പി പ്രസാദ്

കൊറോണക്കാലത്ത് ലോകം ക്യൂബയെ തേടുന്നു, ഭാഗം: 2

March 31, 2020, 5:15 am

അവരെത്തിയത് വിപ്ലവകരമായ കടമ പൂർത്തിയാക്കാൻ

Janayugom Online

 കൊറോണ വൈറസ് താണ്ഡവനൃത്തം ചവിട്ടുന്ന ഇറ്റലിയിലേക്കും ക്യൂബൻ മെഡിക്കൽ ബ്രിഗേഡ് എത്തി. ഈ ദിവസങ്ങളിൽ ക്യൂബ തങ്ങളുടെ വെള്ളക്കുപ്പായക്കാരുടെ സേനയെ അയക്കുന്ന ആറാമത്തെ രാജ്യമാണ് ഇറ്റലി. വെനിസ്വേല, നിക്കരാഗ്വ, ജമൈക്ക, സുറിനാം, ഗ്രെനഡ എന്നിവിടങ്ങളിലേക്കും ക്യൂബ സംഘത്തെ അയച്ചിരുന്നു. ഖത്തർ, അൾജീരിയ, ചൈന, ദക്ഷിണാഫ്രിക്ക, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിലും കൊറോണയെ തുരത്താൻ ക്യൂബൻ സംഘം വിശ്രമമില്ലാത്ത പ്രവർത്തനത്തിലാണ്. ആരോഗ്യസംരക്ഷണത്തിനായുള്ള ക്യൂബയുടെ ഐക്യദാർഢ്യ പ്രവർത്തനത്തിന് ഫിഡൽ കാസ്ട്രോ തുടക്കം കുറിച്ചത് അൾജീരിയയിലാണ്. അവിടെ 47 കേന്ദ്രങ്ങളിലായി 891 ബ്രിഗേഡ് അംഗങ്ങളാണ് ഇപ്പോൾ സേവനമനുഷ്ടിക്കുന്നത്. ഇറ്റലിയിലെത്തിയ 37 ഡോക്ടർമാരും 15 നഴ്സുമാരുമടങ്ങുന്ന സംഘത്തെ വിന്യസിച്ചത് ഏറ്റവും കൂടുതൽ മരണം സംഭവിച്ച ലംബാഡി മേഖലയിലെ ക്രീമയിലാണ്. ക്യൂബൻ സംഘം ഇറ്റലിയിലെത്തിയതിനെ ഇറ്റാലിയൻ ദിനപത്രമായ ‘ലാ റിപ്പബ്ലിക്കാ’ വിശേഷിപ്പിച്ചത് ‘ഏറ്റവും അനുയോജ്യമായത് ‘എന്നായിരുന്നു.

