April 1, 2023 Saturday

നാട് കൊറോണയ്ക്കെതിരെ യുദ്ധത്തിൽ; കോൺഗ്രസ് രാഷ്ട്രീയ അല്പത്തരത്തിൽ

Janayugom Webdesk
തിരുവനന്തപുരം
March 12, 2020 11:02 pm

ലോകമെമ്പാടും കോവിഡ് 19 എന്ന മഹാമാരിയുടെ ഭീഷണി നിലനിൽക്കുമ്പോൾ രാഷ്ട്രീയ അല്പത്തരവുമായി കേരളത്തിലെ കോൺഗ്രസ് നേതൃത്വം. രോഗ വ്യാപനം തടയാൻ അതിസാഹസിക പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യവകുപ്പിനെയും അതിന് നേതൃത്വം നൽകുന്ന മന്ത്രി കെ കെ ശൈലജയ്ക്കുമെതിരെ വിലകുറഞ്ഞ പരാമർശവുമായി രംഗത്തുവന്നത് പ്രതിപക്ഷനേതാവുതന്നെയാണ്. കോവിഡ് 19 സംബന്ധിച്ച് നിയമസഭ ചട്ടം 300 പ്രകാരം മുഖ്യമന്ത്രി നടത്തിയ പ്രസ്താവന കേൾക്കാനോ, ഇറ്റലിയിലടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ നാട്ടിൽ കൊണ്ടുവരുന്നതടക്കമുള്ള കാര്യങ്ങൾ ആവശ്യപ്പെട്ടുള്ള പ്രമേയത്തോട് സഹകരിക്കാനോ പ്രതിപക്ഷം തയ്യാറായില്ലെന്നതും ഇതിന്റെ തുടര്‍ച്ചയാണ്.

സഭാ നടപടികൾ അലങ്കോലമാക്കിയ പ്രതിപക്ഷം ഒന്നടങ്കം സഭ ബഹിഷ്ക്കരിക്കുകയായിരുന്നു. തുടർന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ ആരോഗ്യമന്ത്രി കെ കെ ശൈലജയെ വ്യക്തിപരമായി അപമാനിക്കുന്ന പരാമർശമാണ് പ്രതിപക്ഷ നേതാവ് നടത്തിയത്. ആരോഗ്യമന്ത്രിക്ക് മുഖം മിനുക്കലാണ് ലക്ഷ്യമെന്നും മീഡിയാ മാനിയ ബാധിച്ചതായും എല്ലാ ദിവസവും വാർത്താസമ്മേളനം നടത്തുന്നത് പ്രതിച്ഛായ വർധിപ്പിക്കാനാണെന്നുമുള്ള ആക്ഷേപങ്ങളാണ് ഉന്നയിച്ചത്. കോവിഡ് 19 മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിക്കുകയും കേരളത്തിലെ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ രാജ്യത്തിനാകെ മാതൃകയായ പ്രവർത്തനം എൽഡിഎഫ് സർക്കാർ കൈക്കൊണ്ടതിലെ അമർഷവും പ്രതിപക്ഷ നേതാവിന്റെ വാർത്താസമ്മേളനത്തിൽ പ്രകടമായി.

ബുധനാഴ്ച കെപിസിസി ആസ്ഥാനത്ത് നടന്ന ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗത്തിലും കോവിഡ് പ്രതിരോധ പ്രവർത്തനത്തെ തടയണമെന്ന നിർദ്ദേശമാണ് നേതാക്കൾ മുന്നോട്ടുവച്ചത്. ഇത് എൽഡിഎഫിന് രാഷ്ട്രീയ ലാഭമാണുണ്ടാക്കുക. ഇക്കാര്യത്തിൽ ചർച്ചയും പരിശോധനയും നടത്താൻ പാർട്ടി ശ്രദ്ധിക്കണമെന്ന് എഐസിസി അംഗം പി സി വിഷ്ണുനാഥ് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് കോവിഡ് 19 വ്യാപനത്തെ തടയാനുള്ള സർക്കാർ പ്രവർത്തനങ്ങള്‍ക്കെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിട്ടുള്ളത്.

Eng­lish Sum­ma­ry: coro­na threat in kerala

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.