August 19, 2022 Friday

അടിയന്തര ഘട്ടത്തിൽ കർമ്മനിരതനായി മന്ത്രി വി എസ് സുനിൽകുമാർ

Janayugom Webdesk
നെടുമ്പാശ്ശേരി
March 16, 2020 12:12 pm

കൊറോണ- 19 അടിയന്തര ഘട്ടത്തിൽ കർമ്മനിരതനായി മന്ത്രി വി എസ് സുനിൽകുമാർ. നിലവിൽ എറണാകുളം ജില്ലയുടെ ചാർജ് മന്ത്രി വി എസ് സുനിൽകുമാറിനാണ്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി വിമാനത്താവളത്തിലേതടക്കം ജില്ലയിലെ മുഴുവൻ കാര്യങ്ങളും നിയന്ത്രിക്കുന്നത് മന്ത്രി സുനിൽ കുമാറിന്റെ നേതൃത്വത്തിലാണ്.മന്ത്രിയുടെ കൃത്യമായ ഇടപെടൽ കൊണ്ടു കൂടിയാണ് വിമാനം പിടിച്ചിട്ടു കൊണ്ട് കൊറോണ ബാധിച്ച ബ്രിട്ടീഷ് പൗരനെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞത്. വെള്ളിയാഴ്ച രാവിലെ തൃശൂരിൽ നടന്ന അവലോകന യോഗത്തിന് ശേഷമാണ് മന്ത്രി എറണാകുളത്ത് എത്തിയത്. മന്ത്രിസഭായോഗ തീരുമാനപ്രകാരം ജില്ലയിലെ എംഎൽഎമാരും എംപിമാരും കളക്ടറുമടങ്ങുന്ന സംഘമായി ചർച്ച നടത്തി. ഈ ചർച്ചയിലെ കാര്യങ്ങൾ വിവരിച്ചുകൊണ്ട് മുഖ്യമന്ത്രിയുമായി വീഡിയോ കോൺഫ്രൻസ് നടന്നു. പിന്നീട് ജില്ലയിലെ പോലീസ് അധികാരികളുമായി കൊറോണയുമായും മറ്റു ബന്ധപ്പെട്ട ക്രമസമാധാന വിഷയങ്ങളെക്കുറിച്ചുള്ള യോഗം. ഈ യോഗത്തിലാണ് വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടത്തുന്നതിനെ കുറിച്ച് തീരുമാനമാകുന്നത്.

ഇതിനുശേഷം പഞ്ചായത്ത് അധികാരികളുമായി നടന്ന ചർച്ചയിൽ വിവിധ പഞ്ചായത്തുകൾ പണം ചെലവഴിക്കുന്നതും, പഞ്ചായത്തുകൾ സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ചും കൃത്യമായ നിർദ്ദേശങ്ങൾ നൽകി. ഈ യോഗത്തിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ്, ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലെയും പ്രസിഡന്റുമാരും, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പഞ്ചായത്ത്, ഡിസ്ട്രിക് പ്ലാനിങ് ഓഫീസർ എന്നിവരും പങ്കെടുത്തു. ഈ യോഗങ്ങളിൽ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വേണ്ടത്ര പരിശോധനകൾ നടക്കുന്നില്ല എന്ന അഭിപ്രായം വന്നതിനാൽ ഉടനെ തന്നെ ഇക്കാര്യങ്ങൾ നേരിൽകണ്ട് മനസ്സിലാക്കുന്നതിനുവേണ്ടി വിമാനത്താവളത്തിലെത്തി.തുടർന്ന് വിമാനത്താവള അധികൃതരും വിമാനത്താവളത്തിലെ വിവിധ സുരക്ഷാ ഉദ്യോഗസ്ഥരുമായും പരിശോധനയെ കുറിച്ചും സുരക്ഷയെ കുറിച്ചും യോഗം ചേരുകയും നേരിൽ കണ്ടു മനസ്സിലാക്കുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ഇതിനിടയിൽ വിമാനത്താവളത്തിലെത്തിയ യാത്രക്കാരെ കണ്ട് അവരുടെ നിർദ്ദേശങ്ങളും,അഭിപ്രായങ്ങളും കേട്ട് വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു.