ക്യൂബയിലെ ഓക്വിൻ അബറാൻ ആശുപത്രി ഡയറക്ടറും ഇറ്റലിയിലെത്തിയ സംഘത്തിലെ പ്രമുഖനുമായ ഡോ. കാർലോസ് പെരസ് ഡയസ്, മിലാനിലെ വിമാനത്താവളത്തിൽ വെച്ച് തങ്ങളുടെ സംഘത്തെപ്പറ്റി വിശദീകരിച്ചു. “ആഫ്രിക്കൻ രാജ്യങ്ങളിൽ എബോളക്കെതിരായ പ്രവർത്തനങ്ങളിലേർപ്പെട്ടവരാണ് ഞങ്ങൾ. ഭൂകമ്പങ്ങൾ വെള്ളപ്പൊക്കങ്ങൾ എന്നിങ്ങനെയുള്ള ദുരന്തങ്ങൾ അരങ്ങേറിയ മേഖലകളിലും ഞങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്. ഞങ്ങളുടെ രാജ്യത്തോടും ഞങ്ങളുടെ തൊഴിലിനോടും ഈ ലോകത്തോടും ഞങ്ങൾ പുലർത്തുന്ന മാനുഷിക പ്രതിബദ്ധതയുടെയും ഐക്യദാർഢ്യത്തിന്റെയും പേരിലാണ് ഞങ്ങൾ ഇവിടെ എത്തിയത് ” എന്നായിരുന്നു ഡോ. കാർലോസ് വിശദീകരിച്ചത്. “ഞങ്ങൾക്കെല്ലാം ഭയമുണ്ട്. എന്നാൽ ഞങ്ങൾക്ക് ഒരു വിപ്ലവകരമായ കടമ പൂർത്തിയാക്കാനുമുണ്ട്. അതുകൊണ്ട് ഞങ്ങൾ ഭയത്തെ പുറത്തെടുത്ത് ഒരു വശത്തേക്ക് മാറ്റി വെച്ചിരിക്കുകയാണ്. തനിക്ക് ഭയമില്ലെന്ന് ഒരാൾ പറഞ്ഞാൽ അയാൾ ഒരു സൂപ്പർ ഹീറോയാണ്. ഞങ്ങളാരും സൂപ്പർ ഹീറോകളോ അമാനുഷികരോ അല്ല. ഞങ്ങൾ വിപ്ലവകാരികളായ ഡോക്ടർമാരാണ്”. ഇറ്റലിയിലേക്ക് പുറപ്പെടുന്നതിനു തൊട്ടു മുൻപ് വാർത്താ ഏജൻസിയായ റോയിട്ടറിനോട് സംഘത്തിലുള്ള ഡോ. ലിയോനാർഡോ ഫെർണാണ്ടസ് പറഞ്ഞ വാക്കുകളാണിത്. കമ്മ്യൂണിസ്റ്റ് ക്യൂബ അയച്ച വെള്ളക്കുപ്പായക്കാരുടെ സൈന്യത്തിന് വലിയ ആദരവാണ് ഇറ്റലിയിൽ ലഭിച്ചിരിക്കുന്നത്. ക്യൂബൻ സംഘത്തിന്റെ ഫോട്ടോ ഇറ്റാലിയൻ സിവിൽ പ്രൊട്ടക്ഷൻ ഏജൻസി അവരുടെ ഫേസ് ബുക്ക് പേജിൽ പോസ്റ്റു ചെയ്തതിന് ചുരുങ്ങിയ സമയത്തിനുള്ളിൽ ലഭിച്ചത് 21000-ലധികം ഷെയറുകളാണ്. ഫോട്ടോയുടെ അടിയിൽ രോഷത്തോടെ അനേകർ കുറിച്ചിട്ടത് ഇറ്റലിയുടെ പരമ്പരാഗത സുഹൃത്തായ അമേരിക്കയുടെ നിശബ്ദതയെയും അസാന്നിദ്ധ്യത്തെയും കുറിച്ചായിരുന്നു.

ഇറ്റലിയിലേക്ക് മെഡിക്കൽ സാധനങ്ങൾ അയക്കുന്നുവെന്ന് പിന്നീട് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിക്ക് പറയേണ്ടിയും വന്നു. ബ്രിട്ടീഷ് വിനോദസഞ്ചാര നൗകയായ ‘എം എസ് ബ്രീമറിന്റെ ’ കഥയും ഇതോടൊപ്പം ചേർത്തു വായിക്കേണ്ടതാണ്. അറുനൂറിലധികം യാത്രക്കാരുമായെത്തിയ ഈ ഉല്ലാസക്കപ്പലിനെ കൊറോണ ഭീതിമൂലം ഒരുതീരത്തും അടുക്കുവാൻ ആരും സമ്മതിച്ചില്ല. പത്തു ദിവസം കരീബിയൻ പ്രദേശത്ത് ചിലവഴിക്കാനെത്തിയ കപ്പലിന് കരയ്ക്കടുക്കാനാവാതെ കിടക്കേണ്ടിവന്നു. അഞ്ചിലധികം പേർക്ക് കൊറോണ വൈറസ് ബാധയുണ്ടെന്നറിഞ്ഞതിനെതുടർന്നാണ് വിവിധ കരീബിയൻ തുറമുഖങ്ങൾ കപ്പലിനെ സ്വീകരിക്കാൻ വിസമ്മതിച്ചത്. 682 യാത്രക്കാരിൽ മഹാഭൂരിപക്ഷവും മുതിർന്ന പൗരൻമാരായിരുന്നു. ഇതിൽ 662 പേർ ബ്രിട്ടീഷുകാരും. എല്ലാ തുറമുഖങ്ങളോടും രാജ്യങ്ങളോടും ബ്രിട്ടൻ അപേക്ഷിച്ചെങ്കിലും ആരും ചെവി കൊടുക്കാൻ തയ്യാറായില്ല. ബ്രിട്ടീഷ് കോമൺവെൽത്തിന്റെ ഭാഗമായ ബാർബഡോസ്, ബഹാമസ് എന്നിവിടങ്ങളിലും കപ്പലിന് വിലക്കേർപ്പെടുത്തിയെന്നത് വിരോധാഭാസമായി. ഏഴു ദിവസം പുറത്തിറങ്ങാനാവാതെ കപ്പലിൽ തന്നെ അവർക്ക് കഴിച്ചുകൂട്ടേണ്ടി വന്നു. മാനുഷികപരിഗണന വെച്ചും ലണ്ടന്റെ അഭ്യർത്ഥന മാനിച്ചും ക്യൂബൻ ഗവൺമെന്റ് ആ കപ്പലിനെ തങ്ങളുടെ തുറമുഖത്ത് അടുക്കാൻ സമ്മതിക്കുകയും എല്ലാവരേയും സ്വീകരിക്കുകയും ചെയ്തു.

