Web Desk

തിരുവനന്തപുരം

March 16, 2020, 7:40 pm

സംസ്ഥാനത്ത് മൂന്ന് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

Janayugom Online

സംസ്ഥാനത്ത് മൂന്ന് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിൽ രണ്ടു പേർക്കും കാസർഗോഡ് ജില്ലയിൽ ഒരാൾക്കുമാണ് സ്ഥിരീകരിച്ചത്. മൂവരും ദുബായ്, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നും വന്നവരാണ്.

ഇതോടെ കേരളത്തിൽ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 27 ആയി. ഇതിൽ മൂന്ന് പേർ ആദ്യഘട്ടത്തിൽ രോഗമുക്തി നേടിയിരുന്നു. നിലവിൽ 24 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 12,740 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 12,470 പേർ വീടുകളിലും 270 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങൾ ഉള്ള 2,297 വ്യക്തികളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 1,693 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ, ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.