February 1, 2023 Wednesday

കൊറോണാ കാലവും മതവും

അജിത് കൊളാടി
April 8, 2020 4:15 am

ഛാന്ദോഗ്യോപനിഷത്തിന്റെ തുടക്കത്തിൽ അച്ഛൻ മകനോട് പറയും ‘അല്ലയോ മകനെ, നീ കുറച്ച് വളർന്നു കഴിയുമ്പോഴേയ്ക്കും ഈ പ്രപഞ്ചത്തിലെ മുഴുവൻ സമ്പത്തും ഈ പ്രപഞ്ചം മുഴുവൻ തന്നെയും നിനക്കു കിട്ടിയാലും ഞാൻ ഇപ്പോൾ നിനക്കു ഉപദേശിച്ചുതന്ന ഈ സത്യമുണ്ടല്ലോ. അതായത് പ്രപഞ്ചവും നീയും തുല്യമാണെന്ന് പറഞ്ഞ ആ സത്യമില്ലേ, ആ സത്യം നീ പണയപ്പെടുത്തുവാൻ പാടില്ല’ എന്ന്. ഇതാണ് ഇവിടെ ഉദയം ചെയ്ത വേദാന്തം. നീ എന്തിനെ തേടി നടക്കുന്നുവോ, അത് നീ തന്നെ. തത്വമസി. അർജുനനോട് ഗീതാകാരൻ പറഞ്ഞത്, ക്ഷേത്രത്തിൽ നീ പോകുക എന്നല്ല, നിന്റെ ഹൃദയാന്തരാളത്തിൽ ഈശ്വരനെ കണ്ടെത്തുക എന്നാണ്. നിന്റെ ഹൃദയത്തിൽ മാത്രമല്ല, സർവചരാചരങ്ങളുടെ ഹൃദയത്തിലും ഈശ്വരനെ നീ കാണുക. ‘ഈശ്വര സർവ ഭൂതാനാം ഹൃദ്ദേശ അർജുന ത്രിഷ്ടതി’ (ഗീത‑18–61). ‘അല്ലയോ അർജുനാ, എല്ലാ വസ്തുക്കളിലും നിറഞ്ഞുനിൽക്കുന്ന ഈശ്വര ചൈതന്യം നീ ദർശിക്കുക. ഈ ചൈതന്യം ഏറ്റവും ഉള്ളിലാണെങ്കിലും എല്ലാറ്റിന്റെയും വെളിയിലും അത് തന്നെയാണ്’. ‘യദൃത് കർമ്മ കരോതി തത്ത ദഖിലം തവ ശംഭോ ആരാധനം’.

എന്താണ് ദൈവത്തിനുള്ള ആരാധന? നിങ്ങൾ ഏതു കർമ്മം ചെയ്യുന്നുവോ ആ കർമ്മം അതിന്റെ ശുദ്ധ രീതിയിൽ ചെയ്യലാണ് ദൈവത്തിനുള്ള ആരാധന(ഭാഗവതം). ‘ലോകാതപേന തപ്യന്തേ പ്രായശഃ സാധമോ ജനാഃ’ ‑ഭാഗവതമൊക്കെ ഒരാഴ്ചകൊണ്ട് പറഞ്ഞു തീർക്കും. അതിലെ ഏറ്റവും മർമ്മപ്രധാന വാക്യമാണ് മുകളിൽ. ‘ലോകത്തിന്റെ അവസ്ഥ കണ്ട് നല്ല മനുഷ്യർ ദുഃഖിക്കുന്നു. ഹൃദയത്തിൽ അപ്പോഴാണ് ദൈവം തിളങ്ങുന്നത്’. ഇതാണ് സത്യം. അന്യരുടെ സുഖത്തിനുവേണ്ടി പ്രവർത്തിക്കുക എന്ന ആദർശത്തിന്റെ സാക്ഷാത്കാരത്തിൽ ആത്മസുഖം ദർശിക്കലാണ് യഥാർത്ഥ മതബോധം.

