കൊറോണ: സംസ്ഥാനത്ത് ഇന്ന് പുതിയ കേസുകളില്ല; പ്രതിരോധത്തിന് വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി

Web Desk

തിരുവനന്തപുരം

Posted on March 17, 2020, 7:19 pm

സംസ്ഥാനത്ത് ഇന്ന് പുതുതായി ആർക്കും കൊറോണ രോഗബാധ സ്ഥിരീകരിച്ചില്ല. നിലവിൽ 24 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. പൊതുവിൽ ആശ്വാസ സൂചനകളാണ് ലഭിക്കുന്നതെങ്കിലും ഗൗരവസ്ഥിതിയും അതീവ ജാഗ്രതയും തുടരേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 18,011 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 17,743 പേർ വീടുകളിലും 268 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് 65 പേരെ ആശുപത്രിയിലും 5372 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി. 4353 പേരെ നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. രോഗലക്ഷണങ്ങളുള്ള 2467 വ്യക്തികളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചതിൽ 1807 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇന്ന് രാവിലെ ഡോക്ടർമാരുടെയും ശാസ്ത്രജ്ഞന്മാരുടെയും യോഗത്തിൽ സർക്കാരിന്റെ പ്രവർത്തനങ്ങൾ വിശദീകരിക്കുകയും വൈറസ് ബാധ തടയുന്നതിന് പ്രതിരോധ ഉപദേശങ്ങൾ നൽകാൻ വിദഗ്ധ സമിതിക്ക് രൂപം നൽകുവാൻ തീരുമാനിക്കുകയും ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു. സെക്രട്ടറി തല സമിതി രൂപീകരിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് വിവരങ്ങൾ കൈമാറാനും ബോധവല്ക്കരണം നൽകാനും ഇന്ററാക്ടീവ് വെ­ബ് പോർട്ടൽ ആരംഭിക്കും.

പ്രതിരോധ സന്ദേശങ്ങൾ വീടുകളിലെത്തിക്കാൻ ആരോഗ്യ സർവകലാശാലയുടെ നേതൃത്വത്തിൽ മെഡിക്കൽ വിദ്യാർത്ഥികളുടെ സേവനം ലഭ്യമാക്കും. പൊതുജനങ്ങൾക്ക് ഡോക്ടർമാരുടെ ഉപദേശം നേരിട്ട് ലഭ്യമാക്കാൻ ഐഎംഎ മുൻകൈ എടുത്ത് ഡിജിറ്റൽ കൺസൾട്ടേഷൻ രൂപീകരിക്കും. രോഗപ്രതിരോധ പ്രവർത്തനങ്ങളോടൊപ്പം സമൂഹത്തിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിന് സർക്കാർ നടത്തുന്ന പരിശ്രമങ്ങൾക്ക് ഡോക്ടർമാരുടെ പിന്തുണയുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിൽ മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, കെ കെ ശൈലജ, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവർ പങ്കെടുത്തു.