March 31, 2023 Friday

Related news

September 19, 2022
January 25, 2022
January 21, 2022
January 19, 2022
January 19, 2022
January 19, 2022
January 18, 2022
January 17, 2022
January 17, 2022
January 16, 2022

കൊറോണയിൽ ആഗോള സമ്പദ്‌വ്യവസ്ഥ തകിടം മറിയുന്നു

Janayugom Webdesk
ന്യൂഡൽഹി
February 25, 2020 10:31 pm

ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കൊറോണ വൈറസ് അനിയന്ത്രിതമായി പടർന്ന് പിടിക്കുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയെ മറ്റൊരു മാന്ദ്യത്തിലേയ്ക്ക് തള്ളിവിടുന്നതായി റിപ്പോർട്ട്. ചൈനയിൽ നിന്നും പുറത്തേയ്ക്കുള്ള ചരക്കുനീക്കം ഗണ്യമായി കുറഞ്ഞതും ദശലക്ഷണക്കിന് വ്യാപാര സ്ഥാപനങ്ങൾ അടച്ചൂപൂട്ടിയതുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കുള്ള കാരണമെന്ന് ദേശാന്തര മാധ്യമങ്ങളും ക്രെഡിറ്റ് റേറ്റിങ് ഏജൻസികളും റിപ്പോർട്ട് ചെയ്യുന്നു. ആഗോള സമ്പദ്‌വ്യവസ്ഥയുടെ ജീവരക്തമായ കടലിലൂടെയുള്ള ചരക്കുനീക്കം ഏതാണ്ട് തകർന്ന അവസ്ഥയിലായി. വുഹാൻ പ്രവിശ്യയിൽ കൊറോണ വൈറസ് ബാധിച്ചശേഷം കൽക്കരി, അരി, ഗോതമ്പ് എന്നിവയുടെ കയറ്റുമതി ഗണ്യമായി കുറഞ്ഞെന്ന് ദി ബാൾടിക് ഡ്രൈ ഇൻഡക്സ് നടത്തിയ പഠനം സൂചിപ്പിക്കുന്നു.

2008-09 ലെ ആഗോള മാന്ദ്യത്തിന് ശേഷം ഷിപ്പിങ് മേഖല ഗുരുതരമായ തകർച്ച നേരിടുന്നത് ഇപ്പോഴാണെന്ന് ഇംഗ്ലണ്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലണ്ടൻ കാപ്പിറ്റൽ ഇക്കണോമിക്സിലെ സാമ്പത്തിക വിദഗ്ധരും പറയുന്നു. ആഗോളതലത്തിലെ മൊത്തം കടൽവഴിയുള്ള ചരക്ക് നീക്കത്തിൽ 40 ശതമാനവും ചൈനയുമായി ബന്ധപ്പെട്ടാണ് നടക്കുന്നത്. ചൈനയിലെ പ്രധാനപ്പെട്ട തുറമുഖങ്ങളുടെ പ്രവർത്തനങ്ങൾ ഏതാണ്ട് പൂർണമായും നിലച്ച അവസ്ഥയിലാണ്. ഇതിന്റെ ഭാഗമായി ചരക്ക് ഗതാഗതത്തിന്റെ പകുതിയോളം കഴിഞ്ഞ രണ്ട് മാസത്തിനിടെ കുറഞ്ഞതായി നോർവേ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർക്ടിക് സെക്യൂരിറ്റീസിലെ മുഖ്യ സാമ്പത്തിക വിദഗ്ധനായ ലാർസ് ബാസ്റ്റിയൻ ഒസ്ട്രാങ് പറയുന്നു. ചൈനയിൽ നിന്നും ഫ്രാൻസിലേയ്ക്കുള്ള കയറ്റുമതിയുടെ 78 ശതമാനവും ലൂയി ഡ്രൈഫസ് ആർമ്മച്ചേഴ്സ് എന്ന കമ്പനിയാണ് നടത്തുന്നത്.

കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിൽ നിന്നും ഇറക്കുമതി നടക്കുന്നില്ലെന്ന് മാത്രമല്ല സ്റ്റോക്കുകൾ വാങ്ങാൻ പോലും ഉപഭോക്താക്കൾ തയ്യാറാകുന്നില്ലെന്നാണ് സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറായ ആന്റണി പിയേഴ്സൻ പറയുന്നത്. 169 വർഷത്തെ വ്യാപാരബന്ധത്തിനിടെ ആദ്യമായാണ് ഇത്തരത്തിലുള്ള ഗുരുതരമായ തകർച്ച നേരിടുന്നത്. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള കയറ്റുമതിയുടെ 35 ശതമാനവും എത്തുന്നത് ചൈനയിൽ നിന്നാണ്. അമേരിക്ക, യൂറോപ്പ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള കയറ്റുമതി വ്യാപാര കരാറുമായി ബന്ധപ്പെട്ട് തടസം നേരിട്ടപ്പോൾ ആ കുറവ് മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി വർധിപ്പിച്ചാണ് ചൈന നേരിട്ടത്.

ചൈനയിലെ ഉരുക്ക് നിർമ്മാണ കമ്പനികളുടെ പ്രവർത്തനം തടസപ്പെട്ടതിനെ തുടർന്ന് വൈദ്യുതി ഉല്പാദനത്തിൽ ഗണ്യമായ കുറവുണ്ടായി. ഇത് കൂടാതെ കൽക്കരി, ഇരുമ്പ് അയിര് എന്നിവയുടെ ഇറക്കുമതി ഗണ്യമായി കുറഞ്ഞു. ഇതിന്റെ ഫലമായി ഓസ്ട്രേലിയ, ബ്രസീൽ എന്നീ രാജ്യങ്ങളിൽ നിന്നാണ് കൽക്കരി, ഇരുമ്പ് അയിര് എന്നിവ ചൈന ഇറക്കുമതി ചെയ്യുന്നത്. ഇത് തടസപ്പെട്ടതോടെ ഓസ്ട്രേലിയ, ബ്രസീൽ എന്നീ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയേയും പ്രതികൂലമായി ബാധിച്ചു. ലോകത്ത് ആകെ ഉല്പാദിപ്പിക്കുന്ന ലോഹങ്ങളിൽ 40 ശതമാനവും ഉപയോഗിക്കുന്നത് ചൈനീസ് കമ്പനികളാണ്. ഇതിന്റെ ഭാഗമായി തങ്ങളുടെ സമ്പദ്‌വ്യവസ്ഥ ഗണ്യമായി തകരുമെന്ന് ഡെൻമാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സാമ്പത്തിക അവലോകന സ്ഥാപനമായ എ പിമോളർ മെർക്സ് പറയുന്നു. കൊറോണ വൈറസുമായി ബന്ധപ്പെട്ട ചൈനയിലെ വ്യവസായ പ്രതിസന്ധി ആഗോള വ്യാപാരത്തിൽ വരുത്തുന്ന കുറവ് ഗുരുതരമായിരിക്കുമെന്ന് ദി ഡെയ്‍ലി ടെലിഗ്രാഫിലെ ബിസിനസ് എഡിറ്ററായ അംബ്രോസ് ഇവാൻസ് പറയുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ദശലക്ഷക്കണക്കിന് ചെറുകിട- ഇടത്തരം വ്യവസായങ്ങളാണ് അടച്ചുപൂട്ടിയത്. ഇതേ തുടർന്ന് തൊഴിലാളികൾക്ക് ശമ്പളം ലഭിക്കുന്നില്ലെന്ന് മാത്രമല്ല ബാങ്ക് വായ്പകളുടെ തിരിച്ചടവിലും കുറവുണ്ടായി. എച്ച് എസ്ബിസി, ഡെവലെപ്പ്മെന്റ് ബാങ്ക് ഓഫ് സിംഗപൂർ എന്നീ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെയാണ് കൊറോണ ബാധ ഏറെ പ്രതിസന്ധിയിലാക്കിയത്.

ചൈനയുടെ മൊത്തം സമ്പദ് വ്യവസ്ഥയുടെ 60 ശതമാനം പ്രദാനം ചെയ്യുന്നതും 80 ശതമാനം തൊഴിലും ലഭ്യമാക്കുന്നത് ചെറുകിട- ഇടത്തരം വ്യാപാര സ്ഥാപനങ്ങളാണ്. ഈ സ്ഥാപനങ്ങൾ അടച്ചുപൂട്ടിയതാണ് സാധാരണക്കാരന്റെ ദൈനംദിന ജീവിതത്തെ പോലും ബാധിച്ചതായി പീപ്പിൾ ബാങ്ക് ഓഫ് ചൈനയും പറയുന്നു. ചൈനയിലെ കൊറോണ വൈറസ് ബാധ ആഗോള സാമ്പത്തിക വളർച്ചയെ ഗുരുതരമായി ബാധിക്കുമെന്ന് കഴിഞ്ഞ ആഴ്ച്ച ഐഎംഎഫ് മേധാവി ക്രിസ്റ്റിലിന ജോർജീവിയ വ്യക്തമാക്കിയിരുന്നു. കൊറോണ ബാധയെ തുടർന്ന് ചൈനയിലെ വാഹന നിർമ്മാണ മേഖലയും രൂക്ഷമായ പ്രതിസന്ധിയാണ് നേരിടുന്നത്. ഭൂരിഭാഗം കാർവിൽപ്പന കേന്ദ്രങ്ങളും പൂട്ടിയിട്ടു. ഈമാസം കാറുകളുടെ വിൽപ്പനയിൽ 96 ശതമാനം കുറവാണ് ഉണ്ടായത്. കാറുകൾ, കാറുകളുടെ ഭാഗങ്ങൾ തുടങ്ങിയവയുടെ കയറ്റുമതിയും പൂർണമായി നിലച്ച അവസ്ഥയിലാണ്. കാറുകൾ വാങ്ങാനായി ആരുംതന്നെ എത്തുന്നില്ലിെന്ന് കാർ ഡീലേഴ്സ് സംഘടനാ പ്രതിനിധി ക്യൂ ദോങ്ഷു പറയുന്നു. പ്രതിവർഷം 21 ദശലക്ഷം കാറുകളാണ് ചൈനയിൽ വിൽപ്പന നടക്കുന്നത്. നിസാൻ, ഹ്യൂണ്ടായ് ഉൾപ്പെടെയുള്ള പ്രമുഖ കാർ നിർമ്മാണ കമ്പനികൾ ചൈനയിലെ ഉൽപ്പാദന യൂണിറ്റുകൾ പൂട്ടിയിട്ടു. സ്പെയർ പാർട്ടുകൾ ചൈനയിൽ നിന്നും എത്താത്തതിനാൽ വിദേശ രാജ്യങ്ങളിലെ യൂണിറ്റുകളിലെ ഉൽപ്പാദനം ഗണ്യമായി കുറച്ചു.

എണ്ണയുടെ ഇറക്കുമതിയിലും ഗണ്യമായ കുറവാണ് ചൈനയിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ ഉണ്ടായത്. യാത്രാ നിരോധനം, വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടിയത് തുടങ്ങിയവയാണ് എണ്ണയുടെ ഉപയോഗം കൂറയാനുള്ള പ്രധാനപ്പെട്ട കാരണമെന്ന് ഇന്റർ നാഷണൽ എൻർജി ഏജൻസി പുറത്തുവിട്ട കണക്കുകൾ പറയുന്നു. കൊറോണ ബാധയെ തുടർന്നുള്ള യാത്രാ നിരേധനത്തെ തുടർന്ന് 2020 വർഷത്തിന്റെ ആദ്യപാദത്തിൽ നാലു മുതൽ അഞ്ച് മില്യൺ ഡോളറിന്റെ കുറവാണ് വരുമാനത്തിൽ ഉണ്ടാകുന്നതെന്ന് യുണൈറ്റഡ് നാഷൻസ് സിവിൽ ഓർഗനേസേഷൻ അധികൃതർ പറയുന്നു. ജപ്പാൻ, തായ് ലാന്റ് എന്നീ രാജ്യങ്ങളിലെ വിനോദസഞ്ചാര മേഖലകളേയും കൊറോണ വ്യാപനം ഗണ്യമായി ബാധിച്ചു. ജപ്പാന് 1.29 ബില്യൺ ഡോളർ, തായ്‌ലാൻഡിന് 1.15 ബില്യൺ ഡോളറിന്റേയും നഷ്ടമുണ്ടാകുമെന്നാണ് വിവിധ ഏജൻസികൾ വിലയിരുത്തുന്നത്.

Eng­lish Sum­ma­ry; Coro­na, the glob­al econ­o­my is crumbling

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.