മതദർശനങ്ങളിലെ ഏറ്റവും ഉത്കൃഷ്ടമായ ഒരു വിചാര മണ്ഡലമാണ് ഏകമത വാദം. നിലവിളക്കാകണം ഹൃദയം. അപ്പോഴേ അത് മതം ആവുകയുള്ളു. അത് അർത്ഥമാക്കുന്നത്, നിങ്ങൾ ഇരുട്ടിന്റെ ആഴത്തിൽ നിന്ന് വെളിച്ചത്തിലേക്ക് പോവുക. നിങ്ങൾ പ്രകാശിക്കുക. അല്ലാതെ ദൈവം തിളങ്ങാൻ വേണ്ടി തുലാഭാരം കഴിക്കുകയും ശയനപ്രദക്ഷിണം നടത്തുകയും നിരവധി വഴിപാടുകൾ നടത്തുകയുമല്ല വേണ്ടത്. പ്രാർത്ഥനയെപ്പറ്റി ഉപനിഷദ്- ‘പ്രാർത്ഥന നിങ്ങൾ ആഗ്രഹിക്കുന്ന സംഗതികൾ ലഭിക്കാൻ വേണ്ടി ഉള്ളതല്ല. നേരെ മറിച്ച് നിങ്ങൾ ആഗ്രഹിക്കുന്ന സംഗതികൾക്ക് നിങ്ങൾ അർഹനാണെന്ന് സ്വയം ഉറപ്പുവരുത്തലാണ്’ അല്ലാതെ ദൈവത്തോടുള്ള ശുപാർശകളല്ല. ടാഗോർ പറയും ‘നിനക്കു ദൈവത്തെ കാണണമെന്നുണ്ടോ? എങ്കിൽ നീ വാതിൽ തുറക്കുക, അകലെ നിന്നും ഒരു ശബ്ദം കേൾക്കുന്നുണ്ടാ? ആ ശബ്ദം അവിടെ പാവപ്പെട്ടവൻ ഭക്ഷണത്തിനുവേണ്ടി നട്ടുച്ചക്ക് പാറ പൊട്ടിക്കുന്ന ശബ്ദമാണ്. അവന്റെ അടുത്തു നീ ചെല്ലുക. അവന്റെ അടുത്തുചെല്ലുമ്പോൾ നിനക്കു ദൈവത്തെ കാണാൻ സാധിക്കും’. അല്ലാതെ കൊറോണയെ തുരത്താൻ പാത്രം കൂട്ടിയിടിച്ച് ശബ്ദം ഉണ്ടാക്കലല്ല. ‘ഹൃദാകാശേ ചിദാദിത്യ സദാഭാതി നിരന്തരം ഉദയാസ്തമയോ നാസ്ത, കഥം സന്ധ്യാം ഉപാസ് മ്യഹേ?’-ഞാൻ സന്ധ്യയെ എങ്ങനെ ഉപാസിക്കും. ‘കഥം സന്ധ്യ ഉപാസ് മ്യഹേ?’. ‘ഞാൻ സന്ധ്യയെ വന്ദിക്കണമെന്ന് നിങ്ങൾ പറയുന്നു. പക്ഷെ, ഞാൻ എങ്ങനെ വന്ദിക്കും. കാരണം, ഹൃദാകാശേ, എന്റെ ഹൃദയമാകുന്ന ആകാശത്തിൻ ചിദാദിത്യ- എന്റെ ചിത്ത് എന്ന് പറയുന്ന, മനസിനപ്പുറമുള്ള ശക്തിയാകുന്ന സൂര്യൻ, സദാഭാതി-എപ്പോഴും പ്രകാശിച്ചുകൊണ്ടു നിൽക്കുന്നു-നിരന്തരം-ഇടതടവില്ലാതെ, പിന്നെയോ, ‘ഉദയാസ്തമയോ നാസ്തി’. സൂര്യന് ഉദയവുമില്ല, അസ്തമയവുമില്ല. ‘കഥം സസ്യാ ഉപാസ് മ്യഹേ’ എന്റെ ഹൃദയം ഉദിച്ചുയരുന്ന സൂര്യനാണ്. ആ സൂര്യന് ഉദയാസ്തമയമില്ല. ഇടതടവില്ലാതെ പ്രകാശിക്കുന്നു. ഇതെല്ലാം പറയുന്നത് ചൈതന്യം ഉള്ളിലാണ്. ദൈവികത ഉള്ളിലാണ്. പുറത്ത് അന്വേഷിക്കണ്ട. ക്രിസ്തു