ബ്രിട്ടീഷ് ഗവൺമെന്റ് ഏർപ്പാടാക്കിയ നാല് വിമാനങ്ങളിലായി അവരെയെല്ലാം നാട്ടിലേക്കയക്കുന്നതിന്റെ ഏകോപനവും കൃത്യമായി നിർവ്വഹിച്ചു. ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ഡൊമിനിക്ക് റാബ് മാർച്ച് 17 ന് പാർലമെന്റിൽ കമ്മ്യൂണിസ്റ്റ് ക്യൂബക്ക് നന്ദി രേഖപ്പെടുത്തുകയുണ്ടായി. ” ബ്രിട്ടീഷ് കോമൺവെൽത്ത് രാജ്യങ്ങൾ ഉൾപ്പെടെ ആരും ഞങ്ങളെ സഹായിക്കാതിരുന്നപ്പോൾ ക്യൂബ ഞങ്ങൾക്കായി ചെയ്തതെല്ലാം ഞങ്ങൾ എക്കാലവും ഓർത്തിരിക്കും” എന്നായിരുന്നു കപ്പലിലെ യാത്രക്കാരനായിരുന്ന സ്റ്റീവ് ഡേൽ ട്വീറ്റ് ചെയ്തത്. ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖപത്രമായ ’ ഗ്രാൻമ ’ 2020 മാർച്ച് 18 ന് ’ പ്രതികൂല സാഹചര്യങ്ങളിൽ ഒരു സുരക്ഷിത തുറമുഖം’ എന്ന തലക്കെട്ടിൽ ഒരു റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയുണ്ടായി. ബ്രിട്ടീഷ് കപ്പലിന്റെ കാര്യമായിരുന്നു റിപ്പോർട്ടിന്റെ ഉള്ളടക്കം. “പരോപകാരവും മാനുഷികവുമായ മാനങ്ങൾ നിറഞ്ഞ ഈ സംഭവം ഒരു സിനിമാ രംഗത്തിനു തുല്യമായിരുന്നു. ” എന്നു തുടങ്ങുന്ന ഗ്രാൻമ റിപ്പോർട്ടിൽ നടന്നതെല്ലാം വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. ” ബ്രിട്ടീഷ് ഗവൺമെന്റ് നയതന്ത്ര ശ്രമങ്ങൾ നടത്തിയിട്ടും മേഖലയിലെ നിരവധി തുറമുഖങ്ങൾ കപ്പലിന് പ്രവേശനം നിഷേധിച്ചു. എന്നാൽ കോവിഡ് രോഗികൾ ഉൾപ്പെടെയുള്ളവരുടെ ജീവൻ അപകടത്തിലായിരുന്നു, ബാക്കിയുള്ളവർ രോഗത്തെ അഭിമുഖീകരിക്കുന്ന അവസ്ഥയിലും. അതും സമുദ്രത്തിന്റെ നടുവിൽ. ക്യൂബ അവരോട് ‘യെസ് ‘എന്ന് പറഞ്ഞു. എളിമയോടെ, മാധ്യമങ്ങളിലെ തലക്കെട്ടുകൾ ആഗ്രഹിക്കാതെ പ്രതിഫലമായി യാതൊന്നും നേടാനല്ലാതെ പ്രതികൂല സാഹചര്യങ്ങളിൽ ഒരു സുരക്ഷിത തുറമുഖം വാഗ്ദാനം ചെയ്തു. അത്തരമൊരു തീരുമാനം ഒരുപക്ഷേ, ഒരു ദുരന്തസമയത്തുണ്ടാകുന്ന കൈത്താങ്ങിന്റെ വില അറിയാത്ത ചിലരുടെ ഭാഗത്ത് നിന്ന് നോക്കുമ്പോൾ മനസിലാകണമെന്നില്ല. കൊറോണ വൈറസിന്റെ കാലഘട്ടത്തിൽ ‘സഹായിക്കുക, സഹകരിക്കുക, ഒരുമിച്ച് പ്രവർത്തിക്കുക’ എന്ന വാക്കുകൾ ഭൂമിയിലുടനീളം ഒരു മാനദണ്ഡമായിരിക്കണം. പൊതുവായ വെല്ലുവിളികളെയും ദുരന്തങ്ങളെയും മറികടക്കാൻ നമുക്ക് ഒരുമിച്ച് മാത്രമേ കഴിയൂ എന്ന് മനുഷ്യ നാഗരികത ഒരിക്കൽ കൂടി മനസ്സിലാക്കണം. ” ഗ്രാൻമ ഓർമ്മിപ്പിക്കുന്നു. ഇതേ സമയത്തുതന്നെയാണ് ഇക്വഡോർ നഗരമായ ‘ഗ്വായാക്വിലിലെ ’ ക്രിസ്ത്യൻ സോഷ്യൽ പാർട്ടി മേയർ രാജ്യത്തെ രണ്ടാമത്തെ വലിയ വിമാനത്താവളത്തിന്റെ റൺവേയിലേക്ക് മുനിസിപ്പൽ വാഹനങ്ങൾ നിരത്തിയിടാൻ ആഹ്വാനം ചെയ്തത്. കൊറോണ ബാധിതരുമായെത്തുന്ന വിമാനങ്ങൾ ലാന്റ് ചെയ്യുന്നത് ഈ കൃത്യത്തിലൂടെ അവർ തടസ്സപ്പെടുത്തി. ഇതേ സമയത്തുതന്നെയാണ് വാൾസ്ട്രീറ്റിലെ ബാങ്കർമാർ ആരോഗ്യസ്ഥാപനങ്ങളോട് നിരക്ക് വർധിപ്പിക്കാനാവശ്യപ്പെട്ടിരിക്കുന്നത്. കൊറോണയുടെ പശ്ചാത്തലത്തിൽ പരമാവധി ലാഭമുണ്ടാക്കാനുള്ള വഴികളാണ് അവർ തെരഞ്ഞെടുത്തത്.

