ഏതു പൊല്ലാക്കാലത്തിനുമൊപ്പം നന്മകളുടെ പൂക്കാലവും പെയ്തിറങ്ങുമെന്ന് ഒരു പ്രമാണമുണ്ട്. കൊറോണയുടെ കാട്ടാളവാഴ്ചക്കാലത്തു തന്നെ നാം എന്നോമറന്നുപോയ കാര്‍ഷിക സംസ്കൃതിയുടെ വസന്തം പൂത്തുലയുന്ന ദൃശ്യങ്ങള്‍ നമ്മെ ആവേശത്തിലാഴ്ത്തുന്നു. ഗൃഹാതുരത്വത്തിന്റെ വീണ്ടെടുപ്പിന്റെ കാലമായി കൊറോണക്കാലം. ഞാറ്റുവേലകള്‍ നമ്മുടെ പുതിയ തലമുറയ്ക്ക് യക്ഷിക്കഥകളായി. വിഷുപ്പക്ഷിയുടെ ‘വിത്തും കൈക്കോട്ടും അച്ഛന് കൊമ്പത്ത് അമ്മവരമ്പത്ത്’ എന്ന പാട്ട് ചലച്ചിത്രഗാനങ്ങളിലേക്ക് ചുരുങ്ങിപ്പോയ റൊമാന്റിക് കാലം. ഇപ്പോഴും ഇന്‍സ്റ്റന്റ് വിഷുക്കണിയൊരുക്കുന്ന പുതുതലമുറയ്ക്ക് 27 ഞാറ്റുവേലകളും വിഷുവിന്റെ പത്താം നാളിലെ സൂര്യോദയമായ പത്താമുദയത്തിന് വിത്തിറക്കുന്ന സമ്പ്രദായവും അന്യം. നവഗ്രഹനായകനായ സൂര്യന് ഏറ്റവും പ്രഭാവവാനായ പത്താമുദയത്തിന് വിത്തിറക്കിയാല്‍ നൂറുമേനിവിളയും എന്ന നാട്ടുവിശ്വാസവും നാം മറന്നു. തിരുവാതിര ഞാറ്റുവേലയില്‍ വിരലൊടിച്ചു കുത്തിയാലും മുളയ്ക്കും, കുംഭത്തില്‍ ചേനനട്ടാല് ഫലം കുടത്തോളം എന്നീ ചൊല്ലുകളും നമ്മുടെ സര്‍വാദൃതമായ കാര്‍ഷിക സംസ്കൃതിയുടെ തിരുശേഷിപ്പുകള്‍.
പക്ഷേ കാര്‍ഷിക കേരളത്തിന്റെ പഴയ പ്രതാപം വീണ്ടെടുത്തില്ലെങ്കില്‍ മലയാളിക്ക് പട്ടിണി കിടന്നു ചത്തൊടുങ്ങാനാണ് വിധിയെന്ന് ബോധ്യം ഉറപ്പിച്ച ഈ കൊറോണക്കാലം. ഇതെല്ലാം പറയുമ്പോള്‍ കൊറോണക്കാലം പോലെ ഒരു മഹാമാരിക്കാലം 1942 കേരളത്തിലുണ്ടായിരുന്നതോര്ക്കുക. സിപിഐയുടെ പ്രമുഖ നേതാവായിരുന്ന അന്തരിച്ച എം ടി ചന്ദ്രസേനന്റെ പുത്രനും അബുദാബിയിലെ പ്രമുഖ എന്‍ജിനീയറും മാനേജ്മെന്റ് വിദഗ്ധനുമായ ജയ്പാല് ചന്ദ്രസേനന് അക്കാലത്തെക്കുറിച്ച് ഓര്‍മ്മകള്‍ ചികഞ്ഞെടുക്കുന്നു. എം ടി ചന്ദ്രസേനന്റെ അപ്രകാശിതമായ ഒരു പുസ്തകത്തിലെ ഒരധ്യായം നമ്മുടെ കാര്‍ഷിക സംസ്കൃതി തിരിച്ചുപിടിക്കാന്‍ നടത്തിയ മഹാദൗത്യത്തെക്കുറിച്ച് പറഞ്ഞുതരുന്നു. ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളില്‍ പ്ലേഗും കോളറയും മൂലം ജനങ്ങള്‍ ഈയാമ്പാറ്റകളെപ്പോലെ മരിച്ചുവീഴുന്നു. അന്നുമുണ്ടായിരുന്നു ജനത്തിന്റെ സ്വയം പ്രഖ്യാപിത ലോക്ഡൗണ്‍. പുറത്തു പോകാനും പ്രവർത്തകരെ കാണാനുമാവാതെ ഓരോ ദിവസത്തിന്റെയും ദൈര്‍ഘ്യം അനന്തമായി നീളുന്നതുപോലെ. അന്ന് മരിച്ചുവീണവര്‍ 23,000 ല്‍പരം.