ദേവൻ പറഞ്ഞു. ഗിരിപ്രഭാഷണത്തിൽ ‘കള്ള പ്രവാചകരെ സൂക്ഷിക്കുക’. ആ കാലത്തുമുണ്ട് അത്തരക്കാർ. സ്വർഗ്ഗരാജ്യം നിന്റെ ഉള്ളിലാണ് എന്ന് പറഞ്ഞു. തത്വമസി, ആദ്യം നീ നിന്നെ വിശ്വസിക്കുക. എങ്കിലെ എന്നെ വിശ്വസിക്കാൻ കഴിയു. ‘കാണുന്ന എന്നെ വിശ്വസിക്കാത്ത നിങ്ങൾ എങ്ങിനെ കാണാത്ത എന്റെ പിതാവിനെ വിശ്വസിക്കും’. ശക്തമായ വാക്കുകൾ, ആചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരെ മാനവ ഐക്യമാണ് മുഹമ്മദ് നബി ഉദ്ഘോഷിച്ചത്. സാഹോദര്യം. ‘ഒരു മനുഷ്യനെ ദ്രോഹിക്കുന്ന ആൾ മനുഷ്യകുലത്തെ ദ്രോഹിക്കുന്നു’. ‘പരമ കാരുണികനായ അള്ളാഹു എല്ലാവരിലും കരുണ ചൊരിയുന്നു’. അള്ളാഹു അക്ബർ എന്നു പറയുമ്പോൾ, ലോകത്തിൽ ഏറ്റവും മഹത്തായ ചൈതന്യം അള്ളാഹു എന്ന് സമ്മതിക്കുമ്പോൾ, നമ്മൾ ലോകത്തിലുള്ള എല്ലാ ജീവികളെയും അള്ളാഹുവിന് കീഴിലുള്ള ഒരു കൂട്ടം ജീവികളായിട്ടു കാണും. അതാണ് സമത്വബോധം. അതാണ് ഖുറാൻ പഠിപ്പിക്കുന്നത്. പ്രവാചകന്മാർക്കും വിശുദ്ധ ഗ്രന്ഥങ്ങൾക്കും ഒരു തെറ്റുമില്ല. തെറ്റുപറ്റിയത് മതമൂല്യങ്ങൾ ഇല്ലാതെ ആക്കിയവർക്ക്. മതത്തിന്റെ ശത്രു മതമാണ്. പകരം വയ്ക്കൽ. ആചാരവും അന്ധവിശ്വാസവും പൗരോഹിത്യവും ആധിപത്യം നിലനിർത്തി, സമ്പത്ത് കുന്നുകൂട്ടി. മനുഷ്യന്റെ മസ്തിഷ്കത്തിനെ നിശ്ചലമാക്കി. ആരാധനാലയങ്ങളിലും വിഐപികൾ. അതോടെ ആരാണ് പിന്നെ ഈശ്വരൻ. എത്ര എത്ര വിഭാഗങ്ങൾ. ഗ്രൂപ്പുകൾ, പൂജകൾ, വിവിധ സമുദായത്തിന് വിവിധ ക്ഷേത്രങ്ങൾ, പള്ളികൾ, പുരോഹിതന്മാർ പലരും വിവിധ മതങ്ങളുടെ, ദൈവത്തേക്കാൾ സമ്പത്തുള്ളവർ. ഭരിക്കുന്ന സർക്കാരുകളെപ്പോലും വിറപ്പിക്കുന്നവർ. സാമുദായിക നായകർ, ആചാരങ്ങൾ, ആക്രോശങ്ങൾ. കൊറോണയുടെ മുന്നിൽ എല്ലാം ഇപ്പോൾ എവിടെ. രമായാണവും മറ്റും പ്രക്ഷേപണം ചെയ്തതുകൊണ്ട് കൊറോണ അടങ്ങില്ല. അമ്പലവും ക്രൈസ്തവ മുസ്‌ലിം പള്ളികളും അടച്ചിട്ടു. ആൾദൈവങ്ങൾ അപ്രത്യക്ഷമായി. കെട്ടിപ്പിടുത്തം നിർത്തി. അതാണ് പറഞ്ഞത് പണ്ടേ വിശുദ്ധ ഗ്രന്ഥങ്ങൾ, ദൈവം ഉള്ളിലാണ് എന്ന്.