ഇന്നലെ രാവിലെ തൃശ്ശൂർ ജില്ലയിലെ പ്രവർത്തനങ്ങൾ വിലയിരുത്തി കൊണ്ടിരിക്കുമ്പോഴാണ് വിമാനത്താവളത്തിൽ എത്തിയ വിദേശി കൊറോണ ബാധിതനാണെന്ന് അറിയുന്നത്. ഉടൻതന്നെ നെടുമ്പാശ്ശേരിയിൽ എത്തി. ടേക്ക് ഓഫിന് മിനിറ്റുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തുടർന്നുള്ള നീക്കങ്ങൾ അതിവേഗത്തിൽ. ഭാര്യയോടൊപ്പം എത്തിയ കൊറോണ ബാധിച്ച ബ്രിട്ടീഷ് പൗരനെ ഉടൻ ആംബുലൻസിലേക്ക് കയറ്റി കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും അടക്കമുള്ളവരുമായി ആശയ വിനിമയം നടത്തി.ജില്ലാ ഭരണകൂടത്തേയും ആരോഗ്യവകുപ്പിനേയും, വിമാനത്താവള അധികൃതരേയും ഏകോപിപ്പിച്ചു വിമാനത്താവളത്തിൽ എത്തിയ രോഗിയുമായി ഇടപെഴുകിയ എല്ലാവർക്കും പ്രാഥമിക പരിചരണം ഏർപ്പാട് ചെയ്തു.കോവിഡ് രോഗബാധിതനായ ബ്രിട്ടീഷ് ടൂറിസ്റ്റ് നെടുമ്പാശ്ശേരിയിലെത്തിയ വിവരം മന്ത്രിക്ക് ലഭിക്കുന്നത് വിമാനം ടേക് ഓഫിനെടുക്കുന്നതിന് കേവലം 15 മിനിറ്റ് മുൻപ് മാത്രമാണ്.
കൊറോണ വിരുദ്ധ പോരാട്ടത്തിൽ അതിനിർണായക ഇടപെടൽ അടിയന്തിരമായി കൈക്കൊള്ളേണ്ട സമയം. രാവിലെ 8.45 ന് ഇടുക്കി ജില്ലാ ഭരണകൂടത്തിൽ നിന്നും എറണാകുളം കളക്ടർക്കെത്തിയ ആ സന്ദേശം. കോവിഡ് പൊസിറ്റീവായ വിദേശി മൂന്നാറിൽ നിന്നും കടന്നിട്ടുണ്ടെന്നും 9 മണിക്കുള്ള എമിറേറ്റ്സ് വിമാനത്തിൽ ദുബായ് വഴി ലണ്ടനിലേക്ക് പോകാനിടയുണ്ടെന്നുമായിരുന്നു ആ വിവരം. ഈ സൂചനയ്ക്ക് സ്ഥിരീകരണമായതോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ചരിത്രത്തിൽ തന്നെ അപൂർവമായ ഇടപെടലിന് മന്ത്രിയുടെ നേതൃത്വത്തിൽ മുതിരുകയായിരുന്നു.

വിവരമറിഞ്ഞയുടൻ മുഴുവൻ യാത്രക്കാരെയും ഓഫ് ലോഡ് ചെയ്യാനും പ്രാഥമിക പരിശോധനയ്ക്ക് വിധേയമാക്കാനും നിർദേശം നൽകി. ഭാര്യാ സമേതനായെത്തിയ ബ്രിട്ടീഷ് ടൂറിസ്റ്റിനെ വിമാനത്തിൽ നിന്നും നേരെ ആംബുലൻസിലേക്ക് കയറ്റി — കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസലേഷൻ വാർഡിലേക്ക് അയച്ചു.കളക്ടർ എസ്. സുഹാസ്, സിയാൽ മാനേജിംഗ് ഡയറക്ടർ വി.ജെ. കുര്യൻ, എസ്.പി കെ. കാർത്തിക്, സി ഐ എസ് എഫ് അടക്കമുള്ള മറ്റ് ഏജൻസികൾ എന്നിവരുമായി അടിയന്തര ചർച്ച. ഒടുവിൽ വിദേശ ടൂറിസ്റ്റ് സംഘത്തിലെ മറ്റ് 17 പേരെ നെടുമ്പാശ്ശേരിയിലെ ഹോട്ടലിൽ നിരീക്ഷണത്തിലാക്കാൻ നടപടി. സംഘത്തിൽ ഉൾപ്പെടാത്ത മറ്റൊരാൾക്ക് വീട്ടിൽ താമസിച്ചുള്ള നിരീക്ഷണത്തിനും സംവിധാനമൊരുക്കി.

ബാക്കി 270 യാത്രക്കാരുമായി എമിറേറ്റ്സ് വിമാനം പറന്നുയരുമ്പോൾ സമയം 12.47. പരിശോധനാ വിവരങ്ങൾ വിമാനക്കമ്പനിക്കും ദുബായ് വിമാനത്താവള അധികൃതർക്കും കൈമാറിയ ശേഷമായിരുന്നു വിമാനം വിടാനുള്ള തീരുമാനം. വിമാനത്താവള ജീവനക്കാരും സി ഐ എസ് എഫ് സുരക്ഷാഭടൻമാരുമടക്കമുള്ളവരെ നിരീക്ഷണത്തിനായി അവരവരുടെ വാസസ്ഥലങ്ങളിലേക്കും മാറ്റി.തുടർന്ന് വിമാനത്താവളത്തിന്റെ അകത്തളവും എയ്റോ ബ്രിഡ്ജുo യുദ്ധകാലാടിസ്ഥാനത്തിൽ അണുവിമുക്തമാക്കാനും നടപടി സ്വീകരിച്ചു.സോഡിയം ഹൈപ്പോ ക്ലോറൈഡ് ലായനി ഉപയോഗിച്ചുള്ള ശുചീകരണം പൂർത്തിയാക്കി ഉച്ചയ്ക്ക് മൂന്നു മണിയോടെ യാത്രക്കാരെ സ്വീകരിക്കാൻ ടെർമിനൽ സജ്ജമായി.സിസിടിവി ദൃശ്യങ്ങൾ നിരീക്ഷിച്ച് രോഗബാധിതനുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനും നിർദേശവും മന്ത്രി നൽകി. അങ്ങനെ അസാധാരണ സംഭവങ്ങളിലൂടെ കടന്നു പോയ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ മണിക്കൂറുകൾക്കകം മന്ത്രി വി.എസ്. സുനിൽ കുമാറിന്റെ നേതൃത്വത്തിൽ സാധാരണ നിലയിലേക്ക് കൊണ്ടുവന്ന് വലിയൊരു ഭീതി ഒഴിവാക്കി.

Eng­lish Sum­ma­ry: Coro­na threat- min­is­ter v s sunil kumar incharge of eranakulam

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.