Web Desk

ന്യൂഡൽഹി

March 18, 2020, 8:09 pm

കൊറോണ: ഇറാനിൽ വൈറസ് സ്ഥിരീകരിച്ച 252 ഇന്ത്യക്കാരെ ഐസൊലേഷനിലേക്ക് മാറ്റി

Janayugom Online

ഇറാനിൽ കൊറോണ വൈറസ് സ്ഥിരീകരിച്ച തീർത്ഥാടകരായ 252 ഇന്ത്യക്കാരെ ഐസൊലേഷനിലേയ്ക്ക് മാറ്റി. ലഡാക്കിൽ നിന്നുള്ള ഇന്ത്യക്കാരെയാണ് ഐസൊലേഷനിലേക്ക് മാറ്റിയത്. തീർത്ഥാടന കേന്ദ്രമായ കോമിൽ തന്നെയുള്ള നിരീക്ഷണ കേന്ദ്രത്തിലേയ്ക്കാണ് ഇവരെ മാറ്റിയത്. ഇവിടെ 200 പേരെ മാത്രമേ നിരീക്ഷണത്തിൽ വയ്ക്കാൻ കഴിയൂ. മറ്റുള്ളവരെ ഉടൻ തന്നെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു.

കൊറോണ ഏറ്റവും പ്രതികൂലമായി ബാധിച്ച രാജ്യങ്ങളിലൊന്നായ ഇറാനിൽ 800 ൽ അധികം ഇന്ത്യക്കാർ കുടങ്ങി കിടക്കുന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഫെബ്രുവരി 26 മുതൽ തന്നെ ഇന്ത്യ, ഇറാനിൽ നിന്നുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയിരുന്നു.

ഇറാനിലെത്തിയ ഇന്ത്യൻ മെഡിക്കൽ സംഘമാണ് ലഡാക്കിൽ നിന്നെത്തിയ തീർത്ഥാടർക്ക് കോവിഡ് 19 പരിശോധന നടത്തിയത്. എന്നാൽ പരിശോധന ഫലം പുറത്തു വന്നപ്പോഴും രോഗ ബാധിതരായവരെ മാറ്റി പാർപ്പിക്കാനുള്ള നടപടികൾ ഇന്ത്യ, ഇറാൻ സർക്കാരുകൾ സ്വീകരിച്ചില്ല. ഇത് രോഗ ബാധിതരുടെ എണ്ണം വർധിപ്പിക്കാൻ കാരണമായിട്ടുണ്ടെന്നാണ് സൂചന. മാർച്ച് ആദ്യ വാരത്തിൽ കൊറോണ സ്ഥിരീകരിച്ച 252 തീർത്ഥാടകരേയും രണ്ട് വിദ്യാർത്ഥികളേയുമാണ് ഇപ്പോൾ ഐസോലേഷനിലേയ്ക്ക് മാറ്റുന്നത്.

YOU MAY ALSO LIKE THIS VIDEO