സാമ്രാജ്യത്വ ആഗോള വൽക്കരണത്തിന്റെ വർത്തമാനകാലത്ത് എല്ലാം പണത്തിന്റെ തോതു വെച്ച് അളക്കപ്പെടുകയാണ്. അമേരിക്കയിലേയും യൂറോപ്യൻ രാഷ്ട്രങ്ങളിലെയും മരുന്നുവ്യാപാരത്തിന്റെ കമ്പിനികൾ കൊടിയ ചൂഷണത്തിന്റെ വലകൾ വിരിച്ച് ജനതയുടെ ആരോഗ്യത്തെ പന്താടുകയും ചെയ്യുന്നു. ഇവിടെയാണ് പങ്കുവെക്കലിന്റേയും ഐക്യപ്പെടലിന്റെയും വഴികൾ കമ്യൂണിസ്റ്റ് ക്യൂബ ചൂണ്ടിക്കാട്ടുന്നത്. ഐക്യദാർഢ്യം എന്നത് തങ്ങളുടെ ജീനുകളിലുള്ളതാണെന്നാണ് ക്യൂബൻ ജനത പറയുന്നത്. വിശ്വാസ പ്രമാണങ്ങളിൽ നിന്ന് വ്യതിചലിക്കാൻ ഒരിക്കലും കഴിയില്ലെന്നും അവർ ഉറച്ചു വിശ്വസിക്കുന്നു. ഈ സവിശേഷതകൾ ചരിത്രത്തിൽ അവിസ്മരണീയമായ അദ്ധ്യായങ്ങളായി രേഖപ്പെടുത്തിയിട്ടുള്ളതാണ്. മുതലാളിത്തത്തിന്റെ നീരാളിപ്പിടുത്തത്തിൽ നിന്ന് രക്ഷനേടാൻ സോഷ്യലിസത്തിന്റെ വഴികളിലേക്ക് താമസംവിനാ ഇറങ്ങേണ്ടതുണ്ടെന്നും ഇതെല്ലാം നമ്മെ ഓർമ്മപ്പെടുത്തുന്നുമുണ്ട്. ‘ഗ്രാൻമ’ പറയുന്നതുപോലെ ഇതൊന്നും ഒരു സിനിമയല്ല. ക്യൂബൻ ജനതയുടെ ഐക്യദാർഢ്യത്തിന്റെ പ്രകടനമാണ്. ആരോഗ്യമെന്നത് ഒരു മനുഷ്യാവകാശമാണെന്നാണ് ക്യൂബയുടെ അഭിപ്രായം. ബുദ്ധിമുട്ടുള്ള സമയങ്ങളിൽ ഏറ്റവും ആവശ്യമുള്ളവരുമായി നമുക്കുള്ളത് പങ്കിടണമെന്നും കഴിയാവുന്നത്ര സഹായിക്കണമെന്നും ക്യൂബ ഉറക്കെപ്പറയുന്നു. ഈ കാരണങ്ങളാലാണ് കോവിഡ് — 19 ന്റെ ഈ കാലത്ത് ലോകത്തിന്റെ കണ്ണുകൾ ക്യൂബയെ പ്രതീക്ഷിക്കുന്നത്. കഷ്ടപ്പാടുകളും കടുത്ത ഉപരോധവും അവർക്കുമേൽ ദുരിതം വിതക്കുമ്പോഴും ലോകത്തിന്റെ പ്രതീക്ഷകളെ അവർ തല്ലിക്കൊഴിക്കുന്നില്ല. സഹായഹസ്തവുമായി ഇറങ്ങുന്നതിൽ നിന്ന് ഒന്നും അവരെ പിന്തിരിപ്പിക്കുന്നുമില്ല. 2003 ൽ ബ്യൂണസ് അയേഴ്സിൽ നടത്തിയ പ്രസംഗത്തിൽ കാസ്ട്രോ പറഞ്ഞു. “തെറ്റുകൾക്കും ആധിപത്യശക്തികൾക്കുമിടയിൽ നിന്ന് ഈ ലോകം രക്ഷനേടുമെന്നാണ് ഒരു ശുഭാപ്തിവിശ്വാസിയായ ഞാൻ കരുതുന്നത്. കാരണം ആശയങ്ങൾ ശക്തിയെക്കാൾ പ്രബലമാണ്. ഞങ്ങളുടെ രാജ്യം മറ്റ് ജനങ്ങൾക്ക് നേരെ ബോംബ് ഇടുകയോ നഗരങ്ങളിൽ ബോംബ് വർഷിക്കാൻ ആയിരക്കണക്കിന് വിമാനങ്ങളെ അയയ്ക്കുകയോ ചെയ്യുന്നില്ല.

