില്‍ പ്രവര്‍ത്തനമാരംഭിച്ചിരുന്നു. കാറിലിരുന്നു തന്നെ പരിശോധന നടത്താം.

അബുദാബി കിരീടാവകാശി ഷേഖ് അല്‍നഹ്യാല്‍ സ്വയം കാറോടിച്ച് എത്തിയാണ് പരിശോധനയ്ക്കു വിധേയനായി ഈ കേന്ദ്രം ഉദ്ഘാടനം ചെയ്തത്. ഇത്തരം ഡ്രൈവ്ത്രു പരിശോധനാ കേന്ദ്രങ്ങള്‍ ദുബായ്, ഷാര്‍ജ, റാസല്‍ഖൈമ, ഫുജൈറ, അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍, അല്‍ഐന്‍, അല്‍ദഫ്റ എന്നിവിടങ്ങളിലും പ്രവര്‍ത്തനസജ്ജമായി വരുന്നു. ഇതോടെ കോവിഡ് പരിശോധനയ്ക്ക് ലോകത്ത് ഏറ്റവും വലിയ സംവിധാനമുള്ള രാജ്യമായി യുഎഇ മാറുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

YOU MAY ALSO LIKE THIS VIDEO