ജീവിച്ചിരിക്കുന്നവര്‍ക്ക് ഭക്ഷണമില്ല. ഭക്ഷണം വാങ്ങാന്‍ ജനത്തിന്റെ കയ്യില്‍ കാലണയുമില്ല. രോഗികളെ ശുശ്രൂഷിക്കാനും രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കുമായി വി എസ് അച്യുതാനന്ദന്, എം ടി ചന്ദ്രസേനന്, എസ് കെ ദാസ്, എന്‍ എസ് പി പണിക്കര്‍, ആര് തങ്കപ്പന് തുടങ്ങിയ നേതാക്കള്‍ വോളണ്ടിയര്‍മാരായി രംഗത്തിറങ്ങി. കപ്പയും കാച്ചിലും ചേമ്പും ചേനയുമടക്കം ഹ്രസ്വകാലവിളകളും പച്ചക്കറികളും കൃഷി ചെയ്യാന്‍ ജനങ്ങളെ ഉത്സാഹികളാക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ആ മഹാമാരിക്കാലം കഴിഞ്ഞതോടെ ജനത്തിന് സുഭിക്ഷതയുടെ വിളവെടുപ്പു കാലമായി. കൊറോണക്കാലത്ത് കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന നിശബ്ദ വിപ്ലവം മലയാളിയുടെ ഗതകാല കാര്‍ഷിക സംസ്കാരത്തിന്റെ പുനരുജ്ജീവനമാണ് ചൊല്ലുന്നത്. തരിശു കിടക്കുന്ന കാല് ലക്ഷം ഹെക്ടറില്‍ പച്ചക്കറി കൃഷിയിറക്കുന്ന മഹാദൗത്യം തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. തരിശുരഹിതഗ്രാമങ്ങള് എന്ന മുദ്രാവാക്യം ജനം ഏറ്റെടുത്തിരിക്കുന്നു. ഇപ്പോഴത്തെ യത്നങ്ങള്‍ വീടുകളുടെ മുറ്റത്തും മട്ടുപ്പാവിലും വരെ എത്തി. ആഞ്ഞു പിടിച്ചാല്‍ ഈ കൊറോണക്കാലത്തില്‍ നിന്നു വിരിയുക കാര്‍ഷിക സമൃദ്ധിയുടെ പൂക്കാലമായിരിക്കും. വീണ്ടും വിഷുപ്പക്ഷി പാടും. ഞാറ്റുവേലക്കാലങ്ങള് പുനര്‍ജനിക്കും. വീണ്ടെടുപ്പിന്റെ സുഗന്ധകാലം. പണ്ടു മാത്രമല്ല ഇപ്പോഴും ചില പൊലീസ് സ്റ്റേഷനുകള്‍ കാട്ടിക്കൂട്ടുന്ന ചില കലാപരിപാടികളുണ്ട്. ഒരു പുഴയുടേയോ കായലിന്റെയോ നദിയുടേയോ ഇരുകരകളിലുമായി ചില പൊലീസ് സ്റ്റേഷനുകളുണ്ട്. ഒരജ്ഞാത ജഡം ഒഴുകിവന്ന് തങ്ങളുടെ അതിര്‍ത്തിയിലുള്ള തീരത്തടുത്താല്‍ ആ സ്റ്റേഷനിലെ പൊലീസുകാര്‍ വള്ളത്തില്‍ കയറി മൃതദേഹം മുളങ്കോല് കൊണ്ടു കുത്തി അക്കരെ തീരത്തെത്തിക്കും.
മരണം അന്വേഷിക്കുന്ന തൊന്തരവുകള്‍ ഒഴിവായിക്കിട്ടാന്‍! തങ്ങളുടെ തീരത്ത് അടിഞ്ഞ മൃതദേഹം കുത്തി മറുകരയെത്തിക്കാന്‍ അക്കര സ്റ്റേഷനിലെ പൊലീസുകാര്‍. ജഡത്തോടു കാട്ടുന്ന അനാദരവായി മൃതദേഹത്തിലെ ഈ കഴുക്കോല് കുത്തിക്കളി തുടരുമ്പോള്‍ ഹതഭാഗ്യനായ ആ മനുഷ്യന്റെ ജഡം മൂന്നാമതൊരു സ്റ്റേഷന് പരിധിയിലെ തീരമണയുന്നക്രൂരത. കൊറോണ മരണങ്ങളിലുമുണ്ട് ഈ കഴുക്കോല് കുത്തിക്കളി. മാഹി സ്വദേശി മെഹ്റൂഷ് എന്നൊരാള്‍ കഴിഞ്ഞ ദിവസം കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ കൊറോണ മൂലം മരണമടഞ്ഞു. പക്ഷേ മാഹി സ്വദേശിയായിട്ടും പരേതരുടെ പട്ടികയില്‍ അദ്ദേഹം പോണ്ടിച്ചേരിയുടെ പട്ടികയിലില്ല. പകരം കേരളത്തിന്റെ പട്ടികയിലേക്ക് കേന്ദ്രത്തിന്റെ കഴുക്കോല് പ്രയോഗം. അതുപോലെ തന്നെ പാലക്കാട്ടുകാരന് രാജശേഖരന് ചെട്ടിയാര്‍ കോയമ്പത്തൂരില്‍ കൊറോണ ബാധിച്ചു മരണപ്പെട്ടു. ആ മരണവും കേരളത്തിന്റെ പട്ടികയിലേക്ക് തമിഴ്നാട് സര്‍ക്കാര്‍ കഴുക്കോല് പ്രയോഗത്തിലൂടെ കുത്തിക്കയറ്റി. മരണമുഖത്തും വേണോ ഈ മുളങ്കോലിടലും മൃതദേഹത്തോടുള്ള അനാദരവും എന്ന ചോദ്യത്തിന്റെ ധര്‍മ്മശൈലി കൊറോണക്കാലം കൊണ്ട് ഇല്ലാതാകുമോ? കോവിഡ് കാലം നമുക്ക് രണ്ട് വിശ്വപ്രസിദ്ധ ഭിഷഗ്വരന്മാരെയും സംഭാവന ചെയ്തിരിക്കുന്നു. ഡോ. ബാബാ രാംദേവും ഡോ. ഡൊണാള്‍ഡ് ട്രംപും! ‘നഃവൈദ്യ പ്രഭുരായുഷ’ അഥവാ വൈദ്യന് ആയുസിന്റെ നാഥനല്ല എന്നാണ് പ്രമാണം. എന്നാല്‍ സ്വയം പ്രഖ്യാപിത യോഗാ ഗുരുവായ ബാബാ രാംദേവ് പറയുന്നത് ഒരു മിനിറ്റുനേരം ശ്വാസം പിടിച്ചിരിക്കാന്‍ കഴിയുന്നയാളെ കൊറോണ വൈറസ് ബാധിച്ചിട്ടില്ലെന്ന് ഉറപ്പാക്കാമെന്നാണ്. യോഗവിദ്യയിലെ ശ്വസനക്രിയയിലോ പ്രാണായാമത്തിലോ ഇതൊന്നും പറയുന്നില്ല.
