കോവിഡ് 19 വ്യാപനം: അതിർത്തി മേഖലകളിലെ നടപാതകളുടെ ഉപയോഗം തടയുവാൻ നടപടികളുമായി ജില്ലാ പൊലീസ് മേധാവി

Web Desk

നെടുങ്കണ്ടം

Posted on March 30, 2020, 10:03 pm

കോവിഡ് 19 ഭാഗമായി സംസ്ഥാന അതിർത്തി മേഖലയിലെ നടപാതകളിലൂടെയുള്ള ജനസഞ്ചാരം തടയുവാനുള്ള നടപടികളുമായി ജില്ലാ പോലീസ് മേധാവി. ലോക്ക് ഡൗണിന്റെ ഭാഗമായി നടപാതയിലൂടെ അതിർത്തി കടന്ന് വരുന്ന ആളുകളെ തടയാൻ എടുക്കേണ്ട മുൻകരുതലുകളെ കുറിച്ച് നേരിട്ട് മനസ്സിലാക്കുന്നതിന് ഭാഗമായാണ് ജില്ലാ പൊലീസ് മേധാവി പി. കെ മധുവിന്റെ അതിർത്തി മേഖല സന്ദർശനം.

ചതുരംഗപ്പാറ, രാമക്കൽമേട്, തേവാരംമെട്ട് തുടങ്ങിയ പ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. കേരള-തമിഴ്‌നാട് അതിർത്തി മേഖലകളിൽ പരമ്പാരഗതമായ നിരവധി നാട്ടുപാതകൾ ഉണ്ട്. ഇത്തരം പാതകളിലൂടെയാണ് തമിഴ്‌നാട്ടിൽ നിന്നും മറ്റും സാധനങ്ങൾ തലചുമടായി കേരളത്തിലേയ്ക്ക് കൊണ്ടുവന്നിരുന്നത്. വാഹന സൗകര്യം എത്തിയതോടെ ഇത്തരം പാതകളുടെ ഉപയോഗം തീർത്തും കുറഞ്ഞിരുന്നു.

ലോക്ക് ഡൗൺ കാലയളവിൽ ഈ പാതകൾ ആളുകൾ ഉപയോഗിക്കുന്നുണ്ടോയെന്നും അത്തരം നാട്ടുപാതകൾ നേരിൽ കണുന്നതിന് വേണ്ടിയുമാണ് ജില്ലാ പൊലീസ് മേധാവി സ്ഥലം സന്ദർശിച്ചത്. അതിർത്തി പ്രദേശങ്ങളിലെ പല നാട്ടുപാതകളിലൂടെയും അര മണിക്കൂർ സഞ്ചരിച്ചാൽ അടുത്ത സംസ്ഥാനത്ത് എത്തുവാൻ കഴിയുമെന്ന് മനസ്സിലാക്കുവാൻ കഴിഞ്ഞതായി ജില്ലാ പൊലീസ് മേധാവി പി. കെ മധു പറഞ്ഞു.

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഇത്തരം പാതകളുടെ ഉപയോഗം തടയുവാനും കോറോണ ബാധയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഇത്തരം പാതകളിലുടെയുള്ള ജനസഞ്ചാരം അവസാനിപ്പിക്കുവാൻ അതിർത്തി പ്രദേശത്ത് കൂടുതൽ പൊലീസിനെ നിയമിക്കുന്നത് സംബന്ധിച്ചും തീരുമാനം എടുക്കുന്നതിന്റെ ഭാഗമായാണ് നേരിട്ടെത്തിയെതന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു.