സിതാപൂർ ജില്ലയിൽ 8000 ത്തോളം പേർ അധിവസിക്കുന്ന കൗറോണ ഗ്രാമത്തിൽ ഇതുവരെ ഒരാൾക്കും കൊറോണ പിടിപെട്ടിട്ടില്ല. എങ്കിലും സ്വന്തം പ്രദേശത്തിന്റെ കൗറോണ എന്ന പേരിനെ ചൊല്ലി ആ ഗ്രാമം പുലിവാൽ പിടിച്ചിരിക്കുകയാണ്. ലഖ്നൗവിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിന്റെ പേര് കൗറോണയെന്നായതിനാൽ പെട്ടെന്ന് കേൾക്കുന്നവർക്ക് കൊറോണ എന്ന് തോന്നുന്നതാണ് പ്രശ്നം. പല വിധത്തിലുള്ള പ്രശ്നങ്ങളാണ് ഇതിന്റെ പേരിൽ ഗ്രാമവാസികൾ നേരിടുന്നത്.
ആളുകളെ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ അനുവദിക്കുന്നില്ല. തൊട്ടടുത്ത കടകൾ തുറക്കുന്നില്ല. ആകെ ഒരു മെഡിക്കൽ ഷോപ്പ് മാത്രമാണ് തുറന്നിരിക്കുന്നത്. പ്രദേശത്ത് കൃഷിപ്പണി ചെയ്യുന്നതിന് ആരും സന്നദ്ധമാകുന്നില്ല. അങ്ങനെ പ്രശ്നങ്ങൾ നിരവധി. ഒരു നൂറ്റാണ്ടെങ്കിലും മുമ്പേ ഉണ്ടായതാണ് കൗറോണ എന്ന ഗ്രാമപ്പേര്.
തൊട്ടടുത്ത ഗ്രാമങ്ങളിൽ ചെന്നാൽ കൗറോണയിൽ നിന്നാണ് എന്ന് മനസിലാക്കുന്നതോടെ ആളുകൾ അകന്നുപോകുന്ന സ്ഥിതിയുമുണ്ടെന്ന് പ്രദേശവാസിയായ പുഷ്പേന്ദ്ര സിങ് പറയുന്നു. ജനങ്ങൾ ദൂരെ മാറി നിൽക്കാൻ പറയുന്നു, കൊറോണ പോസിറ്റീവ് ആണെന്നാണ് അവർ തെറ്റിദ്ധരിക്കുന്നത്, പുഷ്പേന്ദ്ര പറഞ്ഞു.
എല്ലാവരും പൂർണ്ണ ആരോഗ്യവാന്മാരാണെങ്കിലും ഗ്രാമം കോവിഡിന്റെ തീവ്രകേന്ദ്രമാണെന്നാണ് പലരും ധരിച്ചുവച്ചിരിക്കുന്നത്. ലോക്ഡൗണിന്റെ തുടക്കത്തിൽ സ്ഥലത്തെത്തിയ പൊലീസുകാരോട് കൗറോണയെന്നാണ് സ്ഥലപ്പേരെന്ന് പറഞ്ഞുവെങ്കിലും ആദ്യം തമാശയായാണ് അവർ കണ്ടത്. പിന്നീട് സ്ഥലത്തെ സ്കൂളിന്റെ ബോർഡ് കണ്ട് ബോധ്യപ്പെട്ടതിന് ശേഷമാണ് തമാശയല്ലെന്ന് അവർ മനസിലാക്കിയതെന്ന് പ്രദേശവാസികൾ പറഞ്ഞു. സിതാപൂർ ജില്ലയിൽ ഇതുവരെയായി 15 കോവിഡ് കേസുകൾ കണ്ടെത്തിയെങ്കിലും അതിൽ ഒന്ന് പോലും കൗറോണയിൽ നിന്ന് ഇല്ല. എങ്കിലും പേരിന്റെ പേരിൽ ദുരിതത്തിലായിരിക്കുകയാണ് ഗ്രാമവാസികൾ.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.