‘പ്രാണായാമേന യുക്തേന, സര്വ്വരോഗക്ഷയോഭവേല്’ അഥവാ പ്രാണായാമരീതിയില്‍ ശ്വാസോഛ്വാസം നടത്തുന്നവനെ രോഗം ബാധിക്കില്ല എന്നാണ് പ്രമാണം. രോഗാണു അകത്തുകടന്നിട്ടും ശ്വാസം പിടിച്ചിരുന്നാല്‍ ആളുവെടിതീരുമെന്നറിയാത്ത ഒരു യോഗാഗുരു കച്ചവടക്കാരനേയും ചുമക്കാന്‍ വിധിക്കപ്പെട്ട ഭാരതഭൂമി! ഡോ. ട്രംപിന്റെ കഥ മറ്റൊരു കോമഡി. മേല്പ്പടിയാന് മാനസിക രോഗമാണെന്ന് ലോകാരോഗ്യ സംഘടനയിലെ വിദഗ്ധയടക്കം നിരവധി മനഃശാസ്ത്രജ്ഞര്‍ പഠനങ്ങളെത്തുടര്‍ന്ന് വെളിപ്പെടുത്തിയിരുന്നു. അതിനു പുറമെ ഇത്തരം ഒരു ഭ്രാന്തനെ വൈറ്റ് ഹൗസില്‍ പിടിച്ചിരുത്തരുതെന്ന് ലോകത്തെ 350 വിശ്രുത മനോരോഗവിദഗ്ധര്‍ ചേര്‍ന്ന് യു എസി പ്രതിനിധിസഭയ്ക്ക് ഒരു കത്തും നല്കി. കൊല്ലം ഒന്നു കഴിഞ്ഞു. യു എസ് പ്രസിഡന്റ് ട്രംപിനു ഭ്രാന്താണെന്ന വാര്‍ത്ത ലോകമൊട്ടാകെയുള്ള മാധ്യമങ്ങളിലെല്ലാം വന്നു. ട്രംപ് മോഡിയെ അനുസരിച്ചപോലെ നിന്നേടത്തു തന്നെ നില്ക്കുന്നു. ഇടിവെട്ടിയവന്റെ തലയില്‍ തേങ്ങാവീണതുപോലെ കൊറോണ കൂടിയായപ്പോള്‍ ഭ്രാന്ത് മൂര്‍ദ്ധന്യാവസ്ഥയിലും, കൊറോണ പിടിപെട്ട് അരലക്ഷത്തിലധികം പേര് മരണമടഞ്ഞ അമേരിക്കയില്‍ രോഗം ഭേദമാക്കാന്‍ ഡോ. ട്രംപ് മരുന്നുകള്‍ കണ്ടുപിടിച്ചിരിക്കുന്നു. ശരീരത്തിനുള്ളിലേക്ക് അള്‍ട്രാ വയലറ്റ് രശ്മികള്‍ പ്രവേശിപ്പിച്ചാല്‍ കൊറോണവൈറസുകള്‍ ചത്തടിയുമെന്നാണ് ട്രംപിന്റെ കണ്ടുപിടിത്തം. അതല്ലെങ്കില്‍ അണുനാശിനി കുത്തിവച്ചാലും വൈറസുകള്‍ ചാകുമെന്നും വൈറ്റ് ഹൗസിലെ ഈ മോഹനന് വൈദ്യന് ഉപദേശിക്കുന്നു. ചികിത്സ തുടങ്ങും മുമ്പ് തന്റെ തലയില്‍ നെല്ലിക്കാത്തളം വയ്ക്കണമെന്നു മാത്രം അദ്ദേഹം പറഞ്ഞില്ല, ഈ ഭ്രാന്തുകേട്ട് വിശ്വ പ്രസിദ്ധ ഭിഷഗ്വരന്മാരും മനോരോഗവിദഗ്ധരും പങ്കെടുത്ത വൈറ്റ് ഹൗസിലെ മാധ്യമ സമ്മേളനം വലിയൊരു ഫലിതോത്സവമായി! ട്രംപിന് യു എസിലെ വിവിധ സര്‍വകലാശാലകള്‍ ഓണററി ഡോക്ടറേറ്റുകള്‍ നല്‍കിയിട്ടുണ്ട്. അതിന്റെ പിന്‍ബലത്തിലാണ് ചികിത്സാ പദ്ധതിയെങ്കില്‍ ഈ ഡോക്ടറെ ഉടന്‍ ആമത്തില്‍ തളച്ചിടണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.