ആചാരങ്ങളിലാ നാരായണീയം പാടി. ‘ഏവം ദുർലഭ്യ വസ്തു’. കൈയ്യിലുള്ളതിനെ കാണാഞ്ഞ് പുറത്തുതേടി നടക്കണ്ട എന്ന്. മനുഷ്യനാണ് ദൈവികത, എന്ന് ഉപനിഷദ്. പ്രവാചകർ പറഞ്ഞത് നിങ്ങളുടെ നിത്യജീവിതത്തെ വൃത്തിയാക്കി മാറ്റാനാണ്. നിത്യജീവിതത്തിലെ കർമ്മമാകണം അത്. കൊല്ലത്തിലൊരിക്കൽ നടക്കേണ്ടതല്ല. ദൈവത്തെ നമ്മുടെ ഏജന്റാക്കാതെ ദൈവത്തിന്റെ ഏജന്റായി നമ്മൾ പ്രവർത്തിക്കണം. അതാണ് മതമൂല്യങ്ങളുടെ ചുരുക്കം. അല്ലാതെ കൂട്ടംകൂടി പ്രാർത്ഥിക്കുകയോ ഉത്സവം നടത്തുകയോ ധ്യാനിക്കുകയോ അല്ല. അത് പൊള്ളയാണ്. ഗിരിപ്രഭാഷണം ക്രിസ്തു എന്ന വാക്ക് പറയുന്നു. അടിച്ചമർത്തപ്പെട്ടവരെക്കുറിച്ച് പറയുന്നു, അവരെ മോചിപ്പിക്കുന്നതിനെക്കുറിച്ച്, അതാണ് മതം. ആചാരങ്ങളും അന്ധവിശ്വാസങ്ങളും പൗരോഹിത്യ ആധിപത്യവും ഇപ്പോൾ എവിടെ?. അതു കൂടിയപ്പോഴായിരിക്കാം പ്രകൃതി വികൃതി നടത്തിയത്. ഈ പ്രതിസന്ധി നമ്മെ പഠിപ്പിക്കുന്നത്, വിശുദ്ധ ഗ്രന്ഥങ്ങൾ പറഞ്ഞതു പോലെ മനുഷ്യരിൽ ദൈവത്തെ കാണാനാണ്. സർവം ഖലിദ്വ ബ്രഹ്മഃ രാജ്യം ദുരിതമനുഭവിക്കുമ്പോൾ, ആരാധനാലയങ്ങളിലെ സ്വത്ത്, സമ്പത്ത്, പണം ഇവ രാജ്യത്തിലെ മനുഷ്യരുടെ ജീവൻ നിലനിർത്താൻ നൽകണം. അല്ലെങ്കിലും ആരാധനാലയങ്ങളുടെ മേൽനോട്ട കമ്മിറ്റികൾ തർക്കിക്കുന്നത് സമ്പത്തിനു വേണ്ടി മാത്രം. മനുഷ്യർ നൽകിയതല്ലെ ഇതെല്ലാം? ഈശ്വരന് അതാണ് ഇഷ്ടമാവുക. ദൈവത്തിന് മനുഷ്യൻ നൽകുന്ന പണം വേണ്ട. ആത്മാർത്ഥത മാത്രം മതി. ‘ഈശാവാസമിദം സർവം’ എന്നാണ് പണ്ടേ പറഞ്ഞത്. നാലപ്പാടൻ പറഞ്ഞതുപോലെ: — അനന്തം അജ്ഞാതമവർണ്ണനീയ- മീലോകഗോളം തിരിയുന്ന മാർഗം അതിങ്കലെങ്ങാണ്ടൊരിടത്തിരുന്ന് നോക്കുന്ന മർത്യൻ കഥയെന്തു കണ്ടു’ മനുഷ്യൻ എത്ര സുന്ദരമായ പദം, മാക്സിം ഗോർക്കി. മനുഷ്യനെ കാണൂ, പ്രവാചകർ അതാണ് പറഞ്ഞത്. ഇപ്പോൾ അതാണ് കാണേണ്ടത്, എപ്പോഴും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.