കോവിഡ് 19 വൈറസ് 159 രാജ്യങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഒരു രീതിയിലും ജാഗ്രത കൈവിടാൻ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ പുതുതായി രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നത് ഏറെ ആശ്വാസകരമാണ്. രോഗം പടർന്നാൽ ഗുരുതരമായ പ്രത്യാഘാതമാകും സംസ്ഥാനത്തുണ്ടാവുക.
വയോജനങ്ങളുടെ എണ്ണം കൂടുതലുള്ള സംസ്ഥാനമെന്ന നിലയ്ക്ക് രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടുതലാകും. അതുകൊണ്ടുതന്നെ വൈറസ് വ്യാപനം പടരാതിരിക്കുകയെന്നത് കരുതലോടെ ശ്രമിക്കേണ്ട കാര്യമാണ്. നിലവിൽ സ്ഥിതി കൈവിട്ട് പോയിട്ടില്ലെങ്കിലും ഏതു സമയത്തും കാര്യങ്ങൾ പ്രതികൂലമായേക്കാം. വിദേശ രാജ്യങ്ങളുടെ അനുഭവം അതാണ് ഓർമ്മിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാനത്ത് 25,603 പേർ നിരീക്ഷണത്തിലുണ്ട്. 237 പേർ ആശുപത്രികളിലും ശേഷിക്കുന്നവർ വീടുകളിലുമാണ്. ഇന്നലെ 57 പേരെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 7,261 പേരെ പുതുതായി നിരീക്ഷണത്തിലാക്കി. 4,162 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 2,550 സാമ്പിൾ പരിശോധനയ്ക്ക് അയച്ചതിൽ 2,140 എണ്ണത്തിന്റെ പരിശോധനാഫലവും നെഗറ്റീവാണ്. വൈറസ് വ്യാപന പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്ത് പകരുന്നതാണ് കഴിഞ്ഞ ദിവസം സുപ്രിംകോടതിയും ഹൈക്കോടതിയും സംതൃപ്തി രേഖപ്പെടുത്തിയത്. ഇത് സർക്കാരിന്റെ പ്രവർത്തനങ്ങൾ കൂടുതൽ നല്ല നിലയിൽ നടത്തുന്നതിന് ഇടായാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ, ആരോഗ്യമന്ത്രി കെ കെ ശൈലജ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.