Web Desk

ന്യൂഡൽഹി

February 01, 2020, 8:52 am

കൊറോണ വൈറസ്: വുഹാനിൽ നിന്ന് ഇന്ത്യക്കാരുമായി വിമാനമെത്തി, സംഘത്തിൽ 42 മലയാളികൾ

Janayugom Online

കൊറോണ വൈറസ് ബാധ വ്യാപകമായ ചൈനയി‌ലെ വുഹാനിൽനിന്ന് ഇന്ത്യയിലേക്കുള്ള പ്രത്യേക എയർ ഇന്ത്യാ വിമാനം ന്യൂഡൽഹിയിലെത്തി.234 പുരുഷന്മാരും 30 സ്ത്രീകളും ഉൾപ്പെടെ 324 പേരാണ് രാവിലെ 7.26 ഓടെ വിമാനത്തിൽ എത്തിയത്. ഇതിൽ 42 മലയാളികളുമുണ്ട്. 211 വിദ്യാർഥികളും മൂന്നു കുട്ടികളും എട്ടു കുടുംബങ്ങളുമാണ് മടങ്ങിയെത്തിയിരിക്കുന്നത്. ഡല്‍ഹി റാംമനോഹര്‍ ലോഹ്യ ആശുപത്രിയിലെ അഞ്ചുഡോക്ടര്‍മാരും എയര്‍ ഇന്ത്യയുടെ പാരാമെഡിക്കല്‍ സ്റ്റാഫുമായി ഡല്‍ഹിയില്‍നിന്ന് വെള്ളിയാഴ്ച പുറപ്പെട്ട എയര്‍ ഇന്ത്യയുടെ ബോയിങ് 747 വിമാനം വൈകിട്ടോടെയാണ് വുഹാനിലെത്തിയത്.

രാത്രി പതിനൊന്നുമണിയോടെ ബോര്‍ഡിങ് നടപടികള്‍ പൂര്‍ത്തിയാക്കി വിമാനം യാത്ര തിരിച്ചു. ഇവരെ ഹരിയാനയിലെ മനേസറിൽ തയ്യാറാക്കിയ ഐസൊലേഷൻ ക്യാമ്പിലേക്ക് മാറ്റും. 14 ദിവസം നിരീക്ഷിക്കാനാണ് തീരുമാനം. മനേസറിലെ ക്യാമ്പിൽ വിദഗ്‍ധ ഡോക്ടർമാരെയും മറ്റ് ഉദ്യോഗസ്ഥരെയും ആരോഗ്യ മന്ത്രാലയം നിയോഗിച്ചിട്ടുണ്ട്. സൈന്യത്തിന്‍റെ സഹായത്തോടെയാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. കൂടുതൽ ഇന്ത്യക്കാരെ കൊണ്ടുവരാനായി രണ്ടാമത്തെ വിമാനം ഇന്ന് വുഹാനിലേക്ക് പുറപ്പെടുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Eng­lish Sum­ma­ry: Coro­na threat first flight from Wuhan reached in Delhi

You may also like this video