കൊറോണ വൈറസ് ബാധയെ തുടർന്ന് സർവീസുകളുടെയും യാത്രക്കാരുടെയും എണ്ണത്തിലുണ്ടായ കുറവ് രാജ്യത്തെ വ്യോമയാന മേഖലയെ പ്രതിസന്ധിയിലാക്കി. വിവിധ കാരണങ്ങളാൽ ഇപ്പോൾത്തന്നെ പ്രവർത്തന നഷ്ടം നേരിടുന്ന മേഖല പുതിയ സാഹചര്യം കൂടിയായതോടെ വൻ പ്രതിസന്ധിയിലാകുമെന്നാണ് ആശങ്ക.
കൊറോണയും അതു സംബന്ധിച്ച ഭീതിയും പടർന്നതോടെ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നു മാത്രം യാത്രക്കാരുടെ എണ്ണത്തിൽ 40 ശതമാനത്തോളമാണ് കുറവ് അനുഭവപ്പെട്ടത്. നെടുമ്പാശേരിയിൽ നിന്നു വിദേശത്തേക്ക് നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവരിൽ 55 ശതമാനത്തോളം പേർ യാത്ര റദ്ദാക്കിയതായി ട്രാവൽ ഏജൻസികൾ വ്യക്തമാക്കുന്നു. ഇതിനു പുറമെ, ഇന്ത്യയിൽ നിന്നു കൊറോണ ബാധിത രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ ഏറെക്കുറെ നിർത്തിവച്ചിരിക്കുകയുമാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇത് ജൂൺ വരെ നീണ്ടേക്കുമോ എന്ന ആശങ്കയുമുണ്ട്.
സർവീസുകൾ പുനഃസ്ഥാപിക്കാൻ വൈകിയാൽ, പ്രതീക്ഷിച്ച 4.8 ശതമാനം വാർഷിക വളർച്ചയുടെ സ്ഥാനത്ത് 13 ശതമാനം തളർച്ചയാകും വ്യോമയാന മേഖലയിൽ അനുഭവപ്പെടുകയെന്നാണ് അനുമാനം. കൊറോണ പടർന്നതുമൂലം ജനുവരി- ഫെബ്രുവരി മാസങ്ങളിൽ ലോകത്തെ വിമാനക്കമ്പനികൾക്ക് ഉണ്ടായ നഷ്ടം 35,000 കോടിയിലേറെ രൂപയുടേതാണെന്നന്നാണ് രാജ്യാന്തര വ്യോമഗതാഗത സംഘടന (അയാട്ട )യുടെ വിലയിരുത്തൽ.
രാജ്യത്തെ ആഭ്യന്തര വിമാന സർവീസുകളെയും കൊറോണ ഭീതി ബാധിച്ചിട്ടുണ്ട്. 2003‑ലെ സാർസ് ബാധയ്ക്കു ശേഷം മേഖലയിൽ രാജ്യാന്തര സർവീസുകൾ ഇരട്ടിയാവുകയും ആഭ്യന്തര സർവീസുകൾ ഏതാണ്ട് അഞ്ചിരട്ടി വരെ വർദ്ധിക്കുകയും ചെയ്തിരുന്നു. അതിനാണ് ഇപ്പോൾ ഇടിവ് സംഭവിച്ചിരിക്കുന്നത്.
വിവിധ കാരണങ്ങളാൽ 2020‑ൽ രാജ്യത്തെ വിമാനക്കമ്പനികൾക്ക് 7,800 കോടി രൂപയുടെയെങ്കിലും പ്രവർത്തന നഷ്ടമുണ്ടാകുമെന്നായിരുന്നു, കൊറോണ സാഹചര്യം ഉണ്ടാകുന്നതിനു മുമ്പേ തന്നെയുള്ള കണക്കുകൂട്ടൽ. കഴിഞ്ഞവർഷം ഈ നഷ്ടം 10,000 കോടി രൂപയുടേതായിരുന്നു. ഇന്ധന വിലയിലുണ്ടായ നേരിയ ആശ്വാസമാണ് 2020‑ൽ നഷ്ടം കുറയുമെന്നു പ്രതീക്ഷിക്കാൻ കാരണമായി ചൂണ്ടിക്കാണിച്ചിരുന്നത്. എന്നിരുന്നാലും, സുഗമമായ പ്രവർത്തനത്തിന് കുറഞ്ഞത് 20,000 കോടി രൂപയെങ്കിലും അടുത്ത മൂന്നു വർഷത്തിനുള്ളിൽ വിമാനക്കമ്പനികൾ കണ്ടെത്തേണ്ടി വരുമെന്നും യാത്രക്കാരുടെ എണ്ണത്തിൽ അഞ്ചു ശതമാനത്തിൽ താഴെ വാർഷിക വളർച്ചയേ ഇപ്പോൾ പ്രതീക്ഷിക്കുന്നുള്ളൂ എന്നും മറ്റുമായിരുന്നു കണക്കുകൾ. കൊറോണ ബാധയുടെ പ്രത്യാഘാതത്തിൽ ഈ കണക്കുകളൊക്കെ തകിടം മറിയുമെന്നാണ് ആശങ്ക.
വ്യോമയാന മേഖലയിൽ സ്വതവേയുള്ള മാന്ദ്യത്തിൽ നിന്നു കരകയറാൻ ചരക്കുനീക്കം കൂടുതൽ മെച്ചപ്പെടുത്താൻ എയർ ഇന്ത്യ എക്സ്പ്രസ് നീക്കം തുടങ്ങിയിരുന്നു. കഴിഞ്ഞ വർഷം ചരക്കുനീക്കത്തിലൂടെ നേടിയ 78 കോടി രൂപയുടെ വരുമാനം, ഈ സാമ്പത്തിക വർഷം 100 കോടി രൂപയായി വർദ്ധിപ്പിക്കാനായിരുന്നു തീരുമാനം. നെടുമ്പാശേരിയിൽ നിന്ന് വലിയ വിമാനങ്ങളുപയോഗിച്ച് ചരക്കുനീക്കം നടത്തുന്ന പ്രമുഖ വിമാനക്കമ്പനികളെ പിന്നിലാക്കി ആ കാര്യത്തിൽ എയർ ഇന്ത്യ എക്സ്പ്രസ്, ഖത്തർ എയർവേയ്സിനും എമിറേറ്റ്സിനും പിന്നിലായി മൂന്നാമതെത്തുകയും ചെയ്തിരുന്നു. കൊറോണയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി പല വിദേശ രാജ്യങ്ങളും വിലക്കിയ സാഹചര്യത്തിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ പ്രതീക്ഷകൾക്കു മങ്ങലേറ്റിട്ടുണ്ട്.
English Summary; corona virus; Biggest crisis in aviation
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.