പി പി ചെറിയാൻ

ഡാലസ്

April 06, 2020, 2:31 pm

ഡാലസ് കൗണ്ടിയിൽ കോവിഡ് രോഗികളുടെ എണ്ണം 1000 കവിഞ്ഞു

Janayugom Online

ടെക്സസിൽ ഡാലസ് കൗണ്ടിയിൽ മാത്രം കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞതായി അധികൃതർ അറിയിച്ചു. ശനിയാഴ്ച 94 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ, ആകെ കേസുകൾ 1015 ആയി. കോവിഡ് 19 കാരണം ഒരാൾ കൂടി മരിച്ചതോടെ ആകെ മരിച്ചവരുടെ എണ്ണം 18 ആയി. ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലാതിരുന്ന 30 കാരനാണ് മരിച്ചത്.

ഡാലസിൽ ശനിയാഴ്ച രാവിലെ മുതൽ ആരംഭിച്ച മഴയും അതിശൈത്യവും എല്ലിസ് ഡേവിസ് ഫീൽഡ് ഹൗസിലുള്ള കോവിഡ് 19 പരിശോധന തടസ്സപ്പെടുത്തി. എന്നാൽ, അമേരിക്കൻ എയർലൈൻ സെന്ററിലെ പരിശോധനയ്ക്ക് തടസ്സം നേരിട്ടില്ലെന്നും അധികൃതർ പറഞ്ഞു.

ടെറന്റ കൗണ്ടിയിൽ ഒൻപത് പേരും കോളിൻ കൗണ്ടിയിൽ മൂന്നുപേരും കോവിഡ് ബാധിച്ച് ഇതുവരെ മരണത്തിന് കീഴടങ്ങി. ഡാലസ് ഫയർ റെസ്ക്യൂ ടീമിലെ ഏഴുപേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ടീമിലെ 50 ഓളം പേർ ക്വാറന്റീനിൽ കഴിയുന്നതായും അഗ്നിശമനസേന അധികൃതർ വെളിപ്പെടുത്തി. ഡാലസിൽ അത്യാവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ മുഖവും മൂക്കും മറയ്ക്കുന്നുണ്ട്. റോഡിൽ വാഹനഗതാഗതം പരിമിതമായ തോതിൽ മാത്രമാണുള്ളത്. സുരക്ഷാസേനയുടെ സാന്നിധ്യവും ഇവിടെ സജീവമാണ്.

Eng­lish Sum­ma­ry: coro­na virus; 1000 con­firmed pos­i­tive cas­es in dal­las county

YOU MAY ALSO LIKE THIS VIDEO