Web Desk

തിരുവനന്തപുരം

March 25, 2020, 8:55 pm

വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്തവര്‍ക്ക് സഹായ ഹസ്തവുമായി യുവജനക്ഷേമ ബോര്‍ഡ്  

Janayugom Online
ലോക്ക് ഡൗണിന്റെ ഭാഗമായി വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്തവര്‍ക്ക് സഹായവുമായി കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് നടപ്പിലാക്കിയ പദ്ധതി ജനങ്ങള്‍ ഏറ്റെടുത്തു. വീടിനു പുറത്തിറങ്ങി അവശ്യ സാധനമോ മരുന്നോ വാങ്ങാന്‍ കഴിയാത്തവര്‍ക്കും,അടിയന്തിര സഹായം ആവശ്യമുള്ളവര്‍ക്കും,പ്രായമുള്ളവര്‍ക്കും ആവശ്യമായവ വോളന്റിയര്‍മാര്‍ ചെയ്ത് കൊടുക്കും. ഒരോ ഫോണ്‍ വിളികള്‍ക്കനുസരിച്ച് വോളന്റിയര്‍മാര്‍ വീട്ടിലെത്തി സാധനങ്ങളുടെ ലിസ്റ്റും പണവും കൈപ്പറ്റി ഏറ്റവും അടുത്തുള്ള കടകളില്‍ നിന്നും വാങ്ങി നല്‍കും.
സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയായതിനാല്‍ എല്ലാവരും ഈ സംരംഭത്തെ സ്വാഗതം ചെയ്യുന്നുണ്ടെന്ന് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ബിജു പറഞ്ഞു.വൈകുന്നേരം അഞ്ച്  മണിവരെ മാത്രം  കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനാല്‍ ഈ സമയം മാത്രമേ സര്‍വ്വീസ് ഉണ്ടാവുകയുള്ളൂ. എന്നാല്‍ ഒഴിവാക്കാന്‍ പറ്റാത്ത സഹായം ആവശ്യമുണ്ടെങ്കില്‍ രാത്രിയിലും വോളന്റിയര്‍മാരുടെ സേവനം ഉണ്ടാകും. കൊറോണ പടരാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തും ഒന്നിലധികം ആളുകള്‍  ഇല്ലാതെ ഒരു വോളന്റിയറായാണ് വീടുകളില്‍ എത്തി സേവനം നല്‍കുന്നത്.
ആദ്യദിനത്തില്‍ തന്നെ തിരുവനന്തപുരം സിറ്റി പരിധിയില്‍ നൂറോളം പേരാണ് ഈ സേവനം പ്രയോജനപ്പെടുത്തിയത്. കഴക്കൂട്ടം,ആറ്റിങ്ങല്‍, നെയ്യാറ്റിന്‍കര, നെടുമങ്ങാട് പ്രദേശങ്ങളില്‍ നിന്നും നിരവധി വിളികള്‍ എത്തി. ഒരോ സ്ഥലങ്ങളിലും അതാത് സ്ഥലങ്ങളിലെ വോളന്റിയര്‍മാരാണ് സേവനം ചെയ്യുന്നത്.  യൂത്ത് ആക്ഷന്‍ അംഗങ്ങളും  ബോര്‍ഡ് കോ ഓര്‍ഡിനേറ്റര്‍മാരുമാണ് വോളന്റിയമാരായി എത്തിയത്. സംസ്ഥാനമൊട്ടാകെ പദ്ധതി നടന്നുവരികയാണ്. അടുത്ത ഘട്ടമെന്ന നിലയില്‍ തദ്ദേശവകുപ്പുകളുമായി സഹകരിക്കുമെന്ന് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ബിജു പറഞ്ഞു. കോഴിക്കോട് ജില്ലയില്‍ ഏകദേശം നൂറില്‍ അധികം വോളന്ററി യൂത്ത് ആക്ഷന്‍ അംഗങ്ങളെ സേവനത്തിനായി നേരത്തേ കളക്ടറുടെ സേവന സംഘത്തിലേക്ക് കൊടുത്തിരിക്കുകയാണ്.
Eng­lish Sum­ma­ry: coro­na threat- helps by Yuva­jana kshe­ma board
You may also like this video