ഞങ്ങളുടെ രാജ്യത്ത് ആണവായുധങ്ങളോ രാസായുധങ്ങളോ ജൈവ ആയുധങ്ങളോ ഇല്ല. ഞങ്ങളുടെ പതിനായിരക്കണക്കിന് ശാസ്ത്രജ്ഞർക്കും ഡോക്ടർമാർക്കും ജീവൻ രക്ഷിക്കാനുള്ള ആശയം നൽകിയിട്ടുണ്ട്. പതിനായിരക്കണക്കിന് ക്യൂബൻ ഡോക്ടർമാർ ഏറ്റവും വിദൂരവും ആതിഥ്യമരുളാത്തതുമായ സ്ഥലങ്ങളിൽ അന്താരാഷ്ട്ര സേവനങ്ങൾ നൽകിയിട്ടുണ്ട്. ലോകത്തിന്റെ ഏതെങ്കിലും ഇരുണ്ട കോണിനെതിരെ പ്രതിരോധമോ ആശ്ചര്യകരമായ ആക്രമണങ്ങളോ നടത്താൻ ഞങ്ങൾക്ക് കഴിയില്ലെന്നും ഒരിക്കലും അങ്ങിനെ ചെയ്യില്ലെന്നും ഞാൻ ഒരിക്കൽ പറഞ്ഞു. പകരം ഞങ്ങളുടെ രാജ്യത്തിന് ലോകത്തിന്റെ ഇരുണ്ട കോണുകളിലേക്ക് ആവശ്യമായ ഡോക്ടർമാരെ അയയ്ക്കാൻ കഴിയും. ബോംബുകളല്ല. . ഡോക്ടർമാരെ. സ്മാർട്ട് ആയുധങ്ങളല്ല.… ഡോക്ടർമാരെ. ” അതേ ബോംബുകളിലും സ്മാർട്ട് ആയുധങ്ങളിലും അഭിരമിക്കുന്നവർക്ക് എത്താൻ കഴിയാത്ത, അവരുടെ കണ്ണുകൾ കടന്നുചെല്ലാത്ത ഇരുണ്ടയിടങ്ങളിലേക്ക്, കണ്ണീരൊഴുക്കിയിരിക്കുന്ന മനുഷ്യരുടെയടുത്തേക്ക് ഈ കൊറോണക്കാലത്ത് ക്യൂബ ചെല്ലുമ്പോൾ ഉള്ളിലും ചുണ്ടിലും നിറയുന്നത് ‘ക്യൂബ നീ ഇതുപോലെ എല്ലാക്കാലവും നിലനിൽക്കണം’ എന്നാണ്. വിവാ.… . ക്യൂബ.… .

അവസാനിക്കുന്നു